|

എപ്പോള്‍ ഇടിപൊട്ടും എന്ന് കാത്തിരുന്ന നെരിപ്പ് സീന്‍; തല്ലുമാലയിലെ ചക്കരച്ചുണ്ടില്‍ വീഡിയോ സോങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ തല്ലുമാലയിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. ചക്കരച്ചുണ്ടില്‍ എന്ന ഗാനത്തിന്റെ വീഡിയോയാണ് മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ മണവാളന്‍ വസീം ആയി എത്തിയ ടൊവിനോയുടെ അളിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ച കൊല്ലം ഷാഫി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപിച്ച മാപ്പിള ഗാനമാണ് ചക്കര ചുണ്ടില്‍. ഈ ഗാനത്തില്‍ തല്ലുമാലയിലെ ‘ഇജ്ജ് ഇണ്ടാക്ക്’ എന്ന ഗാനവും കൂടി റീമിക്സ് ചെയ്താണ് തല്ലുമാലയിലെ റിമിക്സ് വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

മുമ്പ് റിലീസായ പാട്ടുകളെ പോലെ തന്നെ പുതിയ ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ചിത്രത്തിലെ നിര്‍ണായകമായ സീനില്‍ ഒരു അടി പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന രംഗത്തിലാണ് ഈ ഗാനം അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിരവധി പേര്‍ ഇക്കാര്യം വീഡിയോയുടെ കമന്റില്‍ പറയുന്നുണ്ട്. മികച്ച കളക്ഷന്‍ നേടിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. സിനിമ ഇതിനോടകം 40 കോടിയോളം രൂപ ലോകമെമ്പാടുനിന്നും നേടികഴിഞ്ഞു.


ബിപാത്തു എന്ന വ്‌ളോഗറെയാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ലുക്മാന്‍, ഓസ്റ്റിന്‍, അദ്രി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് രചന.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിങ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പി.ആര്‍.ഒ- എ. എസ്. ദിനേശ്.

Content Highlight: Chakkarachundil video song from thallumaala is out now