മുംബൈ: രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ചൈനീസ് ഫോണുകള്‍ നിരോധിക്കുമെന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചൈനീസ് കമ്പനികള്‍.
ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനാല്‍ ചൈനീസ് നിര്‍മിത ഫോണുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നുവെന്ന് വ്യാജ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, ഷവോമി, ജിയോണി എന്നിവര്‍ക്കും, ആപ്പിള്‍, സാംസംഗ്, മൈക്രോസോഫ്റ്റ് തുടങ്ങി രാജ്യത്തെ 30 മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നോട്ടിസ് അയച്ചിരുന്നു.
ഓഗസ്റ്റ് 28 നകം നോട്ടീസിന് മറുപടിനല്‍കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ഇതിന് തൃപ്തികരമായ രീതിയില്‍ കമ്പനികള്‍ മറുപടി നല്‍കിയെന്നാണ് സൂചന. രാജ്യത്തെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ വ്യാപക പ്രചരണങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായി തന്നെയാണ് ഇത്തരം വ്യാജ പ്രചരണമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.