തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ സിസേറിയന്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2016ലെ ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവുമധികം സിസേറിയനുകള്‍ നടക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ സര്‍ക്കാര്‍ ആശുപത്രികളിലെ സിസേറിയന്റെ നിരക്ക് 49% ആകുമ്പോള്‍ സ്വകാര്യ ആശുപത്രിയിലേത് 63% ആണ്.
സംസ്ഥാനത്ത് അടുത്തകാലത്തായി സിസേറിയന്‍ നിരക്ക് വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സിസേറിയന്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ ഉദ്യമമൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് നിലവിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ലോകാരോഗ്യ സംഘടന 10-15 ശതമാനം പ്രസവങ്ങള്‍ മാത്രമേ സിസേറിയന്‍ പാടുള്ളൂവെന്ന് നിര്‍ദേശിക്കുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇത് 50%ത്തോട് അടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ തന്നെ സ്വകാര്യ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ സിസേറിയനുകള്‍ നടക്കുന്നതെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.
ആരോഗ്യ വകുപ്പിന്റെ 2016ലെ കണക്കു പ്രകാരം പത്തനംതിട്ട ജില്ലയിലാണ് കേരളത്തില്‍ ഏറ്റവുമധികം സിസേറിയനുകള്‍ നടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം സ്വകാര്യ ആശുപത്രികളില്‍ 37 ശതമാനവും സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നതില്‍ 34 ശതമാനം പ്രസവങ്ങളും സിസേറിയനാണ്. സിസേറിയനുകളുമായി ബന്ധപ്പെട്ട കണക്കുകള്‍ തേടി സ്വകാര്യ ആശുപത്രികളെ സമീപിച്ചപ്പോള്‍ പലരും ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല എന്നാണ് അറിയിച്ചത്.
ആരോഗ്യ വകുപ്പിന്റെ 2016ലെ കണക്ക്
സ്വാഭാവികമായ പ്രസവം സാധ്യമല്ലാത്ത അവസരത്തില്‍ ഗര്‍ഭപാത്രം തുറന്ന് വയറുവഴി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയന്‍.
കുഞ്ഞിന്റെ സ്ഥിതിയില്‍ അസ്വാഭാവികത ഉണ്ടാവുക, കുഞ്ഞിന് അമിതഭാരം ഉണ്ടാവുക, ഇരട്ടക്കുട്ടികള്‍ ആവുക, പ്രസവ തീയതി കഴിയുക, പ്രസവത്തിനു മുമ്പായി ഗര്‍ഭാശയത്തിലെ അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് പൊട്ടിപ്പോവുക, കുഞ്ഞിന്റെ ദേഹത്തിലോ കഴുത്തിലോ പൊക്കിള്‍ക്കൊടി ചുറ്റിയിരിക്കുക, പ്ലാസന്റെ ഗര്‍ഭാശയത്തില്‍ താഴെയാകുക അമ്മയ്ക്കു ഹൃദൃസംബന്ധ രോഗം അഥവാ വര്‍ധിച്ച രക്തസമ്മര്‍ദ്ധം ഉണ്ടെങ്കില്‍, എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആണ് സാധാരണയായി സിസേറിയന്‍ അത്യാവശ്യമായി വരിക.
സിസേറിയന്‍ അനാവശ്യമായാണ് ചെയ്തെന്നു തെളിയിക്കാന്‍ പറ്റുന്ന സാഹചര്യത്തില്‍ നിയമസംരക്ഷണം തേടാവുന്നതാണ്. എന്നാല്‍ അതിനു തെളിവ് ശേഖരിക്കുക എന്നത് എളുപ്പമല്ല. സിസേറിയന്‍ നടത്തുതിനുള്ള സമ്മതപത്രം ഒപ്പിടുതിനു മുന്‍പായി ഗര്‍ഭിണിയെയും ഏറ്റവും അടുത്ത ബന്ധുക്കളെയും കാര്യകാരണം ബോധിപ്പിച്ചിരിക്കണം എന്ന നിര്‍ബന്ധമുണ്ട്.
