മിഥുന്‍ മാനുവലും-ക്രൈംത്രില്ലറും ആലോചിച്ചപ്പോള്‍ എത്തുംപിടിയും കിട്ടിയില്ല ; ആദ്യം ചോദിച്ചത് ഏത് കൊറിയന്‍ പടം കോപ്പി അടിച്ചതാണെന്നാണ്; അഞ്ചാം പാതിരയെ കുറിച്ച് ചാക്കോച്ചന്‍
കൊച്ചി: കരിയറിലെ തന്നെ ആദ്യത്തെ ക്രൈം ത്രില്ലറുമായി എത്തുകയാണ് കുഞ്ചാക്കോ ബോബന്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിര ജനുവരി ആദ്യ വാരം തിയേറ്ററുകളില്‍ എത്തും.
എന്നാല്‍ മിഥുന്‍ മാനുവല്‍ തോമസില്‍ നിന്ന് ഇത്തരത്തില്‍ ഒരു കഥ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരിരുന്നു ചാക്കോച്ചന്റെ പ്രതികരണം.
ആട്, ആന്‍മരിയ കലിപ്പിലാണ് മുതലായ കോമഡി ഫീല്‍ഗുഡ് സിനിമചെയ്ത സംവിധായകനില്‍നിന്ന് ഇത്തരമൊരു കഥ പ്രതീക്ഷിച്ചിരുന്നില്ല. മിഥുന്‍ മാനുവലും-ക്രൈംത്രില്ലറും ആലോചിച്ചപ്പോള്‍ എത്തുംപിടിയും കിട്ടിയില്ല. നമ്മള്‍ പ്രതീക്ഷിക്കുന്ന ചേരുവയല്ല അഞ്ചാം പാതിരയുടേത് എന്നും ചാക്കോച്ചന്‍ പറയുന്നു.
മുന്‍വിധിയോടെയാണ് മിഥുനില്‍നിന്ന് കഥകേള്‍ക്കാന്‍ ഇരുന്നത്. പുള്ളി പോയാല്‍ ഏതുവരെ പോകും എന്നൊരു ധാരണയായിരുന്നു. എന്നാല്‍ കഥ കേട്ട് കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായിരുന്നെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.
കഥ പറഞ്ഞുകഴിഞ്ഞ് ഞാന്‍ മിഥുനിനോട് ആദ്യം ചോദിച്ചത്, ഇതിനുപിറകില്‍ ഏതുകൊറിയന്‍പടമാണ് എന്നാണ്. പക്ഷേ, ആത്മവിശ്വാസത്തോടെ മിഥുന്‍ പറഞ്ഞത്, ‘ഇത് ഒരു കൊറിയന്‍ പടത്തിലും കാണാന്‍ പറ്റില്ല’ എന്നായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ചിത്രം ജനുവരി പത്തിന് തിയേറ്ററുകളില്‍ എത്തും. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീതം. ഷൈജു ശ്രീധരന്‍ ആണ് എഡിറ്റിംഗ്.