ഐസക് - ജയ്റ്റ്‌ലി ചര്‍ച്ച; കേന്ദ്ര ജി.എസ്.ടിയില്‍ കേരളത്തിനായി അധിക സെസ് പിരിക്കാന്‍ തീരുമാനം
Kerala
ഐസക് - ജയ്റ്റ്‌ലി ചര്‍ച്ച; കേന്ദ്ര ജി.എസ്.ടിയില്‍ കേരളത്തിനായി അധിക സെസ് പിരിക്കാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th September 2018, 5:28 pm

ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിനുള്ള സഹായധനം കണ്ടെത്താന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ സെസ് പിരിക്കാന്‍ ധാരണ. കേരള ധനമന്ത്രി തോമസ് ഐസക്കും, കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുത്തത്.

കേന്ദ്ര ജി.എസ്.ടിയിലാണ് കേരളത്തിന് തുക സമാഹരിക്കാന്‍ സെസ് ഏര്‍പ്പെടുത്തുക. ഇക്കാര്യം ജി.എസ്.ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.


ALSO READ: “മര്‍ദ്ദനത്തിന് മുന്‍പ് അയാള്‍ എന്നെ ബലാത്സംഗം ചെയ്തു; വയറ്റില്‍ ശക്തിയായി തൊഴിച്ചു”; പൊലീസുകാരന്റെ മകന്റെ മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍


കേരളത്തിനുള്ള തുക കണ്ടെത്താന്‍ മാത്രമാണ് സെസ് പിരിക്കുന്നതെന്നും, ഭാവിയില്‍ സമാനമായ സാഹചര്യമുണ്ടായാല്‍ ഇതില്‍ മാറ്റം വന്നേക്കാമെന്നും ധനമന്ത്രി തോമസ് ഐസക് ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തരുന്ന പ്രളയ ദുരിതാശ്വാസ സഹായത്തിന് പുറമേയാണ് അധികമായി ഏര്‍പ്പെടുത്തുന്ന സെസില്‍ നിന്നും തുക നല്‍കുക.


ALSO READ: ലിംഗ അനീതിയില്‍ ഇന്ത്യക്ക് ലോകത്ത് പന്ത്രണ്ടാം സ്ഥാനം; ആദ്യ ഇരുപതിലെ ഏക അനിസ്‌ലാമിക രാജ്യം


നേരത്തെ പ്രളയ കാരണം ഉണ്ടായ നാശനഷ്ടങ്ങൾ നേരിടാന്‍ കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ട് വെച്ചിരുന്നു. വിദേശത്ത് നിന്ന് വായ്പ എടുക്കുന്നതിന് അനുകൂലമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളതെന്ന് തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റ് വിദേശ സഹായത്തിന്റെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയാണ് തീരുമാനം എടുക്കേണ്ടത്.

അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള ചര്‍ച്ചയില്‍ കേരളത്തിന് അനുകൂല സമീപനമാണ് സ്വീകരിച്ചതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് വ്യക്തമാക്കി.