കോഴിക്കോട്: ലൈംഗീക വിദ്യാഭ്യാസം എന്ന വാക്ക് പറഞ്ഞപ്പോള്‍ത്തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്ന രൂപത്തില്‍ വൃത്തികെട്ട കമന്റുകള്‍ കണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.
ഇതുവഴി അപക്വമതികളായിട്ടുള്ള ആളുകളാണ് വിദ്യാസമ്പന്നമായിട്ടുള്ള കേരളത്തിലുള്ളതെന്നുള്ള തിരിച്ചറിവ് ലഭിച്ചുവെന്നും അവര്‍ പറഞ്ഞു. മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരിന്നും അവരുടെ പ്രതികരണം.
‘എന്താണ് സെക്‌സ് എജ്യൂക്കേഷന്‍ എന്നത് സംബന്ധിച്ച് വിദ്യാസമ്പന്നര്‍ക്ക് പോലും ധാരണയില്ല എന്നതാണ് സാമുഹ്യ മാധ്യമങ്ങളിലുണ്ടായ അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഹ്യുമണ്‍ അനാട്ടമിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കുട്ടികള്‍ക്ക് ചെറുപ്പം മുതലേ ധാരണയുണ്ടാകേണ്ടതുണ്ട്.
കൗമാരപ്രായമായമാകുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ലൈംഗീക വിദ്യഭ്യാസത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണ അത്യാവശ്യമാണ്. കുട്ടികള്‍ക്ക് ഇതുസംബന്ധിച്ച സാമാന്യ തിരിച്ചറിവുണ്ടായാല്‍ തന്നെ ഇന്ന് കാണുന്ന തെറ്റായ പ്രവണത ഇല്ലാതാക്കാന്‍ കഴിയും,’ സതീദേവി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തുടര്‍ച്ചയായ ശ്രമം നടന്ന സംസ്ഥാനമാണ് നമ്മുടേത്. ലൈംഗീക വിദ്യഭ്യാസം സംബന്ധിച്ചുള്ള പരിശീലനം അധ്യാപകര്‍ക്കും നല്‍കേണ്ടതുണ്ടെന്നും അവര്‍ കൂട്ടച്ചേര്‍ത്തു.
അതോടൊപ്പം വിവാഹാനന്തര പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമായി നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.
വനിതാ കമീഷനെ ശക്തിപ്പെടുത്താന്‍ നിയമം ഭേദഗതി ചെയ്യണം. സ്ത്രീപീഡനങ്ങള്‍ക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്താല്‍, ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമ ഭേദഗതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.