സി.എച്ച്. കണാരന്‍ തിയ്യ ധ്രുവീകരണം നടത്തിയെന്ന് വ്യാജപ്രചാരണം; ദാവൂദും സ്മൃതിയും മാപ്പുപറയണം
DISCOURSE
സി.എച്ച്. കണാരന്‍ തിയ്യ ധ്രുവീകരണം നടത്തിയെന്ന് വ്യാജപ്രചാരണം; ദാവൂദും സ്മൃതിയും മാപ്പുപറയണം
കെ.ടി. കുഞ്ഞിക്കണ്ണന്‍
Thursday, 9th May 2024, 4:28 pm
ഭൂപരിഷ്‌കരണവും സാര്‍വ്വത്രികവിദ്യാഭ്യാസവും ജനജീവിതം മെച്ചപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യവികസനവുമൊക്കയാണ് സി.എച്ച്. കണാരന്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ്പാര്‍ടി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണവിഷയമാക്കിയത്. മാത്രവുമല്ല മലബാറിന്റെ പിന്നോക്കാവസ്ഥയും മുസ്ലിം ജനതക്കെതിരായ ബ്രിട്ടീഷ് ഗവണ്‍മെന്റ് തുടങ്ങിവെച്ച വിവേചനപരമായ നിയമങ്ങളും ഭരണനടപടികളും അവസാനിപ്പിക്കേണ്ടതിനെക്കുറിച്ചും ആ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ പ്രചരണം നടത്തി. നാദാപുരത്തും ഈ ദിശയിലാണ് 1957-ലെ പ്രചരണങ്ങള്‍ നീങ്ങിയത്.

മീഡിയാവണ്ണിലെ സി. ദാവൂദും റിപ്പോര്‍ട്ടറിലെ സ്മൃതിപരുത്തിക്കാടും സി.എച്ച്. കണാരനെതിരെ നടത്തിയ ചരിത്രവിരുദ്ധപ്രചരണങ്ങള്‍ പിന്‍വലിച്ച് അതേ ചാനലുകളിലൂടെ കേരളീയ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണം. എന്ത് തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ്, 1957-ല്‍ പ്രഥമ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും സി.എച്ച്. കണാരനും സാമുദായികപ്രചരണം നടത്തിയെന്ന് ഇരുവരും ആരോപിക്കുന്നത്?

നവോത്ഥാനത്തിന്റെയും ദേശീയസ്വാതന്ത്ര്യസമരത്തിന്റെയും തൊഴിലാളി കര്‍ഷകസമരമുന്നേറ്റങ്ങളുടെയും ചരിത്രാനുഭവങ്ങളിലൂടെ വളര്‍ന്നുവന്ന ഒരു കമ്യൂണിസ്റ്റ് നേതാവാണ് സി.എച്ച്. കണാരന്‍.

സി.എച്ച്. കണാരന്‍

അദ്ദേഹത്തെ ചരിത്രത്തിന്റെ ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് അപമാനിക്കാന്‍ ദാവൂദിനും സ്മൃതിക്കും ആരാണധികാരം നല്‍കിയത്? 1957-ലെ തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് സി.എച്ച്. കണാരനെ ജയിപ്പിക്കാന്‍ തിയ്യധ്രുവീകരണമുണ്ടാക്കിയെന്ന വാദത്തിന് എന്തടിസ്ഥാനമാണുള്ളത്.

സ്മൃതി പരുത്തിക്കാട്

സാമൂഹ്യമാധ്യമങ്ങളില്‍ ചരിത്രബോധമില്ലാത്ത ചിലര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ ഏറ്റുപിടിച്ച് ജനമനസ്സുകളില്‍ സ്വാധീനമുറപ്പിച്ച നേതാക്കളെ അപമാനിക്കാനും കമ്യൂണിസ്റ്റുകാര്‍ക്കെതിരായി തെറ്റായ നരേഷനുകള്‍ സൃഷ്ടിക്കാനുമുള്ള ദാവൂദിന്റെയും സ്മൃതിയുടെയും ശ്രമങ്ങള്‍ ചോദ്യംചെയ്യപ്പെടാതെ പോകരുത്. ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ അത്തരം നുണപ്രചരണങ്ങള്‍ ചോദ്യംചെയ്യപ്പെടുകയും തുറന്നുകാട്ടപ്പെടുകയും വേണം.

