[]തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സിസേറിയന്‍ പ്രസവങ്ങളുടെ നിരക്കില്‍ വന്‍ വര്‍ധന.
ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയില്‍ ഏറെയാണ് സംസ്ഥാനത്ത് പ്രസവ ശസ്ത്രക്രിയയെന്ന് പഠന റിപ്പോര്‍ട്ട്. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിന്റേതാണ് പഠനം.
റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ നൂറിലേറെ ഡോക്ടര്‍മാര്‍ക്ക് വകുപ്പു സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
അതേസമയം സ്വകാര്യ ആശുപത്രികളിലെ സിസേറിയന്‍ നിരക്ക് ഇതിനെക്കാള്‍ കൂടുതലാണെങ്കിലും കൃത്യമായ കണക്ക് ആരോഗ്യ വകുപ്പിന്റെ കൈവശമില്ല.
സിസേറിയനുകളുടെ എണ്ണം കൂടിയതോടെ ആരോഗ്യവകുപ്പ് നേരത്തെ മാര്‍ഗരേഖ കൊണ്ടുവന്നിരുന്നു. സുഖപ്രസവത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവത്കരണവും പരസ്യവും നല്‍കി ആരോഗ്യവകുപ്പ് ലക്ഷങ്ങള്‍ ചെലവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഇപ്പോള്‍ പല ആശുപത്രികളും സിസേറിയന്‍ പ്രോത്സാഹിപ്പിക്കുന്നത്.
കേരളത്തില്‍ മൂന്നു പ്രസവങ്ങള്‍ നടന്നാല്‍ അതിലൊന്ന് സിസേറിയനാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. പ്രസവ നിരക്കില്‍ 30.1 ശതമാനമാണ് വര്‍ധന. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തിലും 15 ശതമാനം കൂടുതലാണിത്.
ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമനുസരിച്ച് നൂറ് പ്രസവം നടക്കുമ്പോള്‍ 85 എണ്ണവും സുഖപ്രസവമായിരിക്കണം. എന്നാല്‍ കേരളത്തില്‍ നടക്കുന്ന സിസേറിയനുകളുടെ ശരാശരി 45 ശതമാനത്തോളമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ആലപ്പുഴ ജില്ലയിലാണ് സിസേറിയനുകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 30 ശതമാനത്തില്‍ താഴെ സിസേറിയന്‍ നിരക്കുള്ളതു വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ്.
നാലു ജില്ലകളില്‍ ഈ നിരക്ക് 50% കടന്നു. അഞ്ചു ജില്ലകളില്‍ 40 ശതമാനത്തിനു മുകളിലാണ്. എറണാകുളം പറവൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സിസേറിയന്‍ നിരക്ക് 69% ആണ്. ഇവിടെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് 66 ശതമാനമേയുള്ളൂ.
എല്ലാമാസവും നടക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സുകളില്‍ ശസ്ത്രക്രിയകളുടെ എണ്ണം കുറയ്ക്കണമെന്ന് നിര്‍ദേശം വരാറുണ്ടെങ്കിലും പാലിക്കപ്പെടാറില്ല
കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇവിടെ നടന്ന സിസേറിയനുകളുടെ എണ്ണം പരിശോധിച്ചാല്‍ 55 ശതമാനത്തിലധികം വരും.
ഡിസംബറിലെ 163 പ്രസവങ്ങള്‍ നടന്നപ്പോള്‍ 88 എണ്ണവും സിസേറിയനായിരുന്നു. ജനുവരിയിലെ 155 പ്രസവങ്ങളില്‍ 91ഉം ഫെബ്രുവരിയില്‍ 158ല്‍ 94 എണ്ണവും സിസേറിയനുകളിലൂടെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.