Kerala News
ആണും പെണ്ണും ഒരുമിച്ചിരുന്നതിന് ഇരിപ്പിടം വെട്ടിപ്പൊളിച്ച് നാട്ടുകാര്‍, എന്നാല്‍ പിന്നെ മടിയിലിരിക്കുമെന്ന് പിള്ളേര്‍; സദാചാരക്കാര്‍ക്ക് മറുപടിയുമായി സി.ഇ.ടി വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 20, 04:58 pm
Wednesday, 20th July 2022, 10:28 pm

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കി. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി )സമീപമാണ് സംഭവം. നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക് മാസ് മറുപടിയുമായാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.

ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം.

സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ആണും പെണ്ണും എവിടെയെങ്കിലും അടുത്തുടുത്തിരിക്കുന്നത് കണ്ടാല്‍ സദാചാരം മൂടിയ തലച്ചോറുള്ളവര്‍ക്ക് ഉടനെ കൃമികടി തുടങ്ങും. അങ്ങനെയുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ആണെങ്കില്‍ ആല്‍ബന്‍ഡസോള്‍ കൊടുക്കും.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ആസനത്തില്‍ ആപ്പടിക്കും. ദാ ദിതു പോലെ.. എന്നു തുടങ്ങി നിരവധി പേരാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: CET students slams moralists