| Friday, 25th June 2021, 3:11 pm

ജോര്‍ജ് മാഷ് പോയി... ചക്കംകണ്ടത്തുകാര്‍ക്ക് നീതി ലഭിച്ചതുമില്ല

അശോകന്‍ നമ്പഴിക്കാട് 

സി.എഫ്. ജോര്‍ജ് എന്ന ജോര്‍ജ് മാഷ് യാത്രയായി. ആര്‍ത്തികളുടെ ലോകത്ത് നിന്നും മാലിന്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന മനുഷ്യരില്‍ നിന്നും. സുസ്ഥിരവും അന്തസ്സുമുള്ള ജീവിതത്തിന് വേണ്ടി പോരാടുന്നവരെ തകര്‍ക്കുന്ന പ്രസ്ഥാനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട മാഷിന് വലിയ സല്യൂട്ട്. തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് പാവറട്ടിയിലാണ് മാഷുടെ നാട്. സ്‌കൂള്‍ അധ്യാപകനായി വിരമിച്ച അദ്ദേഹത്തിന് കേരളത്തിലെ പ്രമുഖരായ കലാകാരന്‍മാരുമായും റാഡിക്കല്‍ സാമൂഹ്യപ്രവര്‍ത്തകരുമായുമെല്ലാം അടുത്ത സൗഹൃദമുണ്ടായിരുന്നു.

മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ പരിസരങ്ങളില്‍ നിന്നും മാറി സ്വാതന്ത്ര്യത്തിലും നീതിയിലുമതിഷ്ഠിതമായ ഒരു ലോകക്രമത്തെക്കുറിച്ച് സ്വപ്‌നം കാണുന്നവരുടെ കൂട്ടായ്മയായിരുന്നു അത്. കലാമൂല്യപരവും സാമൂഹ്യപ്രസക്തവുമായ സാഹിത്യ കലാരൂപങ്ങളെക്കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകളും കലാപ്രവര്‍ത്തനങ്ങളും ഈ കൂട്ടായ്മയുടെ മുന്‍കൈയില്‍ നടന്നിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ രൂപപ്പെട്ട സിനിമകളില്‍ അഭിനയിക്കുകയും പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു അദ്ദേഹം. സിനിമയോടായിരുന്നു മാഷിന് ഏറെ അഭിനിവേശം.

കലയും സാമൂഹ്യപ്രവര്‍ത്തനവും പരസ്പരം ഒത്തുപോകുന്നതാണെന്ന് മാഷ് മനസ്സിലാക്കി. സാഹിത്യത്തോടും കലാപ്രവര്‍ത്തനങ്ങളോടുമുള്ള അഭിനിവേശം സഹജീവികളോടുള്ള ഉത്തരവാദിത്വമായി മാറുന്ന അവസ്ഥ. അങ്ങിനെയാണ് അദ്ദേഹം തന്റെ നാടിനോട് ചേര്‍ന്നുകിടക്കുന്ന ‘ചക്കംകണ്ടം’ എന്ന ഗ്രാമവാസികളുടെ ദുരിതങ്ങള്‍ മനസ്സിലാക്കുകയും അവരുടെ പോരാട്ടങ്ങളോടൊപ്പം കൂടുകയും ചെയ്തത്.

ജോര്‍ജ് മാഷ് എന്നറിയപ്പെട്ട സി.എഫ്. ജോര്‍ജ്. ചിത്രം: ഷഫീഖ് താമരശ്ശേരി

തെളിഞ്ഞ കായല്‍പ്പരപ്പുകളില്‍ കക്ക വാരിയും മീന്‍പിടിച്ചും ജീവിച്ച മനുഷ്യരെ നിത്യരോഗങ്ങളിലേക്കും ദുരിതങ്ങളിലേക്കും വലിച്ചെറിഞ്ഞ, മനുഷ്യ വിസര്‍ജ്യങ്ങളുടെ തള്ളലിനെതിരെ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് മാഷ് തന്റെ കഴിവുകള്‍ പൂര്‍ണമായും പ്രയോഗിച്ചു. ജീവിതത്തിലെ വലിയൊരു കാലം ആ പോരാട്ടങ്ങള്‍ക്കായി നിലകൊണ്ടു.

തീര്‍ത്ഥാടനകേന്ദ്രമായ ഗുരുവായൂരിലെത്തിച്ചേരുന്ന മനുഷ്യരുടെ വിസര്‍ജ്യങ്ങള്‍ മുഴുവന്‍ ഒഴുക്കിവിട്ടത് ചക്കംകണ്ടം കായലിലേക്കായിരുന്നു. ഈ കായലിന് ചുറ്റുമുള്ള ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതം കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി ദുരിത പൂര്‍ണമാണ്. നിരവധി സമരങ്ങള്‍ ഇവിടെ അരങ്ങേറി. ‘മലിനീകരണ വിരുദ്ധ സമിതി’യുടെ നേതൃത്വങ്ങള്‍ പല കാലങ്ങളില്‍ മാറിമറിഞ്ഞു വന്നെങ്കിലും അഴുക്കുകള്‍ ഒഴുകിയെത്തുന്നതിന് ഒരു കുറവും വന്നില്ല.

