| Sunday, 2nd July 2023, 5:57 pm

റഷ്മോര്‍ മലനിരകളെ ഓര്‍മിപ്പിച്ച് 'ചാവേര്‍'; 'കല്ലില്‍ കൊത്തിയ' ഫസ്റ്റ്‌ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ചാവേര്‍’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അമേരിക്കയിലെ നാല് രാഷ്ട്രത്തലവന്മാരുടെ മുഖം കൊത്തിവെച്ച റഷ്‌മോര്‍ മലനിരകളെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്.

ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് ഫസ്റ്റ് ലുക്കിലുള്ളത്. നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുഖഭാവങ്ങളുമായാണ് മൂവരും നില്‍ക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘അജഗജാന്തര’ത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്.

‘ചാവേറി’ലെ കുഞ്ചാക്കോ ബോബന്റെ മാസ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. അശോകന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ചാക്കോച്ചനെത്തുന്നത്. പറ്റെ വെട്ടിയ മുടിയും കട്ടത്താടിയും കലിപ്പ് നോട്ടവുമായിട്ടായിരുന്നു അശോകനായി ചാക്കോച്ചന്റെ വേഷപ്പകര്‍ച്ച.

‘ചാവേര്‍’ സിനിമയുടേതായി കഴിഞ്ഞ ദിവസം കേരളമൊട്ടാകെ ഒരു ലുക്ക് ഔട്ട് നോട്ടീസ് അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം ഏവരുടേയും വീടുകളിലേക്ക് എത്തിയിരുന്നതും വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായിരുന്നു. സിനിമയുടേതായി മുന്‍പ് പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ടീസറും സോഷ്യല്‍മീഡിയയില്‍ ഏവരും ഏറ്റെടുത്തിരുന്നു.

നടനും സംവിധായകനുമായ ജോയ് മാത്യു ‘അങ്കിളി’ന് ശേഷം തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, വി.എഫ്.എക്‌സ്: ആക്‌സല്‍ മീഡിയ, ഡിസൈന്‍സ്: മക്ഗുഫിന്‍, പി.ആര്‍.ഒ: ഹെയിന്‍സ്, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിങ്: സ്‌നേക്ക്പ്ലാന്റ്.

Content Highlight: chaaver movie first look poster

We use cookies to give you the best possible experience. Learn more