ഗിന്നസിലേയ്ക്ക് നീന്തിക്കയറാന്‍ ഗോപാല്‍ ഖാര്‍വി
DSport
ഗിന്നസിലേയ്ക്ക് നീന്തിക്കയറാന്‍ ഗോപാല്‍ ഖാര്‍വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2013, 4:13 pm

[]തമിഴ്‌നാട്ടിലെ കൊടികന്യാന ഗ്രാമത്തിലെ ഒരു സാധാരണ മത്സ്യത്തൊഴിലാളിയാണ് ഗോപാല്‍ ഖാര്‍വി. നീന്തലില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് നേടുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

ഒരു മത്സ്യത്തൊഴിലാളിയെ സംബന്ധിച്ചിടത്തോളം നീന്തല്‍ ചിരപരിചിതമായിരിക്കും. എന്നാല്‍ ഇത് വെറുമൊരു നീന്തലല്ല. കൈയും കാലും ചങ്ങല കൊണ്ട് ബന്ധിച്ചാണ് ഇദ്ദേഹം നീന്താനൊരുങ്ങുന്നത്.

കൈകാലുകള്‍ ബന്ധിച്ച് ഏറ്റവും ദൂരം നീന്തിയ വ്യക്തി എന്ന റെക്കോര്‍ഡാണ് ഇദ്ദേഹം ലക്ഷ്യമാക്കുന്നത്. സെന്റ്. മേരീസ് ഐലന്റ് മുതല്‍ മാല്‍പെ ദ്വീപ് വരെയുള്ള 3.8 കിലോമീറ്റര്‍  ദൂരമാണ് ഗോപാല്‍ ബന്ധനസ്ഥനായി നീന്തുന്നത്.

2012 ജനുവരി എട്ടിന് ഇതേ ദൂരം നീന്തിക്കടന്നിരുന്നതായി ഇദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ജി.പി.എസ് ക്യാമറയില്‍ നീന്തല്‍ റെക്കോര്‍ഡ് ചെയ്യാതിരുന്നതിനാല്‍ ഇത് ഗിന്നസ് റെക്കോര്‍ഡിലേയ്ക്ക് പരിഗണിക്കാന്‍ സാധിച്ചിരുന്നില്ല.

ഇത്ര ദൂരം നീന്തിക്കടക്കാന്‍ രണ്ട് മണിക്കൂറും 45 മിനിറ്റും 14 സെക്കന്റുമാണ് അന്ന് ആവശ്യമായി വന്നത്.

ഡിസംബര്‍ ഒന്നിനാണ് റെക്കോര്‍ഡിന് വേണ്ടിയുള്ള അടുത്ത നീന്തല്‍. ഇത്തവണ ഗിന്നസ് റെക്കോര്‍ഡിന് അപേക്ഷിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നേരത്തെ തന്നെ ചെയ്തു കഴിഞ്ഞു.

ലണ്ടനിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് നിരീക്ഷകനായ പ്രവീണ്‍ പട്ടേലും സംഭവത്തിന് ദൃകസാക്ഷിയാകാന്‍ എത്തും.

“ഡിസംബര്‍ ഒന്നിന് രാവിലെ ഏഴിന് സെന്റ്. മേരീസ്  ഐലന്റില്‍ നിന്നാണ് നീന്തല്‍ ആരംഭിക്കുന്നത്. മാല്‍പെ ദ്വീപിലെത്താന്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. തിരമാലകളുടെയും കാറ്റിന്റെയും ശക്തിയെ ആശ്രയിച്ചായിരിക്കുമിത്. ഇത്തവണ റെക്കോര്‍ഡ് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.” അദ്ദേഹം പറഞ്ഞു.

കൈകളും കാലുകളും ബന്ധിച്ചിരിക്കുന്നതിനാല്‍ പാദങ്ങളും അരക്കെട്ടും ശിരസ്സും ഉപയോഗിച്ചാണ് നീന്തുന്നതും ശരീരത്തെ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നതും.

വിവിധ സാമൂഹ്യപ്രവര്‍ത്തകരുടെയും  സംഘടനകളുടെയും  സഹായത്തോടെ ഇതുവരെ എട്ടര ലക്ഷം രൂപ സമാഹരിച്ചു കഴിഞ്ഞു. ആകെ ചെലവ് പത്തര ലക്ഷമാണെന്നും ഗോപാല്‍ ചൂണ്ടിക്കാട്ടുന്നു.

2003-ല്‍ ഹങ്കര്‍കട്ട മുതല്‍ കട്ടപ്പാടി വരെയും 2004-ല്‍ ഗംഗോളി മുതല്‍ മാല്‍പെ വരെയും ഇദ്ദേഹം നീന്തിയിട്ടുണ്ട്

ഉപജീവനമാര്‍ഗത്തിനായി ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷവും ഇദ്ദേഹം അണിയുന്നു.