സി. ദാവൂദ്

1957-ല്‍ കമ്യൂണിസ്റ്റ്പാര്‍ടി കോണ്‍ഗ്രസിന്റെ അധികാരകുത്തകയ്ക്കും അവര്‍ മുന്നോട്ടുവെക്കുന്ന വികസനപാതക്കുമെതിരായ ഒരു ബദല്‍ വികസനനയം മുന്നോട്ടുവെച്ചാണ് മത്സരിച്ചത്. 1956-ലെ കമ്യൂണിസ്റ്റുപാര്‍ടിയുടെ തൃശൂര്‍ സമ്മേളനം അംഗീകരിച്ച കേരളവികസനരേഖയുടെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റുകാര്‍ ജനങ്ങളോട് വോട്ടുചോദിച്ചത്.

ഭൂപരിഷ്‌കരണവും സാര്‍വ്വത്രികവിദ്യാഭ്യാസവും ജനജീവിതം മെച്ചപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യവികസനവുമൊക്കയാണ് സി.എച്ച്. കണാരന്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ്പാര്‍ടി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണവിഷയമാക്കിയത്.

മാത്രവുമല്ല മലബാറിന്റെ പിന്നോക്കാവസ്ഥയും മുസ്‌ലിം ജനതക്കെതിരായ ബ്രിട്ടീഷ് ഗവണ്‍മെന്റ് തുടങ്ങിവെച്ച വിവേചനപരമായ നിയമങ്ങളും ഭരണനടപടികളും അവസാനിപ്പിക്കേണ്ടതിനെക്കുറിച്ചും ആ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ പ്രചരണം നടത്തി. നാദാപുരത്തും ഈ ദിശയിലാണ് 1957-ലെ പ്രചരണങ്ങള്‍ നീങ്ങിയത്.

നാദാപുരത്തെ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായ സി.എച്ച്. കണാരനെ തോല്‍പിക്കാന്‍ മുന്നിട്ടിറങ്ങിയത് അവിടുത്തെ ഭൂപ്രമാണിമാരായിരുന്നു.

അതില്‍ പ്രധാനം വളയത്തെ ഹിന്ദു ജന്മിമാരായിരുന്നു. മുത്തങ്ങച്ചാല്‍ മലയിലെ കര്‍ഷകരുടെ കൈവശഭൂമി തട്ടിയെടുത്ത ഭൂവുടമകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കമ്യൂണിസ്റ്റുകാരെ എല്ലാതരത്തിലും തകര്‍ക്കാനുള്ള നീക്കമാണ് ജന്മിവര്‍ഗങ്ങള്‍ നടത്തിയത്.

സി.എച്ച്. കണാരന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ വി.കെ. കുഞ്ഞമ്മദ് ഹാജിക്ക് ഹിന്ദു-മുസ്ലീം ഭൂപ്രമാണിമാരുടെ പിന്തുണ ഒരേപോലെ കിട്ടിയിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളുമായ പാവപ്പെട്ട കര്‍ഷകരുടെയും പറമ്പില്‍ പണിയെടുക്കുന്നവരുടെയും നേതാവെന്ന നിലയിലുള്ള സ്വാധീനവും പിന്തുണയുമാണ് സി.എച്ച്. കണാരനെ വന്‍ഭൂരിപക്ഷത്തിന് വിജയത്തിലെത്തിച്ചത്.

1957-ലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗും കമ്യൂണിസ്റ്റ്പാര്‍ടിയും ചില മണ്ഡലങ്ങളില്‍ പരസ്പരം സഹായിച്ചിരുന്നുവെന്നതും ഒരു ചരിത്രവസ്തുതയാണ്. താനൂര്‍, കൊടുവള്ളി തുടങ്ങിയ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ കമ്യൂണിസ്റ്റ്പാര്‍ടി ലീഗ് സ്ഥാനാര്‍ത്ഥികളെയാണ് പിന്തുണച്ചത്.

സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസിനൊപ്പം നിന്ന കത്തോലിക്കസഭ തൊട്ടുള്ള ജാതിമതസാമുദായിക ഗ്രൂപ്പുകളും കക്ഷികളും നീചമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ് ആ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ അഴിച്ചുവിട്ടത്. കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസമില്ലാത്തവരാണെന്നും അവര്‍ അധികാരത്തില്‍വന്നാല്‍ പള്ളികളും അമ്പലങ്ങളും ചുട്ടെരിക്കുമെന്നും അക്കാലത്ത് വ്യാപകമായി പ്രചാരണം നടന്നിരുന്നു.