ഇത്തരം സാഹചര്യങ്ങളിലാണ് സിസേറിയന്‍ ആവശ്യം എന്നിരിക്കെ സാമ്പത്തികമായ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി സിസേറിയന്‍ നടത്തുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഒക്ടോബറില്‍ പാലക്കാട് നടന്ന വനിത കമ്മീഷന്റെ സിറ്റിങ്ങില്‍ അധ്യക്ഷ എം. സി ജോസഫൈന്‍ സ്വകാര്യ ആശുപത്രികള്‍ സിസേറിയന്‍ പ്രോത്സാഹിപ്പിക്കുതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഒരു ശരാശരി സ്വകാര്യ ആശുപത്രിയില്‍ സുഖപ്രസവവും സിസേറിയനും തമ്മില്‍ ചിലവില്‍ 20,000 രൂപ മുതല്‍ 50,000 രൂപ വരെ അന്തരം ഉണ്ട്. ഹോസ്പിറ്റലിന്റെ നിലയും അന്തസ്സും അനുസരിച്ചും മാറ്റങ്ങള്‍ ഉണ്ടാവുതാണ്. സാധാരണ പ്രസവത്തെ അപേക്ഷിച്ച് സിസേറിയന്‍ ചെയ്താല്‍ കൂടുതല്‍ ദിവസം തുടര്‍ചികിത്സയും ആശുപത്രിവാസവും നിര്‍ബന്ധമായിവരും. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികള്‍ സിസേറിയന്‍ പ്രോത്സാഹിപ്പിക്കുന്നതായി ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിനു പുറമേ ഡോക്ടര്‍മാരുടെ സൗകര്യങ്ങള്‍ മാനിച്ചും ആശുപത്രികള്‍ സിസേറിയന്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2011 ആലപ്പുഴയിലെ ചേര്‍ത്തല സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധി ലഭിക്കുന്നതിനായി 21 ഗര്‍ഭിണികളെ ഡോക്ടര്‍മാര്‍ കൂട്ട സിസേറിയന് വിധേയരാക്കിയതായി കണ്ടെത്തിയിരുന്നു.
തുടര്‍ച്ചയായി രണ്ടുദിവസം സമരം മുന്നില്‍ കണ്ടാണ് തനിക്ക് ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദേശിച്ചതെന്ന സംശയമാണ് കോഴിക്കോട് കല്ലായിയില്‍ നിന്നുള്ള അമ്മു ഡൂള്‍ന്യൂസിനോടു പങ്കുവെച്ചത്.
“എന്റെ ആദ്യത്തെ ഡെലിവറി തീയതിക്കു മുമ്പേ ആയിരുന്നു. മാര്‍ച്ചിലായിരുന്നു തീയതി. ഫെബ്രുവരിയില്‍ ചെക്കപ്പിനു പോയി. അതിന്റെ പിറ്റേന്നുമുതല്‍ രണ്ടു ദിവസം സമരമാണ്. സമരം ആണെങ്കില്‍ വന്നു പോകാന്‍ പറ്റില്ല, അപ്പോള്‍ അഡ്മിറ്റ് ആവാം എന്ന് ഡോക്ടര്‍ പറഞ്ഞു. നോര്‍മല്‍ ആയിരുന്നിട്ടും അവസാന നിമിഷം കുട്ടി തിരിഞ്ഞു കിടന്നു, പ്രശ്നമുണ്ട്, ഡിഗ്രി മാറിയാണ് വരുന്നത് എന്നു പറഞ്ഞു സിസേറിയനായി. ഒരുപക്ഷെ സമരം ഉള്ളതുകൊണ്ടായിരിക്കാം സിസേറിയന്‍ ചെയ്തതെന്നാണ് നമ്മള്‍ക്കു തോന്നിയതു,” അമ്മു പറയുന്നു.
പ്രസവവേദനയുടെ ഭീതിയും മറ്റും കാരണം സ്ത്രീകള്‍ സിസേറിയന്‍ തെരഞ്ഞെടുക്കുന്ന സാഹചര്യം കേരളത്തില്‍ കുറവല്ല എന്നാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ പറയുന്നത്.
2003ല്‍ ലോക ആരോഗ്യ സംഘടനയ്ക്കു വേണ്ടി ഡോ. ഹേമചന്ദ്രന്‍ നടത്തിയ പഠനത്തില്‍ പറയുന്നത് കേരളത്തിലെ സിസേറിയനുകളില്‍ ഭൂരിഭാഗവും വൈദ്യശാസ്ത്രസംബന്ധമല്ലാത്ത കാരണങ്ങള്‍ കൊണ്ടാണ് നടക്കുന്നതെന്നാണ്. അതില്‍ തന്നെ സ്ത്രീകള്‍ സിസേറിയന്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ സുരക്ഷിതവും വേദനാരഹിതവും ആണെന്ന വിശ്വാസം കൊണ്ടാണ്.”
