കോഴിക്കോട്: ടി. പി. ചന്ദ്രശേഖരനെ കൊലചെയ്തതിന് പിന്നില്‍ വ്യവസായ താത്പര്യമെന്ന് അറസ്റ്റിലായ ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്‍. അശോകന്റെ ജാമ്യ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ്സ് ബന്ധമുള്ള വ്യവസായിക്ക് വേണ്ടിയാണ് കൊലചെയ്തതെന്നും അന്വേഷണസംഘം കോണ്‍ഗ്രസ്സ് നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അശോകന്‍ തന്റെ ഹര്‍ജിയില്‍ പറയുന്നു.
വ്യവസായിയുടെ പേര് ഹരജിയില്‍ പറഞ്ഞിട്ടില്ല. അഴിയൂരിലെ ഒരു കുടിവെള്ള ബോട്ടിലിങ് പ്ലാന്റുമായി ബന്ധപ്പെട്ടാണ് ഈ വ്യവസായിക്ക് ചന്ദ്രശേഖരനോട് വൈരാഗ്യം ഉണ്ടാകുന്നത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ പ്ലാന്റിനെതിരെ ചന്ദ്രശേഖരന്‍ ബഹുജനങ്ങളെ അണിനിരത്തി സമരം സംഘടിപ്പിച്ചിരുന്നു. ഈ സമരം കാരണം ലക്ഷക്കണക്കിന് രൂപ മുതലിറക്കിയ പ്ലാന്റ് ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ വൈരാഗ്യമായിരിക്കാം ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ കാരണമെന്നും അശോകന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
തന്റെ ഭാഗം കേള്‍ക്കാതെയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘം നീങ്ങുന്നത്. കേന്ദ്ര, ആഭ്യന്തരമന്ത്രിമാരാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുന്നതെന്നും ഹരജിയില്‍ പറയുന്നു.
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനെ അനുസ്മരിപ്പിക്കുന്ന മര്‍ദനമുറയാണ് പോലീസില്‍ നിന്നുണ്ടായതെന്നും ജാമ്യാപേക്ഷയില്‍ പരാമര്‍ശമുണ്ട്.
കേസില്‍ മെയ് 24ന് അറസ്റ്റിലായ സി.എച്ച് അശോകന്‍ കസ്റ്റഡിയിലാണിപ്പോള്‍. കൊല നടക്കുമെന്ന് അറിഞ്ഞിട്ടും അക്കാര്യം മറിച്ചുവെച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ജാമ്യമില്ലാ വകുപ്പാണിത്.
സി.പി.ഐ.എം കുന്നുമക്കര ലോക്കല്‍ കമ്മിറ്റിയംഗമായ കെ.സി രാമചന്ദ്രനെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. ഗൂഢാലോചനയില്‍ അശോകനും കൃഷ്ണനും പങ്കെടുത്തിരുന്നെന്നു രാമചന്ദ്രന്‍ പൊലീസിനെ അറിയിച്ചിരുന്നു. കൊലപാതക വിവരം അശോകനും കൃഷ്ണനും അറിയാമായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അശോകനെ അറസ്റ്റു ചെയ്തത്.
ഒന്നരവര്‍ഷം മുന്‍പു ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നെന്നു രാമചന്ദ്രന്‍ പൊലീസിനോടു പറഞ്ഞിരുന്നു. ക്വട്ടേഷന്‍ സംഘാംഗമായ കിര്‍മാനി മനോജിനെയാണ് ഈ ദൗത്യം ഏല്‍പ്പിച്ചത്. അന്നു ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തവരില്‍ താനും ഉള്‍പ്പെടുന്നെന്ന് രാമചന്ദ്രന്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.