സി.എഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകും; വിട്ടുപോയവര്‍ തെറ്റുതിരുത്തി മടങ്ങിവന്നാല്‍ ഒന്നിച്ചു പോകാമെന്നും പി.ജെ ജോസഫ്
കൊച്ചി: മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ സി.എഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്ന് പി.ജെ ജോസഫ്. കൊച്ചിയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) നേതൃ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയിലുള്ള കേസ് തീര്‍പ്പായ ശേഷം ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്നു വിട്ടുപോയവര്‍ തെറ്റുതിരുത്തി മടങ്ങിവന്നാല്‍ ഒന്നിച്ചു പോകാമെന്നും പാര്‍ട്ടി ഭരണഘടന അനുസരിച്ച് അധികാരമുള്ള ഞങ്ങള്‍ വിളിക്കുന്നതാണ് ഔദ്യോഗിക യോഗമെന്നും പി.ജെ ജോസഫ് പറഞ്ഞു.
‘പാലാ നിയമസഭ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥി ആരായാലും തങ്ങള്‍ പിന്തുണക്കും. പാലായിൽ നിഷ ജോസ് കെ.മാണിയെയാണു മുന്നണി നിർദേശിക്കുന്നതെങ്കിൽ അവരെയും പിന്തുണയ്ക്കും. വിജയസാധ്യത ആര്‍ക്കാണെന്ന് മുന്നണിയില്‍ ചര്‍ച്ച ചെയ്യും. ആ ഘട്ടമെത്തുമ്പോള്‍ അഭിപ്രായം ചര്‍ച്ചയില്‍ വ്യക്തമാക്കും’- പി.ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകളില്‍ ആരുടെ കൂടെയാണ് ആളുള്ളതെന്ന് കാലം തെളിയിക്കുമെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.
അതേസമയം, ഇതാണു യഥാര്‍ഥ പാര്‍ട്ടി യോഗമെന്നും തങ്ങള്‍ ഒറ്റക്കെട്ടാണെന്നും സി.എഫ് തോമസ് പ്രതികരിച്ചു. മാണി വിഭാഗത്തിനൊപ്പമുണ്ടായിരുന്ന നേതാക്കളായ ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടന്‍, സജി മഞ്ഞക്കടമ്പന്‍ തുടങ്ങിയവരും നേതൃ സമ്മേളനത്തില്‍ പങ്കെടുത്തു.
ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായി കെ.എം മാണി ആവിഷ്‌ക്കരിച്ച കാരുണ്യ ലോട്ടറി പദ്ധതി അവസാനിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും പുതിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രാവര്‍ത്തികമാവും വരെയെങ്കിലും കാരുണ്യ പദ്ധതി തുടരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അതേസമയം, നേതാക്കള്‍ കേരള കോണ്‍ഗ്രസിന്റെ ഭരണഘടന പഠിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞു. ആക്ടിങ്, വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഭരണഘടനാപരമല്ല. താല്‍ക്കാലിക ചെയര്‍മാനും ഭരണഘടനയില്‍ ഇല്ല. കേരള കോണ്‍ഗ്രസ് (എം) മുന്നോട്ടു പോകും. യഥാര്‍ഥ പാര്‍ട്ടി ഏതെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിക്കട്ടേയെന്നും ജോസ് കെ മാണി പറഞ്ഞു.