| Tuesday, 22nd May 2012, 6:31 pm

പാലിയേക്കര സമരം നൂറുദിനം പിന്നിടുമ്പോള്‍ ചില വസ്തുതകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

1
ഇന്ത്യ കണ്ടതില്‍ ഏറ്റവും നിഷ്ഠൂരനായ ഭരണാധികാരി

ഇന്ത്യ കണ്ടതില്‍ ഏറ്റവും നിഷ്ഠൂരനായ ഭരണാധികാരി ആരെന്ന ചോദ്യത്തിന് ഡോ: മന്‍മോഹന്‍ സിംഗ് എന്നാണ് ഉത്തരം. സാമ്രാജ്യത്ത അധിനിവേശത്തിനും കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ അക്രമാസക്ത വാഴ്ചയ്ക്കും സുഗമസഞ്ചാരം സാധ്യമാക്കുന്നതില്‍ മൃദുഭാഷിയായ മന്‍മോഹന്‍ പുലര്‍ത്തുന്ന കണിശതയും കൃതഹസ്തതയും ലോകമെങ്ങുമുള്ള സാമ്രാജ്യത്ത പാദസേവകരായ ഭരണാധികാരികള്‍ “കണ്ടുപഠിക്കേണ്ടതാണ്”. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ ഒടുവില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ തുടങ്ങിവെച്ചതും തുടര്‍ന്ന് അധികാരത്തിലേറിയ നരസിംഹറാവു തീവ്രമായി നടപ്പിലാക്കിയതുമായ ആഗോളീകരണ നയങ്ങള്‍ അതിന്റെ രാക്ഷസീയരൂപം പ്രാപിക്കുന്നത് റാവുഗവണ്‍മെന്റില്‍ ധനമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും മന്‍മോഹന്‍ അധികാരം കൈയ്യാളുമ്പോഴാണ്. ഇന്ത്യന്‍ സമ്പദ്ഘടനയെ സമ്പൂര്‍ണ്ണമായി കൈപ്പിടിയിലൊതുക്കാനും ധനകാര്യ അധിനിവേശത്തിന് കൈവഴികള്‍ തീര്‍ക്കാനും സാമ്രാജ്യത്ത ശക്തികള്‍തന്നെ നിശ്ചയിച്ചുറപ്പിച്ചതാണ് മന്‍മോഹന്റെ ധനമന്ത്രി-പ്രധാനമന്ത്രി പദവികള്‍. അന്താരാഷ്ട്രനാണയനിധിയുടെ ഈ മുന്‍ഉദ്യോഗസ്ഥന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയുടെ ഉറ്റചങ്ങാതിയായി വിശേഷിപ്പിക്കപ്പെടുന്നതില്‍ അത്ഭുതം കൊള്ളാനൊന്നുമില്ല. ഒന്നും രണ്ടും യു.പി.എ. സര്‍ക്കാരിന്റെ ഭരണകാലത്തുടനീളം വരുത്തിയ നവലിബറല്‍ പരിഷ്‌ക്കാരങ്ങളിലൂടെ രാജ്യത്തിന്റെ സമ്പത്തില്‍ വലിയൊരുപങ്കും ഏതാനും ശതകോടീശ്വരന്മാരുടെ പള്ളവീര്‍പ്പിച്ചു. ലോകജനസംഖ്യയുടെ ആറിലൊന്ന് വരുന്ന ജനവിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷവും പട്ടിണിയിലും തൊഴിലില്ലായ്മയിലും വലയുകയും അടിസ്ഥാനജീവിതാവശ്യങ്ങള്‍ പോലും നിര്‍വഹിക്കപ്പെടാതെ കെടുതി അനുഭവിക്കുകയും ചെയ്യുമ്പോഴാണ് ഇത്. രാജ്യത്തുടനീളം  അസമത്വവും  അസംതൃപ്തിയും തത്ഫലമായ സംഘര്‍ഷങ്ങളും പെരുകുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട വളര്‍ച്ചാനിരക്കുകള്‍ക്ക് സോപ്പുകുമിളകളുടെ ആയുസ്സേ കാണുന്നുള്ളു. കാര്‍ഷികപ്രതിസന്ധി രൂക്ഷമാവുകയും വ്യാവസായിക വളര്‍ച്ച പിന്നോട്ടടിക്കുകയും ചെയ്തു.    