| Thursday, 14th July 2022, 9:03 pm

വന്താ, സുട്ടാ, സത്താ റിപ്പീറ്റ്; ബുംറയല്ല, ഇത്തവണ യൂസി; ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തി ചഹല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടമായി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ ലോര്‍ഡ്‌സില്‍ കാഴ്ചവെച്ചത്.

സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍ ആളിക്കത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര ഒരുപിടി ചാരമാവുകയായിരുന്നു. എണ്ണം പറഞ്ഞ വെടിക്കെട്ട് വീരന്‍മാരെല്ലാം തന്നെ ചഹലിന്റെ സ്പിന്‍ കെണിയില്‍ ഈയലുകളെ പോലെ വന്ന് വീഴുകയായിരുന്നു.

ഇംഗ്ലണ്ട് സ്‌കോര്‍ 41ല്‍ നില്‍ക്കവെ ഓപ്പണര്‍ ജേസണ്‍ റോയ്‌യെ മടക്കി ഹര്‍ദിക്കാണ് ആദ്യ ഷോക്ക് കൊടുത്തത്. 33 പന്തില്‍ നിന്നും 23 റണ്‍സുമായാണ് റോയ് പുറത്തായത്.

റോയ്‌യെ നഷ്ടമായെങ്കിലും ജോണി ബെയര്‍സ്‌റ്റോ ചെറുത്ത് നില്‍പാരംഭിച്ചു. എന്നാല്‍ ചഹലിന്റെ കൈയിലേക്ക് പന്തെത്തിയതോടെ ബെയര്‍സ്‌റ്റോയും വീണു. 38 പന്തില്‍ നിന്നും 38 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നാലെ റെഡ്‌ബോള്‍ ക്യാപ്റ്റന്‍ ബെല്‍ സ്റ്റോക്‌സിനെയും മുന്‍ നായകന്‍ ജോ റൂട്ടിനെയും പുറത്താക്കി ചഹല്‍ കരുത്തുകാട്ടി.

21 പന്തില്‍ നിന്നും 11 റണ്‍സുമായി റൂട്ടും 23 പന്തില്‍ നിന്നും 21 റണ്‍സുമായി സ്‌റ്റോക്‌സും പുറത്തായി.

ഇവര്‍ക്കുപിന്നാലെയെത്തിയ ബട്‌ലറിനെ പുറത്താക്കി മുഹമ്മദ് ഷമിയും സ്‌കോര്‍ ഉയര്‍ത്തിയ ലിയാം ലിവിങ്‌സ്റ്റണെ പുറത്താക്കി ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയ്ക്ക് ആവശ്യമായ ബ്രേക്ക് ത്രൂ നല്‍കി.

64 പന്തില്‍ നിന്നും 47 റണ്‍സുമായി ഇംഗ്ലണ്ട് ഇന്നിങ്‌സ് മുന്നോട്ട് ചലിപ്പിച്ച സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയെ പുറത്താക്കി ചഹല്‍ വീണ്ടും ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു.

47 റണ്‍സ് വഴങ്ങിയാണ് താരം ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീഴ്ത്തിയത്. ലോര്‍ഡ്‌സില്‍, ഏകദിന ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് ഫിഗറാണിത്.

ഇതോടെ 43 ഓവര്‍ പിന്നിടുമ്പോള്‍ 213ന് ഏഴ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ജയിക്കാനായാല്‍ ടി-20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

Content Highlight: Chahal picks up 4 wickets in second ODI against England

We use cookies to give you the best possible experience. Learn more