ചടയമംഗലം കോണ്‍ഗ്രസിന് കീറാമുട്ടിയാകും; സ്ഥാനാര്‍ത്ഥി ആക്കണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണനും
കൊല്ലം:ചടയമംഗലം നിയോജക മണ്ഡലത്തില്‍ ലീഗിനെ മത്സരിപ്പിക്കാനുള്ള യു.ഡി.എഫ് ധാരണയില്‍ പരസ്യമായ എതിര്‍പ്പുകള്‍ വന്നതിന് പിന്നാലെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍.
ഒന്നുകില്‍ ചടയമംഗലം നിയോജക മണ്ഡലത്തില്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കണം, അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കണമെന്നാണ് പ്രയാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തനിക്ക് മത്സരിക്കാന്‍ താത്പര്യമുള്ളതായി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സോണിയാഗാന്ധി, കെ. സി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി എന്നിവരെ അറിയിച്ചിട്ടുണ്ടെന്നാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
ചടയമംഗലം മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന മുസ്‌ലിം ലീഗിന് എത്ര യൂണിറ്റ് ഉണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു.
മണ്ഡലത്തിലെ പരാജയ ചരിത്രം ആവര്‍ത്തിക്കാനാണോ മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും താത്പര്യമെന്നും അദ്ദേഹം ചോദിച്ചു.
പുനലൂര്‍, ചടയമംഗലം മണ്ഡലങ്ങള്‍ തമ്മില്‍ ലീഗിന് വെച്ചുമാറാന്‍ യു.ഡി.എഫില്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നും ഇത്തവണ പാര്‍ട്ടിക്ക് വിജയ സാധ്യതയുണ്ടെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത്.
മുല്ലക്കര രത്‌നാകരന്‍ വിജയിച്ച ചടയമംഗലം മണ്ഡലത്തില്‍ അദ്ദേഹം കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഇത് കോണ്‍ഗ്രസിന് അനുകൂലമായിരിക്കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത്.
ചടയമംഗലത്ത് മത്സരിക്കുന്നതിന്റെ യുക്തി മുസ്‌ലിം ലീഗ് തന്നെ ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
2006 മുതല്‍ ചടയമംഗലം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചത് സിപിഐ നേതാവായ മുല്ലക്കര രത്‌നാകരനാണ്. 2001 മുതല്‍ 2006 വരെയുള്ള കാലത്ത് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ചടയംമംഗലത്തെ എം.എല്‍.എ
ചടയമംഗലം സീറ്റ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിനിടെയാണ് സീറ്റ് ലീഗിന് വിട്ടുകൊടുക്കുന്നതില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിനകത്തുനിന്നും കോണ്‍ഗ്രസിനകത്തുനിന്നും എതിര്‍ സ്വരങ്ങള്‍ ഉയരുന്നത്.
Content Highlight: Chadayamangalam constituency will become trouble for congress