മന്‍മോഹന്‍സിംഗ് 1991 ല്‍  ധനമന്ത്രിപദവും 2004 ല്‍ പ്രധാനമന്ത്രിപദവും കൈയ്യാളിയതിന് ശേഷമാണ് സമസ്തമേഖലകളിലും സര്‍ക്കാരിനെ പിന്‍മടക്കി കോര്‍പ്പറേറ്റ് കുത്തകകളെ കുടിയിരുത്തുന്ന പ്രക്രിയ വ്യാപകമാകുന്നത്. പാശ്ചാത്യ സാമ്രാജ്യത്ത ശക്തികളുടേയും അവരുടെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര ധനകാര്യഏജന്‍സികളുടേയും തിട്ടൂരങ്ങള്‍ ചട്ടപ്പടി അനുസരിക്കലാണ് തന്റെ കര്‍ത്തവ്യമെന്ന് മന്‍മോഹന്‍ ദൃഢനിശ്ചിതനാണ.് കോടിക്കണക്കായ മനുഷ്യരുടെ ഉപജീവനമാര്‍ഗ്ഗമായ ചില്ലറവ്യാപാരമേഖല കോര്‍പ്പറേറ്റ് കുത്തകകളുടെ യഥേഷ്ട വിഹാരത്തിന് തുറന്നുകൊടുക്കാനുള്ള തീരുമാനവും മന്‍മോഹന്‍ സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റയില്‍വേ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് റയില്‍വേ റഗുലേറ്ററി അതോറിറ്റി രൂപീകരണം. തന്ത്രപ്രധാനമായ മേഖലകളില്‍ നിന്നെല്ലാം നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന സര്‍ക്കാര്‍ രാജ്യസുരക്ഷിതത്വത്തിനും സുസ്ഥിര സമ്പദ്‌വ്യവസ്ഥക്കും പുല്ലുവില കല്‍പ്പിക്കുകയാണ്. റോഡുള്‍പ്പെടെയുള്ള പശ്ചാത്തലസംവിധാനവികസനം പൂര്‍ണ്ണമായും സ്വകാര്യമേഖലയ്ക്ക് കൈമാറിയിരിക്കുന്നു. കുടിവെള്ളവിതരണരംഗത്തെ സ്വകാര്യവത്ക്കരിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലും റഗുലേറ്ററി അതോറിറ്റിക്ക് രൂപം നല്കുന്നുണ്ട്. അമ്പരിപ്പിക്കുന്ന അഴിമതിക്കഥകളാണ് യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന ഓരോ ദിവസവും പുറത്തുവരുന്നത്. കോമണ്‍വെല്‍ത്തിനും 2ജി സ്‌പെക്ട്രത്തിനും പിറകെ കരസേനാ മേധാവി വി.കെ സിങ് തുറന്നുവിട്ട അപ്രതീക്ഷിത കുഴപ്പങ്ങളുടെ “പാന്‍ഡോരപ്പെട്ടി”പ്രതിരോധ മന്ത്രാലയത്തേയും മന്ത്രിയേയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. പ്രതിരോധ ഇടപാടില്‍ അനധികൃതമായി കൂട്ടുനിന്നാല്‍ കോടികളുടെ കോഴപ്പണം നല്കാമെന്ന വാഗ്ദാനം ചൂടോടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തലക്ക് കൈ കൊടുത്ത് വര്‍ഷമൊന്ന് അനങ്ങാതെ അടയിരുന്ന “ആദര്‍ശധീരനായ” പ്രതിരോധമന്ത്രി ആന്റണി മന്‍മോഹന്‍ ഭരണകൂടത്തിന് എന്തുകൊണ്ടും ഭൂഷണം തന്നെ. ഭരിക്കുന്നത് കോണ്‍ഗ്രസ്സും നേതൃത്വം മന്‍മോഹനുമാകുമ്പോള്‍ അഴിമതിയും കെടുകാര്യസ്ഥതയുമെല്ലാം അധികയോഗ്യതകള്‍തന്നെ; ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് മന്ത്രിസഭയില്‍ ജയില്‍വകുപ്പ് മന്ത്രിയായി ടിയാന്‍ തെരഞ്ഞെടുത്തത് ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ നിരവധി തവണ ജയില്‍വാസമനുഷ്ഠിച്ച് കുപ്രസിദ്ധനായ ഒരു ക്രിമിനലിനെയാണ് എന്നതുപോലെ..

