ഇന്നും ഇന്നലേയും നാളേയും കേരള കോണ്‍ഗ്രസ് എമ്മിനോടൊപ്പം; ഒത്തുതീര്‍പ്പ് ശ്രമം തുടരുമെന്നും സി.എഫ് തോമസ്
കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുമെന്ന് മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് എം.എല്‍.എ. കേരള കോണ്‍ഗ്രസ് എം മുന്നോട്ടുതന്നെ പോകുമെന്നും സി.എഫ് തോമസ് പറഞ്ഞു.
‘പി.ജെ. ജോസഫുമായും ജോസ് കെ. മാണിയുമായും സംസാരിച്ച് ഒത്തുതീര്‍പ്പിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്ടി പിളര്‍ന്ന സാഹചര്യമുണ്ടായെങ്കിലും ഒത്തുതീര്‍പ്പിനുള്ള ശ്രമം ഇനിയും തുടരും’- സി.എഫ് തോമസ് പറഞ്ഞു.
‘മുതിര്‍ന്ന നേതാക്കള്‍ മുന്‍കരുതലെടുത്ത് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നു. എന്നാല്‍, അതിനിടെയാണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങിയിരിക്കുന്നത്. ഒത്തുതീര്‍പ്പിനുള്ള സാധ്യത മങ്ങിയിട്ടില്ല. എന്നാല്‍, കൂടുതല്‍ പ്രയാസകരമാണ്’- അദ്ദേഹം പറഞ്ഞു.
കെ.എം മാണി അടക്കമുള്ളവര്‍ക്കൊപ്പം നിന്ന് പാര്‍ട്ടിക്ക് പേരിട്ട അഞ്ചുപേരില്‍ ഒരാളാണ് താനെന്നും അതുകൊണ്ട് കേരള കോണ്‍ഗ്രസ് എമ്മിനോടൊപ്പമാണ് ഇന്നും ഇന്നലേയും നാളേയുമെന്നും സി.എഫ് തോമസ് പറഞ്ഞു.
കെ.എം.മാണി അന്തരിച്ചപ്പോള്‍ ഒഴിവുവന്ന ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കേരള കോണ്‍ഗ്രസിനെ വീണ്ടും പിളര്‍പ്പിലേക്ക് എത്തിച്ചത്. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പി.ജെ.ജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു.
437 അംഗ സംസ്ഥാന സമിതിയില്‍ 325 പേരും പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. മോന്‍സ് ജോസഫ്, സി.എഫ് തോമസ് എന്നീ എം.എല്‍.എമാര്‍ പി.ജെ ജോസഫിനൊപ്പമാണ്. റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നീ എം.എല്‍.എമാര്‍ ജോസ് കെ മാണിക്കൊപ്പവും.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ജോസഫ് വിഭാഗത്തോട് ഒപ്പമാണ്. സി.എഫ് തോമസ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.