| Tuesday, 5th June 2012, 11:21 am

ചാക്ക് രാധാകൃഷ്ണന് പുരസ്‌കാരം നല്‍കുന്നത് കൗമുദി മറച്ചുവെച്ചു: മലബാര്‍ സിമന്റ്‌സ് എം.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വന്തം ലേഖകന്‍

പാലക്കാട്: കേരള കൗമുദി പത്രം നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് നടത്തിയ നിലാവ് സംഗീത പരിപാടിയിലേക്ക് മലബാര്‍ സിമന്റ്‌സില്‍ നിന്ന് പരസ്യം വാങ്ങിയത് അഴിമതിക്കേസുകളില്‍ പ്രതിയായ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെ ആദരിക്കുന്ന കാര്യം മറച്ചുവെച്ച്. മലബാര്‍ സിമന്റ്‌സിലെ നാല് അഴിമതിക്കേസുകളില്‍ പ്രതിയായിരിക്കെയാണ് അതേ കമ്പനിയുടെ കൂടി ചെലവില്‍ രാധാകൃഷ്ണനെ കൗമുദി ആദരിച്ചത്. വിവാദ വ്യവസായിയെ ആദരിക്കുന്ന കാര്യം തങ്ങളില്‍ നിന്ന് മറച്ചുവെച്ചാണ് കേരള കൗമുദി പരസ്യം വാങ്ങിയതെന്ന് മലബാര്‍ സിമന്റ്‌സ് എം.ഡി പത്മകുമാര്‍ ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തി.

ഒരു ലക്ഷം രൂപയുടെ പരസ്യമാണ് കേരളകൗമുദിക്ക് മലബാര്‍ സിമന്റ്‌സ് നല്‍കിയത്. കൗമുദിയെ പോലുള്ള മാധ്യമ സ്ഥാപനങ്ങള്‍ പരസ്യത്തിന് സമീപിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാറില്ല. അതുകൊണ്ടാണ് പരസ്യം നല്‍കിയതെന്നും എം.ഡി പത്മകുമാര്‍ പറഞ്ഞു.

മലബാര്‍ സിമന്റ്‌സില്‍ കോടികളുടെ അഴിമതി നടത്തിയ കേസില്‍ വിചാരണ നേരിടുന്ന വ്യക്തിക്ക് പുരസ്‌കാരം നല്‍കുന്ന ചടങ്ങിന് മലബാര്‍ സിമന്റ്‌സിന്റെ തന്നെ പണം വാങ്ങിയ കേരളകൗമുദിയുടെ നടപടി ഒട്ടും ശരിയായില്ല. ഇത് സമൂഹത്തില്‍ മലബാര്‍ സിമന്റ്‌സ് കമ്പനിയെക്കുറിച്ച് അവമതിപ്പുണ്ടാക്കും. ഇക്കാര്യം കേരളകൗമുദി മാനേജ്‌മെന്റിനെ അറിയിക്കും. മേലില്‍ പരസ്യം നല്‍കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരസ്യം നല്‍കിയ വകയില്‍ ഒരു ലക്ഷം രൂപ കേരള കൗമുദിക്ക് നല്‍കാനുള്ള ഓര്‍ഡര്‍ മലബാര്‍ സിമന്റ്‌സ് കമ്പനി ഇറക്കിയിട്ടുണ്ട്. എന്നാല്‍ പരസ്യം കമ്പനിക്ക് നാണക്കേടുണ്ടാക്കിയ സാഹചര്യത്തില്‍ തുക ഉടന്‍ നല്‍കേണ്ടെന്നാണ് തീരുമാനമെന്നറിയുന്നു. അഴിമതി, ദുരൂഹ മരണം, രാഷ്ട്രീയ ഗൂഢാലോചന തുടങ്ങി നിരവധി ആരോപണങ്ങളും കേസുകളും നേരിടുന്ന വ്യക്തിയാണ് വി.എം രാധാകൃഷ്ണനെന്ന ചാക്ക് രാധാകൃഷ്ണന്‍. ഇദ്ദേഹത്തെയാണ് പാലക്കാട് നടത്തിയ ചടങ്ങില്‍ വെച്ച് കേരള കൗമുദി സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച വ്യവസായിക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചത്.