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള ഈ പഠനം പ്രസവസമയവും പ്രസവരീതിയും തമ്മില്‍ ഒരു കൗതുകകരമായ ബന്ധം കണ്ടുപിടിച്ചു. “ആകെ നടക്കുന്ന സുഖപ്രസവങ്ങളില്‍ 60.2 ശതമാനവും രാവിലെ അഞ്ചു മണിക്കും വൈകുന്നേരം അഞ്ചു മണിക്കും ഇടയിലാണ് സംഭവിക്കുന്നത്, ആകെ നടക്കുന്ന സിസേറിയനുകളില്‍ 79 ശതമാനവും നടക്കുന്നതും ഇതേ സമയത്തു തന്നെ.
വൈകുന്നേരം അഞ്ചിനും രാവിലെ അഞ്ചിനും ഇടയില്‍ നടക്കുന്ന സുഖപ്രസവങ്ങള്‍ 39.8 ശതമാനവും, സിസേറിയന്‍ 21 ശതമാനവുമാണ്. അസമയത്തെ ജോലി ഒഴിവാക്കാന്‍ വേണ്ടിയാണ് ഡോക്ടര്‍മാര്‍ സിസേറിയന്‍ ചെയ്യുന്നതെന്ന് ആരോപണമുണ്ട്. രാത്രികാലങ്ങളില്‍ ഉണ്ടാവുന്ന അനസ്തറ്റിസ്റ്റുകളുടെ അഭാവവും പകല്‍ സമയങ്ങളില്‍ സിസേറിയന്‍ ചെയ്യുന്നതിന് ഒരു കാരണമാണ്. സാമ്പത്തികശേഷി നോക്കി സിസേറിയന്‍ നിശ്ചയിക്കുന്നതായും കണ്ടെത്തി.
2010ല്‍ സാമ്പത്തിക വിദഗ്ധ സഞ്ചിത ഘോഷ് രാജ്യത്തെ വര്‍ധിച്ചു വരുന്ന സിസേറിയനുകളെ കുറിച്ച് നടത്തിയ പഠനത്തിലും പറയുന്നത് വൈദ്യശാസ്ത്രസംബന്ധമല്ലാത്ത കാരണങ്ങളാണ് മിക്ക സിസേറിയനുകള്‍ക്കും പിന്നിലെന്നാണ്.
പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള അമ്മമാരാണ് സിസേറിയന്‍ തിരഞ്ഞെടുക്കുന്നതില്‍ ഭൂരിപക്ഷവും. ഒരുപക്ഷെ സ്വന്തം ആരോഗ്യത്തെ കുറിച്ച് അവബോധം ഉള്ളതുകൊണ്ടും, സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ളതു കൊണ്ടുമാണ് അങ്ങനെ സംഭവിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
പലപ്പോഴും വേദന ഭയന്നും, മുഹൂര്‍ത്തം തിട്ടപ്പെടുത്താന്‍ വേണ്ടിയും സിസേറിയനു വേണ്ടി ഡോക്ടറോട് ആവശ്യപ്പെടുന്ന സാഹചര്യവും കുറവല്ല. കുട്ടിയുടെ നക്ഷത്രം തിട്ടപെടുത്താന്‍ വേണ്ടി ജ്യോതിഷന്‍ പറഞ്ഞുറപ്പിച്ച സമയത്തു ശസ്ത്രക്രിയ ചെയ്യാന്‍ ആവശ്യപെടുന്നവരുടെ എണ്ണവും കുറവല്ലെന്ന് സഞ്ചിത ഘോഷ് പറയുന്നു.
“സിസേറിയന്റെ ഭവിഷ്യത്തുകളെ കുറിച്ച് വ്യക്തമായ അവബോധം ഇല്ലാത്തതാണ് പലപ്പോഴും ഇങ്ങനെയുള്ള ശാഠൃങ്ങളിലേക്കു നയിക്കുന്നത്. നിയമപ്രകാരം കുഞ്ഞിന്റെ അമ്മ ആവശ്യപ്പെടുകയാണെങ്കില്‍ സിസേറിയന്‍ ചെയ്തു കൊടുക്കുക എന്നതു ഡോക്ടറുടെ ഉത്തരവാദിത്തമാണ്. ആ ആവശ്യം അമ്മ ഉന്നയിക്കുന്നതിനു മുമ്പ് അവര്‍ക്കു അതിന്റെ വരുംവരായ്കകളെ കുറിച്ചു ഡോക്ടര്‍ അവബോധം ഉണ്ടാക്കി കൊടുക്കേണ്ടതാണ്. മാതാവിനും കുടുംബത്തിനും കൃത്യമായതും ആവശ്യമായതുമായ അറിവുകള്‍ പകര്‍ന്നു കൊടുക്കുക എന്നത് ഡോക്ടറുടെ കടമയുടെ ഭാഗമാണ്. ” എന്നും അവര്‍ പഠന റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
