| Friday, 29th November 2013, 2:40 pm

ടാറ്റയോ ബിര്‍ളയോ സോഷ്യലിസ്റ്റാണോ എന്ന് നോക്കിയല്ല അവരുടെ പരസ്യം വാങ്ങുന്നതെന്ന്‌ ജയരാജന്‍: എതിര്‍ത്ത് വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കണ്ണൂര്‍: വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനെ ന്യായീകരിച്ച് സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്‍.

മാധ്യമപ്രവര്‍ത്തകരുടെ താല്‍പര്യങ്ങള്‍ക്കൊത്ത് കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ടാറ്റയോ ബിര്‍ളയോ സോഷ്യലിസ്റ്റാണോ എന്ന് നോക്കിയല്ല അവരുടെ പരസ്യം നല്‍കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

ദേശാഭിമാനിയിലെ പരസ്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ഇ പി ജയരാജന്‍ പ്രതികരിച്ചത്.

പ്ലീനത്തിന്റെ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക് മനസിലായിട്ടില്ല. കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കില്ലെന്നും ജയരാജന്‍ രോഷാകുലനായി പറഞ്ഞു. ചോദ്യം ചോദിച്ച ചാനല്‍ പ്രവര്‍ത്തകനു നേരെയും ജയരാജന്‍ കയര്‍ത്തു.

വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നതെന്നും രാഷ്ട്രീയക്കാരെ പോലെ വ്യവസായികള്‍ക്കും ക്രിമിനല്‍ പ്രതികളാകാമെന്നും ജയരാജന്‍ പറഞ്ഞു.

ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനിയുടെ എല്ലാ എഡിഷനുകളിലും ചാക്ക് രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പിന്റെ പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം സി.പി.ഐ.എം പ്ലീനത്തിന് ചാക്ക് രാധാകൃഷ്ണന്റെ പരസ്യംനല്‍കിയത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

പ്ലീനം നടക്കുന്ന ദിവസംതന്നെ ഇത് നല്‍കിയത് അവമതിപ്പുണ്ടാക്കിയതായും പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more