ജനങ്ങള്‍ക്കുവേണ്ടത് പിളരാത്ത കേരള കോണ്‍ഗ്രസ്: സി.എഫ് തോമസ്
Kerala
ജനങ്ങള്‍ക്കുവേണ്ടത് പിളരാത്ത കേരള കോണ്‍ഗ്രസ്: സി.എഫ് തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2019, 11:04 am

കേരള കോണ്‍ഗ്രസ്-എമ്മിലെ സമവായ സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് സി.എഫ് തോമസ്. വിവിധ നേതാക്കള്‍ സമവായത്തിനായി ഇടപെടുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മധ്യസ്ഥശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് യോജിച്ച കേരള കോണ്‍ഗ്രസാണ് ജനങ്ങളുടെ ആഗ്രഹമെന്നും അതിന് അനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നുമായിരുന്നു സി.എഫ് തോമസിന്റെ മറുപടി.

കേരളാ കോണ്‍ഗ്രസ് എമ്മിനെ പിളര്‍പ്പില്‍ നിന്നു രക്ഷിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവസാനഘട്ട ശ്രമത്തിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഇന്ന് രാവിലെ പി.ജെ ജോസഫുമായും ജോസ് കെ. മാണിയുമായും ഫോണില്‍ സംസാരിച്ചു.

ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് നേതാക്കളോട് ഇരുവരും പറഞ്ഞത്. പിളര്‍പ്പ് ഒഴിവാക്കണമെന്ന നേതാക്കളുടെ ആവശ്യത്തോട് അനുകൂലമായല്ല ഇരുവരും പ്രതികരിച്ചത്.

പിളര്‍പ്പിന് മുന്നോടിയായി ഇന്ന് ജോസ് കെ. മാണി വിളിച്ചു ചേര്‍ക്കുന്ന ബദല്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും പി.ജെ ജോസഫിന്റെ ഇ-മെയില്‍ സന്ദേശം ലഭിച്ചതിനു തൊട്ടുപിറകെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന സമിതി യോഗം വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് മെയിലില്‍ പറഞ്ഞു. താന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.