കേരളവര്‍മ്മയില്‍ റീ കൗണ്ടിങ്ങിലൂടെ എസ്.എഫ്.ഐക്ക് ചെയര്‍മാന്‍ സ്ഥാനം; കെ.എസ്.യു കോടതിയിലേക്ക്
Kerala News
കേരളവര്‍മ്മയില്‍ റീ കൗണ്ടിങ്ങിലൂടെ എസ്.എഫ്.ഐക്ക് ചെയര്‍മാന്‍ സ്ഥാനം; കെ.എസ്.യു കോടതിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd November 2023, 11:46 am

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കേരളവര്‍മ്മ കോളേജില്‍ റീ കൗണ്ടിങ്ങിലൂടെ എസ്.എഫ്.ഐക്ക് ചെയര്‍മാന്‍ സ്ഥാനം. ആദ്യ കൗണ്ടിങ്ങില്‍ ഒരു വോട്ടിന് കെ.എസ്.യു സ്ഥാനാര്‍ഥിയായ എസ്.എസ്. ശ്രീക്കുട്ടന്‍ യൂണിയന്‍ ചെയര്‍മാനായി വിജയിച്ചിരുന്നു.

കെ.എസ്.യു സ്ഥാനാര്‍ഥിയുടെ വിജയത്തിന് ശേഷം എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെടുകയും രണ്ട് തവണയായി വോട്ട് എണ്ണുകയുമുണ്ടായി. രണ്ടാം തവണ വോട്ട് എണ്ണിയതിലൂടെ എസ്.എഫ്.ഐ സ്ഥാനാര്‍ഥിയായ അനിരുദ്ധന്‍ 11 വോട്ടുകള്‍ക്ക് വിജയിരിക്കുകയായിരുന്നു. റീ കൗണ്ടിങ്ങില്‍ എസ്.എഫ്.ഐക്ക് 900 വോട്ടും കെ.എസ്.യു 889 വോട്ടുമാണ് ലഭിച്ചത്.

ആദ്യ ഫലപ്രഖ്യാപനമനുസരിച്ച് 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളവര്‍മ്മ കോളേജ് യൂണിയനില്‍ കെ.എസ്.യു ഇടം പിടിക്കുന്നത്. എന്നാല്‍ പിന്നീട് റീ കൗണ്ടിങ്ങിലൂടെ ഫലത്തില്‍ മാറ്റം ഉണ്ടാവുകയായിരുന്നു.

ഇടത് സംഘടനകള്‍ തെരഞ്ഞെടുപ്പ് ആട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കെ.എസ്.യു നേതാക്കള്‍ നിയമനടപടികളും സമരങ്ങളുമായി മുന്നോട്ട് പോവുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നില്ലെന്നും വൈസ് ചാന്‍സിലറടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കെ.എസ്.യു നേതാക്കള്‍ പറഞ്ഞു. മുഴുവനായോ അല്ലെങ്കില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാത്രമായോ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്.

തെരഞ്ഞെടുപ്പ് ആട്ടിമറിച്ചുവെന്ന ആരോപണം വസ്തുത വിരുദ്ധമാണെന്നും കെ.എസ്.യു തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി. പി. ശരത് പ്രസാദ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കേരളവര്‍മ്മ കോളേജിലും പരിസങ്ങളിലും പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.

Content Highlight: Chairman position of S.F.I through recounting in Kerala Varma; K.S.U goes to court