കമ്യൂണിസ്റ്റ് വിരുദ്ധപ്രചരണവും കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനവും നടത്തിയ മുസ്‌ലിം ലീഗ് നേതാവ് ബാഫക്കിതങ്ങള്‍തന്നെ കമ്യൂണിസ്റ്റ്പാര്‍ടി അധികാരത്തില്‍വന്നശേഷം തന്റെ നേരത്തെയുള്ള നിലപാട് തിരുത്തി പ്രസ്താവനയിറക്കിയിട്ടുണ്ടെന്നതും ചരിത്രമാണ്.

ബാഫക്കി തങ്ങള്‍

മലബാറിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനുള്ള പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷം നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള ഇ.എം.എസ് സര്‍ക്കാരിന്റെ നടപടികളെ അഭിനന്ദിച്ച് ബാഫക്കി തങ്ങള്‍ നടത്തിയ പ്രസ്താവന;

”കേരളത്തില്‍ മലബാറിന്റെ പിന്നോക്കാവസ്ഥയെ മന്ത്രിസഭ മനസ്സിലാക്കി അംഗീകരിച്ചുകാണുന്നതില്‍ സന്തോഷമുണ്ട്. മലബാറിന്റെ അവികസിത പ്രദേശങ്ങളില്‍ വികസന പദ്ധതികള്‍ ആരംഭിച്ചുകാണുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. വിദ്യാലയങ്ങളുടെ പ്രവേശനകാര്യത്തിലും മറ്റ് പിന്നോക്ക സമുദായക്കാരോടൊപ്പം അവര്‍ക്ക് അപര്യാപ്തമെങ്കിലും പബ്ലിക്ക് സര്‍വ്വീസിലെ പ്രാതിനിധ്യത്തിലും ഖണ്ഡിതമായ തോത് നിര്‍ണയിച്ചതിന് മുസ്‌ലിങ്ങള്‍ ഗവണ്‍മെന്റിനോട് നന്ദിയുള്ളവരാണ്.”

ഇനി ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്ന് പരിശോധിച്ചുപോകാം. വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ സൈബര്‍വിംഗ് നടത്തിയ വര്‍ഗീയ വിദ്വേഷ പ്രചരണങ്ങളെയും ലൈംഗികാധിക്ഷേപങ്ങളെയും സാധൂകരിക്കാനും ഇടതുപക്ഷക്കാരാണ് വര്‍ഗീയപ്രചരണം നടത്തിയതെന്ന് വരുത്തിതീര്‍ക്കാനും അതിന് ചരിത്രപരമായ അടിസ്ഥാനം സൃഷ്ടിക്കാനുമാണ് ദാവൂദും സ്മൃതിയും ശ്രമിച്ചത്.

ഷാഫി പറമ്പില്‍

ഷാഫിപറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്ത അന്നുമുതല്‍ ശൈലജ ടീച്ചറെ വ്യക്തിഹത്യചെയ്യാനുള്ള പ്രചരണതന്ത്രങ്ങളാണ് യു.ഡി.എഫിന്റെ സൈബര്‍വിങ് പയറ്റിനോക്കിയത്. അതുകൊണ്ടൊന്നും ടീച്ചറുടെ സ്വീകാര്യതയും വ്യക്തിത്വവും ജനങ്ങള്‍ക്കിടയില്‍ തകര്‍ക്കാനാവില്ലെന്ന് വന്നതോടെയാണ് വന്യമായ വര്‍ഗീയാവേശത്തോടെ ടീച്ചറെ മുസ്‌ലിം വിരുദ്ധയാക്കാനുള്ള ഫെയ്ക്ക് വീഡിയോകളും പോസ്റ്ററുകളും വ്യാപകമായി പ്രചരിപ്പിച്ചത്.

കെ.കെ. ഷൈലജ

റിപ്പോര്‍ട്ടര്‍ ചാനലിന്റെ അശ്വമേധം പരിപാടിയുടെ ഭാഗമായി ടീച്ചറുമായി നാദാപുരത്ത് വെച്ച് ഡോ. അരുണ്‍കുമാര്‍ നടത്തിയ സംഭാഷണത്തെ എഡിറ്റ് ചെയ്ത് ടീച്ചര്‍ മുസ്‌ലിങ്ങളെല്ലാം വര്‍ഗീയവാദികളാണെന്ന് പറയുന്നതരത്തിലുള്ള വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിച്ചു.

