ചാഡ് പ്രസിഡന്റ് ഇദ്രിസ് ഡെബി കൊല്ലപ്പെട്ടു; പിന്നില്‍ പട്ടാളമോ മകനോ വിമതരോ: ദുരൂഹത
World News
ചാഡ് പ്രസിഡന്റ് ഇദ്രിസ് ഡെബി കൊല്ലപ്പെട്ടു; പിന്നില്‍ പട്ടാളമോ മകനോ വിമതരോ: ദുരൂഹത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th April 2021, 11:49 pm

ജമേന: ആഫ്രിക്കന്‍ രാജ്യമായ ചാഡിന്റെ പ്രസിഡന്റ് ഇദ്രിസ് ഡെബി കൊല്ലപ്പെട്ടു. രാജ്യാര്‍ത്തിയില്‍ വിമതരുമായി നടന്ന ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ആര്‍മി അറിയിച്ചു.

മുപ്പത് വര്‍ഷത്തിലേറെയായി ചാഡിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇദ്രിസ് ഡെബി, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും വിജയിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു ഫലപ്രഖ്യാപനം നടന്നത്. ആറാം തവണയും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

ചാഡിന്റെ ആര്‍മി വക്താവായ ജനറല്‍ അസേം ബെര്‍മാന്‍ഡോവ അഗ്വാനോ ആണ് പ്രസിഡന്റിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് വേണ്ടി പോരാടിക്കൊണ്ടാണ് അദ്ദേഹം യുദ്ധമുഖത്ത് ജീവന്‍ വെടിഞ്ഞതെന്ന് അഗ്വാനോ പറഞ്ഞു.

രാജ്യാതിര്‍ത്തിയില്‍ നാളുകളായി വിമതരും പട്ടാളവും തമ്മില്‍ കടുത്ത ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇവിടേക്ക് പ്രസിഡന്റ് എത്തുകയായിരുന്നെന്നും സൈന്യത്തിന് നിര്‍ദേശങ്ങള്‍ നല്‍കി ആക്രമണവുമായി മുന്നോട്ടു പോകുന്നതിനിടെ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു എന്നാണ് ആര്‍മി അറിയിച്ചിട്ടുള്ളത്.

അതേസമയം ഇദ്രിസ് ഡെബിയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ആര്‍മി നടത്തിയ നീക്കങ്ങളാണ് ഈ സംശയങ്ങള്‍ ബലപ്പെടുത്തുന്നത്.

ഇദ്രിസ് ഡെബിയുടെ മകന്‍ മഹാമത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് ആര്‍മി പ്രഖ്യാപിച്ചു കഴിഞ്ഞു. സൈന്യത്തിന്റെ ഉന്നത പദവിയിലുള്ള ആളാണ് മഹാമത്.

ചാഡിന്റെ ഭരണഘടന പ്രകാരം പ്രസിഡന്റ് മരണപ്പെട്ടാല്‍ സ്പീക്കര്‍ താല്‍ക്കലികമായി ആ പദവി ഏറ്റെടുക്കുകയും 40 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യണമെന്നാണ് നിയമം. ഒരിക്കലും ആര്‍മിയ്ക്ക് ഭരണത്തില്‍ നേരിട്ട് ഇടപെടാവില്ല.

എന്നാല്‍ മഹാമതിനെ പ്രസിഡന്റായി പ്രഖ്യാപിക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തതോടെ അട്ടിമറിയ്ക്കുള്ള സാധ്യതയാണ് മറനീക്കി പുറത്തുവരുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ചാഡിന്റെ ഭരണഘടനയും ആര്‍മി റദ്ദാക്കി. രാജ്യത്ത് നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യാതിര്‍ത്തികള്‍ അടച്ചു കഴിഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Chad’s President Idriss Deby dies after clashes with rebels, Army, his son and rebels are in doubt