ചന്ദൗര്‍: യു.പി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശിലെ ബുന്ദല്‍ഖണ്ഡ് മേഖലയിലെ ചന്ദൗര്‍ ഗ്രാമവാസികള്‍. പ്രദേശത്തെ ഒരു പ്രൈമറി സ്‌കൂളിനു മുന്നില്‍ ഒത്തുകൂടിയാണ് ഇവര്‍ വോട്ടുചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നത്. 45,00ഓളം പേരാണ് കഴിഞ്ഞദിവസം ഇവിടെ ഒത്തുകൂടിയത്.
ഒരു രാഷ്ട്രീയപാര്‍ട്ടിയും, താമരയും, കൈപ്പത്തിയും, സൈക്കിളും, ആനയുമൊന്നും തങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും അതിനാല്‍ ഇനി വോട്ടുചെയ്യില്ലെന്നുമാണ് ഇവരുടെ തീരുമാനം. സ്‌കൂളിനു മുന്നില്‍ ഒത്തുകൂടിയ ഓരോരുത്തരായി മൈക്കിനു മുമ്പില്‍ വരികയും എന്തുകൊണ്ട് വോട്ടുചെയ്യില്ല എന്ന് വിശദീകരിക്കുകയും ചെയ്തു.
“ജനാധിപത്യം സമ്പന്നര്‍ക്കുവേണ്ടിയാണ്, ഞങ്ങള്‍ക്കുവേണ്ടിയല്ല” എന്നാണ് തനിക്കുതോന്നുന്നതെന്നാണ് പ്രദേശവാസിയായ ഗുജരാതിയ പറഞ്ഞത്. എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടുചെയ്യാന്‍ പോകാറുണ്ട്. പക്ഷെ ഇനിയതുണ്ടാവില്ലെന്നും അവര്‍ പറയുന്നു.
“എനിക്കു വിവാഹപ്രായത്തില്‍ എത്തിനില്‍ക്കുന്ന രണ്ടു കുട്ടികളുണ്ട്. പക്ഷെ ദിവസങ്ങളോളം പട്ടിണി കിടക്കുന്ന ഞങ്ങള്‍ക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല.” അവര്‍ പറഞ്ഞു.
തന്നെപ്പോലുള്ള നിരവധി യുവാക്കള്‍ പഠനം പൂര്‍ത്തിയാക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് കൂലിപ്പണിക്കാരനായ അനന്ദ് കുമാര്‍ പറയുന്നത്. “പഠിച്ചാല്‍ തന്നെ ജോലി ലഭിക്കുന്നില്ല.” എന്നാണ് ആര്‍ട്‌സില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയുള്ള തൊഴില്‍ രഹിതനായ ശിവ ബോധന്‍ പറയുന്നത്.
“ജോലി കിട്ടാന്‍ ആളുകള്‍ക്ക് കൈക്കൂലി നല്‍കണമെന്നിരിക്കെ ഞങ്ങളുടെ ബിരുദങ്ങള്‍ കൊണ്ട് എന്ത് പ്രയോജനം? രാഷ്ട്രീയക്കാര്‍ ഞങ്ങളോട് പറയാറുള്ളത് യുവാക്കളുടെ കാര്യം ശ്രദ്ധിക്കുമെന്നാണ്. ഇത് കേട്ടുകേട്ട് ഞങ്ങളുടെ കാതുകള്‍ തഴമ്പിച്ചു. ഞങ്ങള്‍ക്ക് ജോലിയില്ല. ഞങ്ങള്‍ വോട്ടും ചെയ്യില്ല.” ബോധന്‍ വ്യക്തമാക്കി.
കോടതികള്‍ പോലും തങ്ങളുടെ കേസുകള്‍ പരിഗണിക്കുന്നില്ലെന്നാണ് മല്‍ഖന്‍ ലാല്‍ പറയുന്നത്. “ഞങ്ങള്‍ പാവപ്പെട്ടവരാണ്. അതുകൊണ്ട് ഒരു ജഡ്ജിക്കും ഒരു വക്കീലിനും ഞങ്ങളുടെ കേസുകളില്‍ താല്‍പര്യമില്ല. അത് ഭൂമിയുടെതായാലും റേഷന്‍കാര്‍ഡ് പോലുള്ള വിഷയങ്ങളിലായാലും. അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും ഞങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നു. എന്നിട്ടും എല്ലാ തെരഞ്ഞെടുപ്പുകളിലും കഴുതകളെപ്പോലെ ഞങ്ങള്‍ പോയി വോട്ടു ചെയ്യുന്നു. ഇനിയതുണ്ടാവില്ല.” അദ്ദേഹം വ്യക്തമാക്കി.
ചന്ദൗര്‍ ഗ്രാമം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പോകുന്നത് രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു, എന്നാല്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒരിക്കലും അവര്‍ ശ്രദ്ധിച്ചിട്ടില്ലെന്ന് വില്ലേജ് പ്രധാന്‍ രാമചന്ദര്‍ പറയുന്നു. “എന്റെ ജനതയ്‌ക്കൊപ്പം ഞാനുമുണ്ട്. ഞങ്ങള്‍ 4500പേര്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യില്ല.” അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ് പിന്നീട് വോട്ടു ചെയ്യാന്‍ പോകുന്ന ചില ഗ്രാമങ്ങളുണ്ട്. എന്നാല്‍ ഇവിടെയതുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.