| Tuesday, 13th October 2015, 11:08 am

ഗജേന്ദ്ര ചൗഹാന്‍ ഇതുവരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചിട്ടില്ലെന്ന് വിവരവകാശ രേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: വിവാദ ഉത്തരവിലൂടെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തെത്തിയ ഗജേന്ദ്ര ചൗഹാന്‍ മാസങ്ങള്‍ പിന്നിടുമ്പോഴും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്  പരിസരത്തേക്ക് വന്നിട്ടില്ലെന്ന് വിവരാവകാശ രേഖ. ആര്‍.ടി.ഐ ആക്ടിവിസ്റ്റായ ഗല്‍ഗലി സമര്‍പ്പിച്ച അപേക്ഷയിലാണ് വിവരം സര്‍ക്കാര്‍ പുറത്ത് വിട്ടത്.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ കഴിഞ്ഞ 15 വര്‍ഷങ്ങളിലെ ചെയര്‍മാന്‍മാര്‍ അവരുടെ ഹാജര്‍നില, പ്രവര്‍ത്തന കാലാവധി തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുന്നതിനായാണ് ഗല്‍ഗലി വിവരാവകാശം സമര്‍പ്പിച്ചിരുന്നത്.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവരാവകാശം, അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകള്‍ വഹിക്കുന്ന എസ്.കെ ദെകാതെ നല്‍കിയ മറുപടി പ്രകാരം ചൗഹാന്‍ സ്ഥാനമേറ്റെടുത്തത് 2014 മാര്‍ച്ച് നാലിനാണെന്നാണ്. എന്നാല്‍ യഥാര്‍ത്ഥ തിയ്യതി 2015 ജൂണ്‍ 9 ആണ്. തിയ്യതികള്‍ സംബന്ധിച്ച് അവ്യക്തതകളുണ്ടെങ്കിലും ചൗഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചിട്ടില്ലെന്നാണ് ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

നേരത്തെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പദവിയിലിരുന്ന ബി.ജെ.പി നേതാക്കളും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. രണ്ട് തവണ ചെയര്‍മാനായ മുന്‍ കേന്ദ്രമന്ത്രിയും നടനുമായ വിനോദ് ഖന്ന രണ്ട് തവണ മാത്രമാണ് ഇന്‍സ്റ്റിറ്റ്യൂട്ട്  സന്ദര്‍ശിച്ചത്.

മൂന്ന് മാസത്തേക്ക് നിയമിതനായ പവന്‍ ചോപ്ര തന്റെ തന്റെ കാലാവധി അവസാനിക്കുന്ന ദിവസമായ 2002 ഡിസംബര്‍ 16ന് മാത്രമാണ് ഓഫീസിലെത്തിയത്.

അതേ സമയം സഈദ് മിര്‍സ, ഗിരീഷ് കര്‍ണാട്, യു.ആര്‍ അനന്തമൂര്‍ത്തി തുടങ്ങിയവരെല്ലാം താരതമ്യേന കൂടുതല്‍ തവണ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചിട്ടുണ്ട്.15 വര്‍ഷത്തിനിടെ ശ്യാംബെനഗല്‍, മൃണാള്‍ സെന്‍, ആര്‍.കെ ലക്ഷമണ്‍ ഉള്‍പ്പടെ 9 പേരെയാണ് എഫ്.ടി.ഐ.ഐ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്.

നിലവില്‍ ഗജേന്ദ്ര ചൗഹാനെതിരായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം നൂറിലധികം ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിനകം നാല് തവണ സന്ധി സംഭാഷണങ്ങളും നടന്നിട്ടുണ്ട്. ചൊവ്വാഴ്ച ന്യൂദല്‍ഹിയില്‍ വെച്ചാണ് അഞ്ചാം ഘട്ട ചര്‍ച്ച.

We use cookies to give you the best possible experience. Learn more