ടി-20 പരമ്പരയിൽ ശ്രീലങ്കയെ തോൽപ്പിച്ചതിന് ശേഷം ഏകദിനത്തിലും ജൈത്രയാത്ര തുടരുകയാണ് ഇന്ത്യൻ ടീം. വ്യാഴാഴ്ച നടന്ന രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റിനാണ് ലങ്കക്കെതിരെ ടീം ഇന്ത്യ വിജയം വരിച്ചത്.
ഇതോടെ ആദ്യ ഏകദിനത്തിൽ 67 റൺസിന് വിജയിക്കാൻ സാധിച്ചതോടെ മൂന്ന് മത്സര പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കാൻ ടീം ഇന്ത്യക്ക് സാധിച്ചു.
എന്നാലിപ്പോൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ടീമിൽ തുടരാൻ സാധിക്കാത്ത താരം എന്ന തന്റെ ചീത്തപ്പേര് കുൽദീപ് യാദവിനെ അടുത്തൊന്നും വിട്ട് പോകാൻ സാധ്യതയില്ലെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ഒരുപാട് നാളുകൾക്ക് ശേഷം ടീമിൽ കളിക്കാൻ ലഭിച്ച അവസരം നന്നായി വിനിയോഗിച്ച കുൽദീപ് 10 ഓവറിൽ വെറും അഞ്ച് റൺസ് എക്കോണമിയിൽ 51 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഈ പ്രകടനത്തോടെ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയി താരം തെരെഞ്ഞെടുക്കപ്പെട്ടു.
എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചെങ്കിലും യുസ്വേന്ദ്ര ചഹൽ തിരിച്ചെത്തിയാൽ കുൽദീപിന്റെ ടീമിലുള്ള സ്ഥാനം തെറിക്കാൻ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റെറ്ററുമായ ആകാശ് ചോപ്ര.
“ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ പ്ലെയർ ഓഫ് ദി മാച്ച് ആകാൻ കുൽദീപിന് സാധിച്ചു. എന്നാൽ രണ്ടാം മത്സരത്തിൽ നിന്നും അവനെ ഒഴിവാക്കി. ഇപ്പോൾ ലങ്കക്കെതിരെ അവൻ നന്നായി കളിച്ചു. പക്ഷെ അത് കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ചഹാൽ തിരിച്ചെത്തിയാൽ വീണ്ടും അവൻ ടീമിന് പുറത്താകുമെന്നാണ് എനിക്ക് തോന്നുന്നത്,’ ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
കൂടാതെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുൽദീപിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഇന്ത്യൻ ടീമിന്റെ ഭാവി താരമാണ് കുൽദീപ് എന്നാണ് താരത്തെ ക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്.
മുമ്പ് ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ 40 റൺസും എട്ട് വിക്കറ്റും ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ച വെച്ച് പ്ലെയർ ഓഫ് ദി മാച്ച് ആയ കുൽദീപിനെ അടുത്ത മത്സരത്തിൽ ഉൾപ്പെടുത്താതിരുന്നത് വലിയ വാർത്തയായിരുന്നു.
എന്നാൽ പിച്ചിൽ ഈർപ്പത്തിന്റെ അംശംമുള്ളതിനാൽ ഹർഷൽ പട്ടേലിനെ കളിപ്പിക്കാനാണ് കുൽദീപിനെ മാറ്റിയതെന്നാണ് ക്യാപ്റ്റൻ കെ.എൽ.രാഹുൽ ഇതിന് മറുപടി നൽകിയത്.
അതേസമയം ജനുവരി 15നാണ് ലങ്കക്കെതിരെയുള്ള ഇന്ത്യയുടെ മൂന്നാം ഏകദിന മത്സരം.
Content Highlights:chahal perfomance is very well but he is continously out in national team