| Sunday, 17th July 2022, 10:37 pm

തന്നെ കൊണ്ടാന്നും പറ്റില്ല യുസി; റൂട്ടിനെ അനുകരിച്ച് യുസ്വേന്ദ്ര ചഹല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി നേടിയെങ്കിലും രണ്ടാം ഓവറില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്ക്റ്റ് നഷ്ടമായിരുന്നു.

46ാം ഓവറില്‍ ഇംഗ്ലണ്ട് 259 റണ്‍സ് നേടി എല്ലാവരും പുറത്തായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. വാലറ്റത്ത് വെടിക്കെട്ട് നടത്തിയ ഓവര്‍ട്ടണാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. നേരത്തെ ക്യാപ്റ്റന്‍ ബട്ട്‌ലര്‍ 60 റണ്‍സ് നേടിയിരുന്നു. ഓവര്‍ട്ടണ്‍ 32 റണ്‍സ് നേടി.

മത്സരത്തില്‍ ഇംഗ്ലണ്ട് നിര ആധിപത്യം സൃഷ്ടിക്കുകയാണെന്ന് തോന്നിയപ്പോഴായിരുന്നു ചഹല്‍ ബൗള്‍ ചെയ്യാനെത്തിയത്. ഫീല്‍ഡില്‍ എന്നും രസിപ്പിക്കുന്ന താരമാണ് ചഹല്‍. ഇത്തവണയും അതിന് മാറ്റമൊന്നുമില്ലായിരുന്നു.

കുറച്ചുനാള്‍ മുമ്പ് ക്രിക്കറ്റ് ബാറ്റ് മണ്ണില്‍ ബാലന്‍സ് ചെയ്യുന്ന ട്രിക്ക് ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട് കാണിച്ചിരുന്നു. ഇപ്പോഴിതാ അത് പോലെ ചെയ്യാന്‍ ശ്രമിച്ചിരിക്കുകയാണ് ചഹല്‍. ജോ റൂട്ട് ബാറ്റില്‍ ടച്ച് ചെയ്യാതെയായിരുന്നു അത് ചെയ്തത്. എന്നാല്‍ ചഹല്‍ ബാറ്റിന്റെ അടിഭാഗത്ത് കാല് വെച്ചേക്കുന്നത് കാണാന്‍ സാധിക്കും.

നേരത്തെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തിനിടെ സൂപ്പര്‍താരം വിരാട് കോഹ്‌ലിയും ഇത് പോലെ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഇത് റൂട്ടിന് മാത്രം സാധിക്കുന്ന മാജിക്ക് ട്രിക്കാണെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം മത്സരത്തില്‍ മൂന്ന് ഇംഗ്ലണ്ട് വിക്കറ്റുകള്‍ നേടാന്‍ ചഹലിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെ 259 റണ്‍സിനൊതുക്കാന്‍ സഹായിച്ചത് ചഹലിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും സ്‌പെല്ലുകളാണ്. നാല് വിക്കറ്റുകളാണ് ഹര്‍ദിക് പാണ്ഡ്യ നേടിയത്.

Content Highlights: Chahal tries to recreate Joe Roots bat balancing trick

We use cookies to give you the best possible experience. Learn more