വടകര: ടി.പി ചന്ദ്രശേഖരനെ വധിക്കാനുളള ഗൂഢാലോചനയില്‍ ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകനും, ഏരിയാ കമ്മിറ്റിയംഗം കെ.കെ കൃഷ്ണനും പങ്കുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ക്കെതിരെയുള്ള കേസ് ഡയറിയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറലാണ് ഹാജരായത്. സി.എച്ച് അശോകന്‍, കെ.കെ കൃഷ്ണന്‍ എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ചന്ദ്രശേഖരന്‍ അധികനാള്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവായി നടക്കില്ലെന്ന് സി.എച്ച് അശോകന്‍ പ്രസംഗിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. റവല്യൂഷണറി പാര്‍ട്ടിയെ ഇല്ലാതാക്കുകയായിരുന്നു സി.പി.ഐ.എമ്മിന്റെ ലക്ഷ്യം. തെങ്ങിന്‍ പൂക്കുലപോലെ ചന്ദ്രശേഖരന്റെ തല ചിതറുമെന്ന് കെ.കെ കൃഷ്ണന്‍ പറഞ്ഞതായി കെ.കെ രമ മൊഴി നല്‍കിയിട്ടുണ്ട്. ചന്ദ്രശേഖരന് വധഭീഷണിയുണ്ടായിരുന്നതായി രമയുടെ മൊഴിയില്‍ നിന്നും മനസ്സിലായെന്നും എ.ജി കോടതിയെ അറിയിച്ചു.
ചന്ദ്രശേഖരന്റെ ഭാര്യ രമയുടേത് അടക്കമുള്ള സാക്ഷിമൊഴികളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചതല്ലാതെ കേസുമായി ബന്ധപ്പെടുത്തുന്ന യാതൊരു തെളിവുകളും ഇല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കേസുമായി ബന്ധപ്പെട്ട് വടകര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇവരെ റിമാന്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും അത് മറച്ചുവെച്ചു, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.