കേരള കൗമുദിയുടെ ചടങ്ങിലൂടെ ലഭിച്ച അസുലഭാവസരം ചാക്ക് രാധാകൃഷ്ണന്‍ ശരിക്കും മുതലാക്കി. തന്നെ എല്ലാവരും ചേര്‍ന്ന് വേട്ടയാടുകയാണെന്നും മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളില്‍ ഉള്‍പ്പെടെ താന്‍ നിരപരാധിയാണെന്നും രാധാകൃഷ്ണന്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. കേരളീയ ചരിത്രത്തോടൊപ്പം പ്രാധാന്യമുള്ള കേരളകൗമുദി, ഒരു കളങ്കിത വ്യവസായിക്ക് “ചാരിത്ര്യപ്രസംഗം” നടത്താന്‍ അവസരം നല്‍കിയത് ഡൂള്‍ന്യൂസാണ് പുറത്തുവിട്ടത്. പരിപാടിക്ക് മലബാര്‍ സിമന്റ്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കൂടിയുണ്ടെന്ന് പുറത്തുവന്നതോടെ കമ്പനി മാനേജ്‌മെന്റിലും ഇത് ഏറെ ചര്‍ച്ചക്കിടയാക്കിയിരുന്നു.

മന്ത്രി എ.പി അനില്‍കുമാറില്‍ നിന്നും കേരള കൗമുദിയുടെ പുരസ്‌കാരം വാങ്ങുന്ന ചാക്ക് രാധാകൃഷ്ണന്റെ സചിത്ര പരസ്യം തുടര്‍ ദിവസങ്ങളില്‍ മനോരമ,മാതൃഭൂമി തുടങ്ങിയ മുന്‍നിര പത്രങ്ങളില്‍ സൂര്യഗ്രൂപ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് നല്‍കുകയും ചെയ്തു.

മലബാര്‍ സിമന്റ്‌സില്‍ ചാക്ക് രാധാകൃഷ്ണന് ഇപ്പോഴും അവശേഷിക്കുന്ന വേരുകള്‍ കൂടി അറുത്തുകളയാന്‍ കമ്പനി മാനേജ്‌മെന്റും വ്യവസായ വകുപ്പും കര്‍ശന നടപടികള്‍ കൈക്കൊള്ളുമ്പോഴാണ് ഈ സംഭവം. അതുകൊണ്ടുതന്നെ വ്യവസായ വകുപ്പ് ഇതിനെ ഗൗരവമായാണ് കാണുന്നത്. നേരത്തെ പാലക്കാട് ജോലി ചെയ്തിരുന്ന ഒരു ലേഖകന്‍ വഴിയാണ് ചാക്ക് രാധാകൃഷ്ണനുമായി കേരള കൗമുദി മാനേജ്‌മെന്റ് ബന്ധം സ്ഥാപിക്കുന്നത്. ഇദ്ദേഹത്തിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ചാക്ക് രാധാകൃഷ്ണന് പുരസ്‌കാരം നല്‍കുന്ന ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് അറിയുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ സജീവ സാന്നധ്യവും കൗമുദി ഡെപ്യൂട്ടി എഡിറ്ററുമായ പി.പി ജെയിംസ് ഉള്‍പ്പെടെ ചാക്ക് രാധാകൃഷ്ണനെ പുണ്യവാളനാക്കുന്ന ചടങ്ങില്‍ പങ്കെടുത്തത് മാധ്യമ നിരീക്ഷകരില്‍ ആശ്ചര്യമുണ്ടാക്കിയിരുന്നു.


ബന്ധപ്പെട്ട വാര്‍ത്തകള്‍:

കേരള കൗമുദി വാര്‍ഷികാഘോഷം വിവാദ വ്യവസായി വിലയ്‌ക്കെടുത്തു; വേദിയില്‍ നിരപരാധിത്വ പ്രഖ്യാപനം

ചാക്ക് രാധാകൃഷ്ണന് പുരസ്‌കാരം; കേരള കൗമുദിക്കെതിരെ പി.സി. ജോര്‍ജ്ജ്

മലബാര്‍ സിമന്റ്‌സ്: അഴിമതിയുടെ കെട്ടുറപ്പ്

We use cookies to give you the best possible experience. Learn more