കൊച്ചി: കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് നിഴല്‍. അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം ആരംഭിച്ചത്.
ത്രില്ലര്‍ മൂഡിലുള്ള ചിത്രമായിട്ടാണ് നിഴല്‍ ഒരുങ്ങുന്നതെങ്കിലും ലൊക്കേഷനിലെ കാര്യങ്ങള്‍ അത്ര ഡാര്‍ക്ക് അല്ല എന്നാണ് ആരാധകര്‍ പറയുന്നത്. ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച രസകരമായ വീഡിയോയ്ക്കാണ് ആരാധകര്‍ ഈ കമന്റ് ഇട്ടിരിക്കുന്നത്.
ഷൂട്ടിനിടെ നിലത്ത് വിരിച്ച ഒരു മാറ്റില്‍ നിന്ന് സ്റ്റിക്കര്‍ നീക്കാന്‍ പാടു പെടുന്ന വീഡിയോയാണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്.സ്റ്റിക്കര്‍ ഇളക്കിയെടുക്കാന്‍ വെള്ളം മുതല്‍ സ്‌ക്രൂ ഡ്രൈവര്‍ വരെ താരവും കൂടെയുള്ളവരും പ്രയോഗിക്കുന്നുണ്ട്.
ഏറ്റവും ലളിതമായ ജോലികള്‍ നിങ്ങളെ എളിയവനാക്കുമ്പോള്‍, ഒരു പേപ്പര്‍ സ്റ്റിക്കര്‍ കൊടുത്ത പണി എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ചാക്കോച്ചന്റെ പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നിഴലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. സുധീഷ്, ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവ് ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയ്‌ക്കൊപ്പം സംവിധായകന്‍ ഫെല്ലിനി ടി പി ഗണേഷ് ജോസ്, അഭിജിത് എം. പിള്ള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍.
ജിനു.വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എറണാകുളം, എഴുപ്പുന്നയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.45 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്
ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘ലൗ ആക്ഷന്‍ ഡ്രാമ’യിലാണ് നയന്‍ താര അവസാനമായി മലയാളത്തില്‍ വേഷമിട്ടത്. 2019ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക