| Monday, 1st March 2021, 11:59 am

അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ കയ്യിലില്ല; വിതുമ്പിക്കൊണ്ട് ചാഡ്‌വിക് ബോസ്മാനുള്ള ഗോള്‍ഡന്‍ ഗ്ലോബ് ഏറ്റുവാങ്ങി ഭാര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്തരിച്ച ഹോളിവുഡ് നടന്‍ ചാഡ് വിക് ബോസ്മാന്റെ ഓര്‍മ്മകളില്‍ കണ്ണീരണിഞ്ഞ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദി. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത് ചാഡ്‌വിക് ബോസ്മാനായിരുന്നു. മാ റെയ്‌നി സംവിധാനം ചെയ്ത ബ്ലാക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ചാഡ്‌വിക് പുരസ്‌കാരം നേടിയത്.

ബോസ്മാന് വേണ്ടി ഭാര്യ ടെയ്‌ലര്‍ സിമോണ്‍ ലെഡ്‌വാര്‍ഡ് ബോസ്മാന്‍ ആയിരുന്നു അവാര്‍ഡ് സ്വീകരിച്ചത്. അതിനുശേഷം സിമോണ്‍ നടത്തിയ പ്രസംഗം പുരസ്‌കാരവേദിയെ മാത്രമല്ല, ലോകമെമ്പാടുമുള്ള ചാഡ്‌വിക് ആരാധകരെ കൂടിയാണ് നൊമ്പരപ്പെടുത്തുന്നത്.

‘അദ്ദേഹം ദൈവത്തിന് നന്ദി പറയുമായിരുന്നു. മാതാപിതാക്കളോടും നന്ദിയറിയിക്കും. തന്റെ പിതാമഹാന്മാര്‍ നടത്തിയ ത്യാഗങ്ങള്‍ക്കും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അദ്ദേഹം നന്ദി പറയുമായിരുന്നു,’ സിമോണ്‍ പറഞ്ഞു.

സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിനോടും അദ്ദേഹം നന്ദി പറയുമായിരുന്നെന്ന് ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞുകൊണ്ട് ഭാര്യ സിമോണ്‍ കൂട്ടിച്ചേര്‍ത്തു. സിനിമയിലും ജീവിതത്തിലും തന്നെ സഹായിച്ച നിരവധി പേര്‍ക്ക് അദ്ദേഹം നന്ദി പറയുമെന്നും സിമോണ്‍ പറഞ്ഞു.

‘അദ്ദേഹം മനോഹരമായി സംസാരിക്കുമായിരുന്നു. എല്ലാവരെയും പ്രചോദിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുമായിരുന്നു. പലതും ചെയ്യാന്‍ സാധിക്കുമെന്നും തളരാതെ മുന്നോട്ടുപോകൂവെന്നും നമ്മുടെ എല്ലാവരുടെയും ഉള്ളിലിരുന്ന് പറയുന്ന ആ ചെറിയ ശബ്ദത്തെ ശക്തമാക്കുന്ന വിധത്തില്‍ അദ്ദേഹം സംസാരിക്കുമായിരുന്നു. ഇപ്പോള്‍ ഈ സമയത്ത് എന്താണോ നിങ്ങള്‍ ചെയ്യേണ്ടത് അക്കാര്യത്തിനായി നിങ്ങളെ പ്രചോദിപ്പിക്കും,’

അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ കയ്യിലില്ല. എന്നാല്‍ നമ്മള്‍ സ്‌നേഹിക്കുന്നവരുടെ ഈ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ ആഘോഷിക്കണം. അതിനുള്ള അവസരം ഒരുക്കി നല്‍കിയതിന് നന്ദി പറയുന്നുവെന്നും സിമോണ്‍ പറഞ്ഞു. ചാഡ്‌വികിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു സിമോണ്‍ പ്രസംഗം അവസാനിപ്പിച്ചത്. നിരവധി പേരാണ് ഈ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.

ഏറെ നാളായി കാന്‍സര്‍ രോഗബാധിതനായിരുന്ന ചാഡ്‌വിക് ബോസ്മാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മരിച്ചത്. 43 വയസ്സായിരുന്നു.

ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മന്‍ പ്രശസ്തനാകുന്നത്. സൗത്ത് കരോലീനയിലെ ആന്‍ഡേഴ്സണില്‍ 1977 നവംബര്‍ 29 -നാണ് ബോസ്മന്റെ ജനനം. ആഫ്രിക്കന്‍ അമേരിക്കനായ കാരോലിന്റേയും, ലെറോയ് ബോസ്മാന്റേയും മകനായിരുന്നു.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡിജിറ്റല്‍ ഫിലിം അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ ബോസ്മാന്‍, സിനിമയോടുള്ള താത്പര്യം കാരണം 2008ല്‍ ലോസ് ആഞ്ചലസ്സിലേക്ക് താമസം മാറ്റുകയായിരുന്നു.

2003ല്‍ തേഡ് വാച്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ചാഡ്‌വിക് ബോസ്മാന്‍ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. നിരവധി നാടകങ്ങളും രചിച്ചു. 2008 -ല്‍ ലിന്‍കണ്‍ ഹൈറ്റ്സ് എന്ന് സീരിസില്‍ പ്രധാന വേഷം അവതരിപ്പിച്ചു. അതേ വര്‍ഷം ദി എക്സപ്രസ്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

2013 ല്‍ പുറത്തിറങ്ങിയ 42 എന്ന ചിത്രമാണ് ബോസ്മാനെ ഹോളിവുഡില്‍ ഒരു സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ദി എക്സ്പ്രസ്, ദ കില്‍ ഹോള്‍, 42 ഡ്രാഫ്റ്റ് ഡേ ഗെറ്റ് ഓണ്‍ അപ്പ്, ക്യാപ്റ്റന്‍ അമേരിക്ക, സിവില്‍ വാര്‍, അവഞ്ചേഴസ് എന്നിവയാണ് പ്രധാനപ്പെട്ട സിനിമകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ പസ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Chadwick Boseman wins Golden Globe for Best Actor, wife’s speech goes viral

We use cookies to give you the best possible experience. Learn more