| Sunday, 10th November 2019, 10:50 am

സി.ഇ.ടി ക്യാംപസില്‍ നിന്നും കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.ഇ.ടി ക്യാംപസില്‍ നിന്നും കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നെയ്യാറ്റിന്‍കര സ്വദേശി രതീഷ് കുമാറാണ് മരിച്ചത്. രതീഷിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ ആരോപിച്ചു. നെയ്യാറ്റിന്‍കരയില്‍ താമസിച്ചിരുന്ന രതീഷ് മുന്‍പ് കഞ്ചാവ് വില്പനക്കാരെ കുറിച്ചു എക്‌സൈസ് ന് വിവരം നല്‍കിയിരുന്നു. ഇതാണ് പകയ്ക്ക് കാരണമെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവര്‍ പലവട്ടം രതീഷിനെ മര്‍ദ്ദിച്ചിരുന്നുവെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

രതീഷിനെ കാണാതായ വിവരം അറിയിച്ചിട്ടും പൊലീസ് എത്താന്‍ വൈകിയെന്നാണ് ഇവര്‍ ആരോപിച്ചത്. കഴിഞ്ഞ രണ്ട് ദിവസവും പൊലീസ് കാര്യമായ തെരച്ചില്‍ നടത്തിയില്ലെന്നും ഇവര്‍ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാണാതായ ശേഷവും രതീഷിന്റെ മൊബൈല്‍, കോളജ് പരിസരത്ത് സിഗ്‌നല്‍ കാണിച്ചിട്ടും പൊലീസിന് കണ്ടെത്താനായില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. കാണാതായി, 24 മണിക്കൂറോളം സിഗ്‌നല്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

മകന്റെ മരണത്തില്‍ സംശയമുണ്ടെന്ന് അമ്മ ഗിരിജ പൊലീസിനോട് പറഞ്ഞു. ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് അമ്മ ആവശ്യപ്പെട്ടു. ആര്‍.ഡി.ഒ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.

സംഭവത്തില്‍ സ്വമേധയ ഇടപ്പെട്ടു കൊണ്ട് കൂടെ പഠിക്കുന്ന വിദ്യാര്‍ഥികളുടെയും പ്രിന്‍സിപ്പലിന്റെയും
അമ്മയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെടും എന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.

We use cookies to give you the best possible experience. Learn more