'സ്ലോ മോഷന്‍ കൊണ്ടുമാത്രം സിനിമ നന്നാവില്ല; ശരാശരിയിലും താഴ്ന്ന മോശം തിരക്കഥ'; ചാവേറിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രത്തിന് എന്നാല്‍ മികച്ച അഭിപ്രായം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോഴിതാ സിനിമ കണ്ട നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന അഭിപ്രായങ്ങളാണ് ചര്‍ച്ചയാകുന്നത്.
കെട്ടുറപ്പില്ലാത്ത തിരക്കഥയിലൂന്നിയ ചിത്രമാണ് ചാവേര്‍ എന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ പങ്കുവെക്കുന്ന അഭിപ്രായം. ഇതിനോടൊപ്പം തന്നെ സിനിമയിലെ സ്ലോ മോഷന്റെ അതിപ്രസരവും കല്ലുകടിയായെന്ന് പലരും അഭിപ്രായപ്പെടുന്നു.
പെര്‍ഫോമന്‍സുകള്‍ കൊണ്ട് അഭിനേതാക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ചിത്രത്തില്‍ തിരക്കഥയില്‍ കാര്യമായി ഒന്നും തന്നെ ഇല്ല എന്നാണ് പ്രേക്ഷക പക്ഷം.
സിനിമയില്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസാരിക്കുന്ന സിനിമയില്‍ എന്നാല്‍ യാഥാര്‍ഥ്യവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒന്നും തന്നെ ഇല്ലെന്നും സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
‘ എല്ലാ സീനും സ്ലോമോഷനിലോ അള്‍ട്രാ സ്ലോമോഷനിലോ ഷൂട്ട് ചെയ്തു കാണിക്കുന്നതാണ് ടെക്‌നിക്കല്‍ ബ്രില്യന്‍സ് കാണിക്കാനുള്ള കുറുക്കുവഴി എന്ന് കരുതുന്ന ഒരു വിഭാഗം സിനിമാക്കാരുണ്ട്. ടിനു പാപ്പച്ചനാണ് ഇത്തരക്കാരില്‍ പ്രമുഖന്‍. ഒട്ടും ഗ്രിപ്പിങ് അല്ലാത്ത, രാഷ്ട്രീയമായി ഏറെക്കുറെ സംഘപരിവാരത്തോട് ചാഞ്ഞു നില്‍ക്കുന്ന ഒരു മോശം തിരക്കഥയാണ് ജോയ് മാത്യു ചാവേര്‍ എന്ന പടത്തിന് വേണ്ടി എഴുതിയിരിക്കുന്നത്.
ഈ ശരാശരി നിലവാരം പോലുമില്ലാത്ത തിരക്കഥയെ ടെക്‌നിക്കല്‍ ഗിമിക്‌സും സ്ലോമോഷനും കുത്തി നിറച്ച് ഒരു ബോറന്‍ പടമാക്കി മാറ്റുകയാണ് ടിനു പാപ്പച്ചന്‍ ചെയ്തിരിക്കുന്നത്.
സ്ലോമോഷന്‍ പ്ലേസ് ചെയ്യുന്നത് ഒരു കലയാണ്. ടിനു പാപ്പച്ചന് ആ കലാ വിരുതില്ല. അതുകൊണ്ട് തന്നെ എവിടെ സ്ലോമോഷന്‍ ഇടണം എന്ന് അയാള്‍ക്കൊരു ധാരണയില്ല. അപ്പോള്‍ ചെയ്യാന്‍ പറ്റുന്ന ഒരേയൊരു വഴി മൊത്തം പടം സ്ലോമോഷനില്‍ കാണിക്കുക എന്നതാണ്. അതാവുമ്പോ കാണുന്നവന്‍ സഹിച്ചാല്‍ മതിയല്ലോ. ഇത്തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ സിനിമ ഗ്രൂപ്പുകളില്‍ ചിത്രത്തിന് എതിരെ വരുന്ന വിമര്‍ശനം.
എന്തായാലും ചാവേര്‍ പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തിയില്ല എന്ന് തന്നെയാണ് ഈ അഭിപ്രായങ്ങള്‍ നല്‍കുന്ന സൂചന.
അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചാവേര്‍ നിര്‍മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം-ജിന്റോ ജോര്‍ജ്, എഡിറ്റര്‍-നിഷാദ് യൂസഫ്, മ്യൂസിക്-ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍-ഗോകുല്‍ ദാസ്,എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊയ്യും ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട്-പിം സുന്ദര്‍, മേക്കപ്പ് മാന്‍ സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് മൈക്കിള്‍.
Content Highlight: Chaaver movie gets social media critcism for weak script