വരാനിരിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്പിന്നർ യുസ്വേന്ദ്ര ചഹൽ ഇടം നേടിയില്ല. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ചഹൽ.
ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും പണ്ടും ഇതുപോലുള്ള സമാനമായ കാര്യങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ഇപ്പോൾ ഇത് ശീലമായെന്നും ചഹൽ പറഞ്ഞു.
‘ഒരു ടീമിൽ 15 കളിക്കാർ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കുന്നു. കാരണം ഇത് ലോകകപ്പ് ആണ്, അതിനാൽ ടീമിൽ 18 ആളുകളെ ഒന്നും എടുക്കാൻ സാധിക്കില്ല. ടീമിൽ ഇടം നേടാൻ കഴിയാത്തതിൽ എനിക്ക് ചെറിയ സങ്കടമുണ്ട്. എന്നാൽ മുന്നോട്ടുപോയേ തീരൂ, എനിക്കിത് ശീലമായി’, വിസ്ഡൻ ഇന്ത്യയോട് ചഹൽ പറഞ്ഞു.
കഴിഞ്ഞ ഏഷ്യ കപ്പിലും താരത്തിന് ഇന്ത്യൻ ടീമിൽ അവസരം ഉണ്ടായിരുന്നില്ല. ഓൾറൗണ്ടർ അക്സർ പട്ടേലിന് ആയിരുന്നു ടീം മാനേജ്മെന്റ് മുൻഗണന നൽകിയത്. എന്നാൽ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അക്സറിന് പരിക്കേറ്റിരുന്നു.
ഇതോടെ സ്പിന്നർ ആർ. അശ്വിനെ അക്സറിന് പകരക്കാനായി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. അശ്വിന്റെ അനുഭവസമ്പത്തും ടീമിലേക്ക് വരാനുള്ള മറ്റൊരു കാരണമായി. ഇതെല്ലാം ചഹലിന് ലോകകപ്പ് ടീമിൽ ഇടം നഷ്ടപ്പെട്ടതിന് കാരണമായി.
2016ൽ ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറിയ ചഹൽ 72 മത്സരങ്ങളിൽ നിന്നും 121 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 5.26 ആണ് ഇക്കോണമി.
നിലവിൽ കൗണ്ടി ചാമ്പ്യൻഷിപ്പിൽ കപ്പിൽ ക്രന്റിന് വേണ്ടിയാണ് താരം കളിക്കുന്നത്. കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിലേക്ക് ചഹൽ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlight: Chahal reacts to not getting a place in the World Cup team.