എന്നാല്‍ വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടല്ല മിക്ക സിസേറിയനുകളും നടക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയാണ് വന്ധ്യതാ ചികിത്സയില്‍ വിദഗ്ധയും ഗൈനക്കോളജിസ്റ്റുമായ ഡോ. സന്ധ്യ കൃഷ്ണന്‍ “കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യമാണ് ഏറ്റവും പ്രധാനം. ഏതൊരു ഓപ്പറേഷനും ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളും റിസ്‌കും തന്നെ ആണ് സിസേറിയനിലും ഉള്ളത് എന്നിരിക്കെ നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രമാണ് സിസേറിയന്‍ ചെയ്യുന്നത്. 35 വയസ് പിന്നിട്ട സ്ത്രീകള്‍ക്ക് അവരുടെ ആരോഗ്യം മുന്‍ നിര്‍ത്തിക്കൊണ്ട് സിസേറിയന്‍ നിര്‍ദ്ദേശിക്കുന്നു. നൂറില്‍ ഒരാള്‍ മാത്രമേ നമ്മളോടു സിസേറിയന്‍ മതി എന്ന് ആവശ്യപ്പെടാറുള്ളു.” സന്ധ്യ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
അതേസമയം, സാധാരണ പ്രസവം പ്രോത്സാഹിപ്പിക്കണം എന്നത് ഒരു മൗലികവാദം പോലെ കൊണ്ടു നടന്നാല്‍ അത് ചില ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുമെന്ന് കോഴിക്കോട് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയും അഭിഭാഷകയുമായ ഡോ. ആതിര പറയുന്നു. പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ഒരു സംഭവത്തിന്റെ ഉദാഹരണം നിരത്തിയാണ് ആതിരയുടെ വാദം.
“രണ്ടു മാസം മുമ്പ് ഒരു സ്വകാര്യ ആശുപത്രിയില്‍ സുഖപ്രസവത്തിനു ശേഷം അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായ ഒരു സ്ത്രീയുടെ കുടുംബം മഹിളാഅസോസിയേഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ അവരെ സന്ദര്‍ശിച്ചു. വളരെ മെലിഞ്ഞു ഉയരം കുറഞ്ഞ ഒരു ചെറിയ പെണ്‍കുട്ടിയാണ്.
കുഞ്ഞിന് 4 കിലോയില്‍ കൂടുതല്‍ ഭാരം ഉണ്ടായിരുന്നു. നോര്‍മല്‍ കേസില്‍ നോര്‍മല്‍ ഡെലിവറി സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടെന്നു പറഞ്ഞു. ആ ആശുപത്രിയിലെ തന്നെ നേഴ്സ് കൂടി ആണ് ഈ പെണ്‍കുട്ടി. അവര്‍ തന്നെ നോര്‍മല്‍ ഡെലിവറിക്കു വേണ്ടി ശ്രമിച്ചു എന്നാണു ഡോക്ടര്‍ പറയുന്നത്, ബാക്കി എല്ലാ നോര്‍മല്‍ ഡെലിവെറിക്കുള്ള അടയാളങ്ങളും ഉണ്ടായിരുന്നു അതുകൊണ്ടു ശ്രമിച്ചു.
പക്ഷെ ലേബര്‍ റൂമിലേക്ക് നടന്നിട്ടു പോയ പെണ്‍കുട്ടി പ്രസവിച്ചു ഇത്ര ദിവസം കഴിഞ്ഞിട്ടും മലര്‍ന്നു കിടന്നിടത്തു നിന്ന് അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്. കുട്ടി പുറത്തേക്കു വരുന്ന അവിടെ ഒരു കാട്രിജും ബോണും ഉണ്ട്, അവ പരസ്പരം വിട്ടുപോയതാണ്. ഇനി
കൂടിച്ചേരണമെങ്കില്‍ അറസ്റ്റ് അല്ലാതെ മറ്റുവഴി ഇല്ലെന്നു ഹോസ്പിറ്റല്‍ പറയുന്നു.” ആതിര പറയുന്നു.
ആരോഗ്യ സംഘടനകളെല്ലാം നോര്‍മല്‍ ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്നു പറയുന്നു, അതിനനുസരിച്ചുള്ള ഒരു നിലപാട് എടുത്തു, അതിന്റെ ഭാഗമായി പറ്റിയ ഒരു കാര്യമാണ് ഇതെന്നും അവര്‍ ആരോപിക്കുന്നു.
എന്നാല്‍ സിസേറിയന്‍ പൂര്‍ണമായി ഒഴിവാക്കണമെന്നല്ല, മറിച്ച് അനാവശ്യമായ സിസേറിയനുകള്‍ ഒഴിവാക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.