കോഴിക്കോട്ട് ഭൂമി തട്ടിപ്പ് : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്
Kerala
കോഴിക്കോട്ട് ഭൂമി തട്ടിപ്പ് : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th January 2014, 8:55 am

[]തിരുവനന്തപുരം: കോഴിക്കോട് ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത്.

തട്ടിപ്പിനിരയായവരാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കേസിന് പുരോഗതിയില്ലെന്നും ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

തെളിവുകളും രേഖകളും നൗഷാദിന് എതിരായിട്ടും ഇയാളെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഇതുവരെ തയ്യാറായിട്ടില്ല.

കൂടുതല്‍ തെളിവു കിട്ടിയ ശേഷം ചോദ്യംചെയ്യലും അറസ്റ്റും മതിയെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.

ക്വാറി തുടങ്ങാമെന്ന് വാഗ്ദാനം നല്‍കി കോഴിക്കോടിന്റെ മലയോര മേഖലയില്‍ 55 ഏക്കര്‍ ഭൂമി ടി.പി. നൗഷാദ് തട്ടിയെടുത്തെന്നാണ് കേസ്.

നൗഷാദിന്റെ ഭൂമി ഇടപാടില്‍ എളമരം കരീമാണ് ഇടനിലക്കാരനെന്ന് നേരത്തെ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തട്ടിപ്പിനിരയായവരോട് ക്രഷര്‍ യൂണിറ്റില്‍ പങ്കാളിത്തം നല്‍കാം എന്ന് എളമരം നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ക്വാറി സംരംഭത്തില്‍ ഭൂരിഭാഗം ഷെയറും ഭൂഉമടകള്‍ക്കാണെന്ന വാഗ്ദാനം ലംഘിച്ചത് വഞ്ചനയാണെന്ന് ഭൂഉടമകള്‍ ആരോപിക്കുന്നു.

ഭൂ ഉമടകള്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ നേരിട്ടെത്തി നൗഷാദിന് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കിയതിനാല്‍ തട്ടിപ്പു തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയുന്നുമില്ല.

നൗഷാദിന്റെ സാമ്പത്തിക ഉറവിടം അന്വേഷിച്ച് കൂടുതല്‍ നടപടികളിലേക്കു നീങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ എല്‍ ഡി എഫ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനെതിരെ നൗഷാദിന്റെ മുന്‍ െ്രെഡവര്‍ സുബൈറില്‍ മൊഴി നല്‍കിയിരുന്നു.