| Saturday, 14th September 2024, 4:10 pm

ലോകത്തിലെ ഐതിഹാസിക ഫുട്‌ബോളറല്ല, മറിച്ച് യോദ്ധാവ്... ടീം പ്ലെയര്‍; മെസിക്ക് പുറമെ തന്റെ മികച്ച സഹതാരങ്ങളെ കുറിച്ച് ഫാബ്രിഗസ്

സ്പോര്‍ട്സ് ഡെസ്‌ക്

മെസിക്ക് പുറമെ തനിക്കൊപ്പം പന്തുതട്ടിയതില്‍ മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് മുന്‍ ബാഴ്‌സലോണ സൂപ്പര്‍ താരവും മുന്‍ സ്‌പെയ്ന്‍ ഇന്റര്‍നാഷണലുമായ സെസ്‌ക് ഫാബ്രിഗസ്. ഗാരി ലിനേക്കറിന്റെ ദ റെസ്റ്റ് ഈസ് ഫുട്‌ബോള്‍ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഫാബ്രിഗസ് തന്റെ ഏറ്റവും മികച്ച സഹതാരത്തെ തെരഞ്ഞെടുത്തത്.

നിലവില്‍ സീരി എ ടീമായ കോമോ 1907ന്റെ പരിശീലകനായ ഫാബ്രിഗസ് ആഴ്‌സണല്‍, ചെല്‍സി, ബാഴ്‌സലോണ എന്നീ ക്ലബ്ബുകള്‍ക്കായും സ്പാനിഷ് ദേശീയ ടീമിനും വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്.

മെസിയല്ലാതെ താന്‍ ഗ്രൗണ്ട് പങ്കിട്ടതില്‍ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍, ഡിഫന്‍ഡര്‍, മിഡ് ഫീല്‍ഡര്‍, ഫോര്‍വേര്‍ഡ് താരങ്ങളെ കഉറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഫാബ്രിഗസ്.

‘ഗോള്‍കീപ്പറായി ഞാന്‍ ഐകര്‍ കസിയസിനെ തെരഞ്ഞെടുക്കും. ദേശീയ ടീമിനൊപ്പം ഞങ്ങള്‍ വളരെ മികച്ച നിമിഷങ്ങള്‍ പങ്കുവെച്ചിരുന്നു .

ഡിഫന്‍ഡറായി ഞാന്‍ കാര്‍ലോസ് പുയോളിനെയാണ് തെരഞ്ഞെടുക്കുക. കാരണം അദ്ദേഹം ഈ ലോകത്തിലെ ഏറ്റവും മികച്ച താരമായിരുന്നില്ല, പക്ഷേ അദ്ദഹത്തെ പോലെ ഡിഫന്‍ഡ് ചെയ്യാനിഷ്ടപ്പെടുന്ന താരങ്ങളെ ഞാനിപ്പോള്‍ വല്ലാതെ മിസ് ചെയ്യുന്നു. ഗോള്‍ സേവ് ചെയ്യനായി അവര്‍ ഏതറ്റം വരെയും പോകുന്നു. അവര്‍ യഥാര്‍ത്ഥ യോദ്ധാക്കളാണ്.

ഡിഫന്‍ഡിങ്ങിന്റെ കാര്യമെടുക്കുമ്പോള്‍ അദ്ദേഹം ഒരു ധീരനായ യോദ്ധാവാണ്, വളരെ മികച്ച ക്യാപ്റ്റനാണ്, എല്ലാത്തിലുമുപരിയായി അദ്ദേഹം വളരെ മികച്ച ഒരു ടീം പ്ലെയറാണ്. ഞാന്‍ പുയോളിനെ തന്നെ തെരഞ്ഞെടുക്കും.

മിഡ്ഫീല്‍ഡറെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ആന്ദ്രേ ഇനിയേസ്റ്റയ്‌ക്കൊപ്പമാണ്. സാവി, ഡേവിഡ് സില്‍വ, പാട്രിക് വിയേറ, ഗില്‍ബെര്‍ട്ടോ സില്‍വ, തുടങ്ങി നിരവധി മികച്ച താരങ്ങള്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് ഇനിയേസ്റ്റയാണ് കംപ്ലീറ്റ് പ്ലെയര്‍.

തിയറി ഹെന്റിയെയാണ് ഞാന്‍ (ഫോര്‍വേര്‍ഡായി) തെരഞ്ഞെടുക്കുന്നത്. കളിക്കളത്തില്‍ വളരെ ഡോമിനന്റായ താരമായിരുന്നു അദ്ദേഹം. തന്റേതായ ദിവസങ്ങളില്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല, ചിലപ്പോള്‍ അത്രകണ്ട് ഫോം അല്ലാത്ത സമയങ്ങളിലും.

ചില ഡിഫന്‍ഡര്‍മാര്‍, ചില മികച്ച ഡിഫന്‍ഡര്‍മാര്‍, ചില പ്രതിഭാശാലികളായ ഡിഫന്‍ഡര്‍മാര്‍, ഹെന്റിയെ തടഞ്ഞുനിര്‍ത്താന്‍ എന്തുചെയ്യണമെന്ന് അവര്‍ക്കുപോലും അറിയില്ല,’ ഫാബ്രിഗസ് പറഞ്ഞു.

സ്പാനിഷ് ദേശീയ ടീമില്‍ 74 മത്സരത്തിലാണ് ഫാബ്രിഗസ് കസിയസിനൊപ്പം കളത്തിലിറങ്ങിയത്. പുയോളും ഇനിയേസ്റ്റയും സ്പാനിഷ് ടീമില്‍ മാത്രമല്ല കറ്റാലന്‍മാരുടെ പടകുടീരത്തിലും ഫാബ്രിഗസിനൊപ്പമുണ്ടായിരുന്നു. ഇരുവര്‍ക്കൊപ്പവും 187 മത്സരത്തിലാണ് (സ്‌പെയ്‌നിനും ബാഴ്‌സക്കും വേണ്ടി) താരം പന്തു തട്ടിയത്.

ഗണ്ണേഴ്‌സിനൊപ്പം കളത്തിലിറങ്ങിയപ്പോഴാണ് ഹെന്റിയും ഫാബ്രിഗസും ഒന്നിച്ചത്. 100 മത്സരങ്ങള്‍ ഇവരൊന്നിച്ച് പീരങ്കിപ്പടയ്ക്കായി കളിച്ചു.

Content Highlight: Cesc Fabrigas names his 4 best teammates besides Lionel Messi

We use cookies to give you the best possible experience. Learn more