'ഇത് കുറച്ചുകൂടി നേരത്തെ നടപ്പാക്കാമായിരുന്നു'; നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷയെ സ്വാഗതം ചെയ്ത് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ
Nirbhaya
'ഇത് കുറച്ചുകൂടി നേരത്തെ നടപ്പാക്കാമായിരുന്നു'; നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷയെ സ്വാഗതം ചെയ്ത് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th March 2020, 8:35 am

ന്യൂദല്‍ഹി: നര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷയെ സ്വാഗതം ചെയ്യുന്നതായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. വധശിക്ഷ നേരത്തെ നടപ്പാക്കാക്കേണ്ടിയിരുന്ന ഒന്നായിരുന്നു എങ്കിലും ഒരു മാതൃകയാണ് നടപ്പാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

” ഇത് വളരെ നേരത്തെ ചെയ്യാമായിന്നു, എങ്കിലും ഒരു മാതൃക തന്നെയാണ് ഇന്ന് നടപ്പാക്കിയത്. ഇപ്പോള്‍ ആളുകള്‍ക്കറിയാം അവര്‍ ശിക്ഷിക്കപ്പെടുമെന്ന്. നിങ്ങള്‍ക്ക് ശിക്ഷയുടെ തിയതി ചിലപ്പോള്‍ നീട്ടിവെക്കാന്‍ സാധിച്ചേക്കാം പക്ഷേ, ശിക്ഷ നടപ്പാവുക തന്നെ ചെയ്യും,” രേഖാ ശര്‍മ എ.എന്‍.ഐയോട് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 5.30നാണ് നിര്‍ഭയക്കേസിലെ പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. പട്യാല ഹൗസ് കോടതിയുടെ മരണവാറന്റില്‍ തിഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്.

വധശിക്ഷക്ക് സ്റ്റേ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

വധശിക്ഷ നടപ്പിലാക്കാന്‍ വിധിച്ച ദല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി വാദം കേട്ടതിന് ശേഷം തള്ളുകയായിരുന്നു. ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ഹരജി തള്ളിയത്.

അവസാനം തങ്ങള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയുെട അമ്മ ആശാദേവി പ്രതികരിച്ചു.

‘രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനുള്ള ഞങ്ങളുടെ പ്രവര്‍ത്തനം ഇനിയും തുടരും. നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതായിരുന്നു. പക്ഷേ, ഒടുവില്‍ ആ കാത്തിരിപ്പെല്ലാം നീതിപൂര്‍ണമായി. ആ ക്രൂരമൃഗങ്ങളെ തൂക്കിലേറ്റി’, നിര്‍ഭയയുടെ അമ്മ പറഞ്ഞു.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. ഓടുന്ന ബസില്‍വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി റോഡിലെറിയുകയായികരുന്നു. സംഭവത്തില്‍ ആറുപേരെ അറസ്റ്റു ചെയ്തിരുന്നു.

ചികില്‍സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. പ്രതികളില്‍ ഒരാളായ രാംസിങ് ജയില്‍വെച്ച് ആത്മഹത്യചെയ്തിരുന്നു. മൂന്നു വര്‍ഷത്തെ തടവിനു ശേഷം മറ്റൊരു പ്രതിയെ വിട്ടയച്ചു. മറ്റു നാലു പ്രതികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്.

ശിക്ഷ നടപ്പായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ആള്‍ക്കൂട്ടം ജയിലിനു പുറത്ത് മധുരം വിതരണം ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