ചക്കിട്ടപ്പാറ ഖനനാനുമതി പ്രത്യേക വിജിലന്‍സ് ടീം അന്വേഷിക്കും: മുഖ്യമന്ത്രി
Kerala
ചക്കിട്ടപ്പാറ ഖനനാനുമതി പ്രത്യേക വിജിലന്‍സ് ടീം അന്വേഷിക്കും: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th December 2013, 5:42 pm

[]തിരുവനന്തപുരം: കോഴിക്കോട് ചക്കിട്ടപ്പാറയിലും കാക്കൂര്‍, മാവൂര്‍ എന്നീ വില്ലേജുകളിലും ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിക്കും.

വ്യവസായവകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിത്. വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വിജിലന്‍സ് അന്വേഷണത്തിനുള്ള വ്യവസായവകുപ്പിന്റെ ശുപാര്‍ശ ഡിസംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. അന്ന് വയനാട് ജനസമ്പര്‍ക്കപരിപാടിയിലായിരുന്ന മുഖ്യമന്ത്രി ആറാം തീയതി തിരിച്ചെത്തിയയുടന്‍  വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

2009 ജനുവരി 27-ന് സംസ്ഥാനസര്‍ക്കാര്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ലഭിച്ചു. തുടര്‍ന്ന് 2010 ഏപ്രില്‍ 23-ലെ കത്ത് പ്രകാരം ചക്കിട്ടപ്പാറയില്‍ 406.4500 ഹെക്ടര്‍ സ്ഥലത്ത് എം.എസ്.പി.എല്‍ കമ്പനിയ്ക്ക് മുപ്പത് വര്‍ഷത്തേയ്ക്ക് ഇരുമ്പയിര് ഖനനത്തിന് തത്വത്തില്‍ അനുമതി നല്‍കുകയായിരുന്നു.

ഇതേ കത്തിന്റെ അടിസ്ഥാനത്തില്‍ മാവൂര്‍ വില്ലേജില്‍പെട്ട 53.9303 ഹെക്ടര്‍ സ്ഥലത്തും ഈ കമ്പനിയ്ക്ക് മുപ്പത് വര്‍ഷത്തേയ്ക്ക് ഇരുമ്പയിര്‍ ഖനനം നടത്താന്‍ തത്വത്തില്‍ അനുമതി നല്‍കി.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ മൈനിങ് ലീസ് ലഭിക്കുന്നതിന് മുമ്പ് വനസംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണനിയമം എന്നിവ പ്രകാരമുള്ള അനുമതികളും ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈനിങ്ങിന്റെ മൈനിങ് പ്ലാന്‍ അംഗീകാരവും നേടേണ്ടതാണ്.

2010-ല്‍ സംസ്ഥാനസര്‍ക്കാര്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായ അനുമതികള്‍ നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മൂന്നിടങ്ങളിലും അനുമതികള്‍ നേടിയെടുക്കുന്നതിനുള്ള സമയപരിധി രണ്ട് വര്‍ഷത്തേയ്ക്ക് കൂടി നീട്ടി. 2011 ജനുവരി 19,22 തീയതികളിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമാണിത്. എന്നാല്‍ ഈ അവസരത്തിലും സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ അനുമതി തേടിയിരുന്നില്ല.