ഇത് റിപ്പോര്‍ട്ടര്‍ ചാനലിന്റെ തന്നെ ശ്രദ്ധയിലേക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൊണ്ടുവരികയും ഡോ. അരുണ്‍തന്നെ താനുമായുള്ള അഭിമുഖം തെറ്റായി എഡിറ്റുചെയ്ത വ്യാജ വീഡിയോ ആണ് യു.ഡി.എഫ് പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നതെന്നും അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജനങ്ങളെ അറിയിച്ചു. റിപ്പോര്‍ട്ടര്‍ ചാനലും എല്‍.ഡി.എഫ് വടകര മണ്ഡലം കമ്മറ്റിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ പേരില്‍ കേസുകളെടുത്തു.

ഇതുകൊണ്ടൊന്നും ഷാഫിയുടെ സൈബര്‍സംഘം ടീച്ചറെ മുസ്‌ലിം വിരുദ്ധയാക്കുന്നതില്‍നിന്ന് പിന്‍മാറിയില്ല.

കഴിഞ്ഞവര്‍ഷം കോഴിക്കോട് നടന്ന കൃഷ്ണപിള്ള സ്മൃതി സെമിനാറില്‍ ടീച്ചര്‍ നടത്തിയ സുദീര്‍ഘമായ ഒരു പ്രസംഗത്തെ എഡിറ്റു ചെയ്ത് ടീച്ചര്‍ ഇസ്‌ലാമിനെയും പ്രവാചകനെയും അപമാനിച്ചുവെന്ന രീതിയില്‍ ഫെയ്ക്ക് വീഡിയോകള്‍ പ്രചരിപ്പിച്ചു.


കൃഷ്ണപിള്ള സ്മൃതി സെമിനാറില്‍ കെ.കെ. ശൈലജ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഇത് ഫെയ്ക്ക് വീഡിയോയെന്നറിയാതെ നവാസ് മാന്നാനിയെപോലുള്ള പല ഇസ്‌ലാമിക പണ്ഡിതരും ടീച്ചര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടു. ടീച്ചറുടെ പ്രസംഗത്തിന്റെ യഥാര്‍ത്ഥ വീഡിയോ അവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ പോസ്റ്റുകള്‍ പിന്‍വലിച്ചു തങ്ങള്‍ക്കുപറ്റിയ തെറ്റ് ഏറ്റുപറഞ്ഞു.

എന്നിട്ടും നവാസ് മാന്നാനിയെപോലുള്ള പണ്ഡിതരുടെ പേരില്‍ ഫെയ്ക്ക് പോസ്റ്ററുകളുണ്ടാക്കി യു.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. എന്തിന് ആദരണീയനായ കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരുടെ പേരില്‍ വ്യാജ ലെറ്റര്‍ഹെഡുണ്ടാക്കി പ്രചാരണം നടത്തി.

മാതൃഭൂമി ഓണ്‍ലൈനിന്റെ പോസ്റ്റര്‍ മാതൃകയുണ്ടാക്കി കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞുവെന്ന് വ്യാപകമായ പ്രചരണം നടത്തി. മീഡിയാവണിന്റെ ഓണ്‍ലൈന്‍ പോസ്റ്റര്‍ മാതൃകയുണ്ടാക്കി കാന്തപുരത്തിന്റെ പേരില്‍ ടീച്ചറമ്മയല്ല ബോംബമ്മയാണെന്ന് ഫെയ്ക്ക് പോസ്റ്റര്‍ പ്രചരിപ്പിച്ചു.

ഈയൊരു സാഹചര്യത്തിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ യു.ഡി.എഫ് നടത്തുന്ന വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്കും ലൈംഗിക അധിക്ഷേപങ്ങള്‍ക്കുമെതിരെ ശൈലജ ടീച്ചര്‍ വടകരയില്‍ പത്രസമ്മേളനം വിളിക്കുന്നതും മാധ്യമപ്രവര്‍ത്തകരോട് യു.ഡി.എഫ് കേന്ദ്രങ്ങള്‍ നടത്തുന്ന അധാര്‍മ്മികവും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധവുമായ പ്രചാരണങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.

