| Friday, 29th November 2013, 9:49 am

ദേശാഭിമാനിയുടെ മുന്‍പേജില്‍ പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് ചാക്ക് രാധാകൃഷ്ണന്റെ പരസ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പാലക്കാട്: സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയുടെ മുന്‍പേജില്‍ പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം.

ഇയാളുടെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ  പേരിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

മാഫിയ ബന്ധങ്ങള്‍ അടക്കമുള്ള ആരോപണങ്ങള്‍ തള്ളിക്കൊണ്ട് സംഘടനാരേഖ അവതരിപ്പിച്ച പ്ലീനത്തിനാണ് നിരവധി കേസുകളില്‍ പ്രതിയായ വി.എം രാധാകൃഷ്ണന്‍ എന്ന ചാക്ക് രാധാകൃഷ്ണന്റെ അഭിവാദ്യം.

ഇന്ന് പുറത്തിറങ്ങിയിരിക്കുന്ന ദേശാഭിമാനിയുടെ എല്ലാ എഡിഷനുകളിലും സൂര്യ ഗ്രൂപ്പിന്റെ പരസ്യമുണ്ട്. “സി.പി.ഐ.എം സംസ്ഥാന പ്ലീനത്തിന് സൂര്യ ഗ്രൂപ്പിന്റെ അഭിവാദ്യങ്ങള്‍” എന്നാണ് ഒന്നാം പേജിലുള്ള പരസ്യം.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലും കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും കുടുംബവും ആത്മഹത്യ ചെയ്ത കേസിലും പ്രതിയാണ് ചാക്ക് രാധാകൃഷ്ണന്‍.

പാര്‍ട്ടി അംഗങ്ങള്‍ക്കും മറ്റും മാഫിയ സംഘങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും പ്ലീനം ആവശ്യപ്പെട്ടിരുന്നു. അപചയം സംഭവിച്ചവര്‍ സ്വയം തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പ്ലീനത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

പാര്‍ട്ടിയിലെ താഴെത്തട്ടിലുള്ളവര്‍ വരെ അച്ചടക്കമുള്ളവരാകണമെന്നും മണല്‍മാഫിയയും റിയല്‍ എസ്റ്റേറ്റ് മാഫിയകളും പോലുള്ള മാഫിയകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടി പ്ലീനത്തിന് തുടക്കം കുറിച്ചത്.

ഈ സാഹചര്യത്തിലാണ് ശശീന്ദ്രന്‍ കൊലപാതകക്കേസിലും മലബാര്‍ സിമന്റസ് അഴിമതിക്കേസിലും പ്രതിയായ ചാക്ക് രാധാകൃഷ്ണനെപ്പോലെ ഒരാള്‍ പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പാര്‍ട്ടിയുടെ മുഖപത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത് എന്നുള്ളതാണ് ഈ വിഷയം ഗൗരവമാക്കുന്നത്.

മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി സി കെ ശശീന്ദ്രന്‍ മരണവുമായി  ചാക്ക് രാധാകൃഷ്ണനെ സി.ബി.ഐ ആണ് അറസ്റ്റ് ചെയ്യുന്നത്.

ശശീന്ദ്രന്റെ ഭാര്യയും പിതാവും നല്‍കിയ പരാതിയിലായിരുന്നു സി.ബി.ഐ അന്വേഷണം. 2011 ജനുവരി 12 ന് ശശീന്ദ്രനെയും രണ്ടു മക്കളെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കേസിന്റെ തുടക്കം മുതല്‍ രാധാകൃഷ്ണന്‍ ആരോപണ വിധേയനായിരുന്നു. രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയതായി നേരത്തെ ശശീന്ദ്രന്റെ ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.

മലബാര്‍ സിമന്റസിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ ശശീന്ദ്രന്‍ ശ്രമിച്ചിരുന്നു. അഴിമതിയുടെ മുഖ്യ വിവരങ്ങള്‍ അറിയാമെന്നതിനെ തുടര്‍ന്ന് മാനേജ്‌മെന്റില്‍ നിന്നും ശശീന്ദ്രന് കടുത്ത രീതിയില്‍ മാനസീക സംഘര്‍ഷം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more