കക്ക വാരുന്നതിനും മീന്‍ പിടിക്കുന്നതിനും ആശ്രയിച്ചിരുന്ന കായല്‍ ഒന്നിനും കൊള്ളാതായി. പരിസര പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം കുടിക്കാന്‍ കഴിയാതായി. ശ്വാസകോശ രോഗങ്ങളും, ത്വക്കുരോഗങ്ങളും സര്‍വസാധാരണമായി. ഇവിടെ നിന്ന് പെണ്‍കുട്ടികളെ വിവാഹം കഴിക്കാനോ പെണ്‍കുട്ടികളെ ഇങ്ങോട്ടു വിവാഹം കഴിച്ചുവിടാനോ മറ്റു നാട്ടുകാര്‍ തയ്യാറായില്ല.

സമരങ്ങളെത്തുടര്‍ന്ന് ഗുരുവായൂരില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കാന്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. വര്‍ഷങ്ങളായി ഇപ്പോഴും പ്ലാന്റിന്റെ നിര്‍മാണം എങ്ങുമെത്താതെ കിടക്കുകയാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവരുടെ പ്രശ്‌നങ്ങളില്‍ യാതൊരു താത്പര്യവുമില്ല.

നഗരങ്ങളുടെ വളര്‍ച്ചയാണ് മാലിന്യം സൃഷ്ടിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഗുരവായൂരിലെത്തുന്ന ജനങ്ങളെ നിയന്ത്രിക്കുന്നത് മുതല്‍ ആളുകളെ താമസിപ്പിക്കുന്ന ഹോട്ടല്‍, ലോഡ്ജ് തുടങ്ങിയവര്‍ അവരുടെ മാലിന്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് വരെയുള്ള ആശയങ്ങള്‍ ജോര്‍ജ് മാഷ് അധികാരികളുടെ മുന്നില്‍ വെക്കുകയുണ്ടായി.

മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക എന്ന പുതിയ ആശയത്തിനാണ് അദ്ദേഹം ഊന്നല്‍ കൊടുത്തിരുന്നത്. ചക്കംകണ്ടത്തെയും ഗുരുവായൂരിലെയും ജനങ്ങള്‍ കുടിക്കുന്ന കുടിവെള്ളത്തിലെ മാരകമായ സൂക്ഷ്മജീവികളെക്കുറിച്ച് ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരെ കൊണ്ടുവന്ന് പരിശോധിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഇങ്ങനെ കണ്ടെത്തിയ റിപ്പോര്‍ട്ട് ഭയാനകമായിരുന്നു. ഈ ആധികാരിക റിപ്പോര്‍ട്ടുമായി മാഷ് കേരളത്തിലെ മിക്ക അധികാര സ്ഥാപനങ്ങളിലും കയറിയിറങ്ങിയിരുന്നു. എല്ലായിടത്തുനിന്നും പ്രതീക്ഷകളോടെയായിരുന്നു അദ്ദേഹം മടങ്ങിയത്. പക്ഷേ ഇതുവരെയും ചക്കംകണ്ടത്തുകാര്‍ക്ക് തീനി ലഭിച്ചിട്ടില്ല.

മാലിന്യത്താല്‍ ദുസ്സഹമായ ചക്കംകണ്ടം ഗ്രാമവാസികളുടെ ജീവിതമാണ് സാറ ജോസഫിന്റെ ‘ആതി’ നോവലിന്റെ അടിത്തറ. ജോര്‍ജ് മാഷും അതിലെ പ്രധാന കഥാപാത്രമാണ്. നഗരങ്ങള്‍ വികസിച്ചു ചീര്‍ക്കുമ്പോള്‍ അവരുടെ വിസര്‍ജ്യങ്ങളാല്‍(തീട്ടത്താല്‍) തകരുന്ന ഗ്രാമങ്ങള്‍ പെരുകിവരുന്ന ഈ കാലത്ത് ജോര്‍ജ് മാഷുടെ അസാനിദ്ധ്യം വളരെ വലുതാണ്.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CF George memoir – Ashokan Nambazhikkad

അശോകന്‍ നമ്പഴിക്കാട് 

സാമൂഹ്യപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്ര പ്രവര്‍ത്തകനുമാണ്. വയനാട്ടിലെ ആദിവാസി ഭൂസംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട പതിനൊന്നാം സ്ഥലം എന്ന സിനിമ നിര്‍മിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more