ടീച്ചര്‍ വളരെ വ്യക്തതയോടുകൂടി, ഒരു സംശയത്തിനുമിടനല്‍കാത്ത രീതിയില്‍ ഫെയ്ക്ക് വീഡിയോകളും പോര്‍ണോ ചിത്രങ്ങളും തനിക്കെതിരെ പ്രചരിപ്പിക്കുന്നുവെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത് (ടീച്ചറുടെ പത്രസമ്മേളനത്തിന്റെ വീഡിയോ പൂര്‍ണമായി സാമൂഹ്യമാധ്യമങ്ങളിലുണ്ട്).

ഈ പത്രസമ്മേളനത്തിനുശേഷം യു.ഡി.എഫ് പ്രൊഫൈലുകളില്‍ ടീച്ചറെ നീചമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളും കമന്റുകളുമാണ് നിറഞ്ഞത്. എവിടെ ടീച്ചറുടെ ‘ഗ്രാനി സെക്സ്’ തുടങ്ങി എന്തെല്ലാം വൃത്തികേടുകളാണ് വര്‍ഗീയ, അശ്ലീല സംസ്‌കാരത്തിന്റെ ഉന്മാദങ്ങളില്‍ ഉറഞ്ഞുതുള്ളുന്ന സൈബര്‍ ക്രിമിനലുകള്‍ തള്ളിവിട്ടത്.

നമ്മുടെ പ്രബുദ്ധതയെയും സംസ്‌കാരത്തെയും അശ്ലീലകരമാക്കുന്ന യു.ഡി.എഫ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണങ്ങളെ അപലപിക്കാനോ തടയാനോ ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ ഷാഫി പറമ്പില്‍ തയ്യാറായില്ല എന്ന കുറ്റകരമായ കാര്യമാണ് ദാവൂദും സ്മൃതിയും ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ മറച്ചുപിടിച്ച് ഇപ്പോള്‍ ഇരകളെതന്നെ അപരാധിയാക്കുന്ന തന്ത്രം പയറ്റുന്നത്.

വടകരയില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ ടീച്ചറോട് യു.ഡി.എഫുകാര്‍ പോര്‍ണോ വീഡിയോ എവിടെയെന്ന് ചോദിക്കുന്നുണ്ടല്ലോ, അങ്ങനെയൊന്നില്ലേ എന്ന ചോദ്യമുന്നയിച്ചപ്പോഴാണ് ടീച്ചര്‍ വീഡിയോ ഉണ്ടെന്നല്ല പറഞ്ഞത് പോര്‍ണോ ചിത്രമുണ്ടെന്നാണ് പറഞ്ഞതെന്ന് മറുപടി നല്‍കിയത്.

ഷാഫിക്കുവേണ്ടി പ്രചരണം നടത്തുന്ന ട്രോള്‍ റിപ്പബ്ലിക്-ടി.ആര്‍ എന്ന ഇന്‍സ്റ്റ-എഫ്.ബി പേജുവഴിയാണ് പോര്‍ണോ ചിത്രത്തില്‍ ടീച്ചറുടെ തലവെട്ടിയൊട്ടിച്ച് യു.ഡി.എഫുകാര്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ടീച്ചര്‍ നല്‍കിയ പരാതിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തിട്ടുമുണ്ട്.

മോഡിസര്‍ക്കാരിനെതിരായി ഉന്നയിക്കേണ്ട എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി യു.ഡി.എഫ് ക്യാമ്പുകള്‍ വര്‍ഗീയ പ്രചരണങ്ങളിലേക്ക് വടകരയിലെ തെരഞ്ഞെടുപ്പ് ക്യാമ്പയിനെ വഴിതിരിച്ചുവിടുകയാണ് ചെയ്തത്. മതാരാധനക്കുള്ള സ്ഥലങ്ങളെപോലും തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷാഫിക്ക് നോട്ടീസ് അയക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വടകരയില്‍ നടന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ഷാഫി നടത്തിയിട്ടുള്ള പ്രചാരണപരിപാടികളുടെ പേരില്‍ നിരവധി പരാതികള്‍ ഇലക്ഷന്‍ കമ്മീഷന്റെയും വരണാധികാരിയുടെയും മുമ്പിലുണ്ട്. ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് ദാവൂദിനെയും സ്മൃതിയെയും പോലുള്ളവര്‍ ഇടതുപക്ഷക്കാരാണ് വര്‍ഗീയപ്രചരണം നടത്തിയത് അതിന് ചരിത്രപരമായ അടിസ്ഥാനമുണ്ട് എന്നൊക്കെ പറയുന്നത്.

content highlights ; CH Kanaran who polarized Thiya: Dawood and Smriti should apologize

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