2
ഇളവുകളും സൗജന്യങ്ങളും എന്ന തട്ടിപ്പ്

പ്രദേശത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സി.പി.ഐ (എം) നടത്തുന്ന മറ്റൊരഭ്യാസമാണ് തങ്ങളുടെ ശ്രമഫലമായി ഇളവുകളും സൗജന്യങ്ങളും അനുവദിക്കാന്‍ കമ്പനിക്കാര്‍ ബാധ്യസ്ഥരായി എന്ന വാദം. കാരണം ദേശീയ പാതാ അതോറിറ്റിയുടെ ആക്റ്റില്‍ തന്നെ (NHAI Act Page No:39) ബി.ഒ.ടി റോഡ് വികസനം നടപ്പിലാക്കുന്ന പ്രദേശങ്ങളില്‍ അന്നാട്ടുകാര്‍ക്ക് നിര്‍ബന്ധമായും അനുവദിക്കേണ്ട ഇളവുകളെക്കുറിച്ചും സൗജന്യങ്ങളെപ്പറ്റിയും കൃത്യമായ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. നിയമപരമായി അവ അനുസരിക്കാന്‍ കമ്പനിക്കാര്‍ ബാധ്യസ്ഥരുമാണ്. അങ്ങനെയിരിക്കേ തങ്ങളുടെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായി പണിപ്പെട്ട് കമ്പനിക്കാരെക്കൊണ്ട് സമ്മതിപ്പിച്ചെടുത്തതാണ് പ്രദേശവാസികള്‍ക്ക് നല്കിയ ഇളവുകളും സൗജന്യങ്ങളും എന്ന വാദം പാവങ്ങളെ പറ്റിക്കാനേ കൊള്ളൂ. “ആഗോളവത്ക്കരണം പുതുക്കാട് മണ്ഡലത്തിലേയ്ക്ക് പ്രവേശിയ്ക്കാതിരിക്കാന്‍”പെടാപ്പാട് പെടുന്ന സി. രവീന്ദ്രനാഥന്‍ എം.എല്‍. എയുടെ ക്രാന്തദൃഷ്ടിയില്‍ പ്രസ്തുത നിയമം പെടാതിരിക്കില്ലല്ലോ. ചഒഅക  അര േവായിച്ചുനോക്കുന്ന ആര്‍ക്കും സി.പി.ഐ.എമ്മിന്റേയും സി. രവീന്ദ്രനാഥ് എം.എല്‍.എയുടേയും ഈ തട്ടുപൊളിപ്പന്‍ വാദത്തിന്റെ പൊള്ളത്തരം ബോധ്യപ്പെടും. എന്നാല്‍ ഇത്തരം സൗജന്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മറച്ചുവക്കപ്പെടുന്ന അപകടങ്ങള്‍ നിരവധിയാണ്. ടോള്‍ പ്ലാസ പ്രദേശത്തെ ഇന്ധനവിലയില്‍ വന്ന വര്‍ദ്ധനവാണ് ഒന്ന്. ടോള്‍ പ്ലാസ കടന്നുവരുന്ന വാഹനങ്ങളില്‍ ചുമത്തുന്ന അതിഭീമമായ ചുങ്കം മുഴുവന്‍ കടത്തിക്കൊണ്ടുവരുന്ന വസ്തുക്കളുടെ വിലയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതുവഴി നിത്യോപയോഗ സാധനങ്ങളിലും നിര്‍മ്മാണ സാമഗ്രികളിലും മറ്റ് ചരക്കുകളിലും ഉപഭോക്തൃ വസ്തുക്കളിലും ഭീമമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ അനുവദിക്കപ്പെട്ട ഇളവുകളും സൗജന്യങ്ങളും മറ്റൊരു രൂപത്തില്‍ അതിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന തോതില്‍ കവര്‍ന്നെടുക്കപ്പെടുന്ന അവസ്ഥയും ഉണ്ടാവുന്നു. കൂടാതെ പ്രാദേശികമായ ചെറുത്തുനില്പുകള്‍ ഇല്ലാതാക്കാന്‍ രൂപപ്പെടുത്തിയ ഇത്തരം നീക്കുപോക്കുകള്‍ വഴി കമ്പനിക്ക് വരുന്ന നഷ്ടം (?!) മുഴുവന്‍ സര്‍ക്കാര്‍ വഹിക്കണം എന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതായത് ടോള്‍പ്ലാസവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് പ്രദേശവാസികള്‍ അടക്കേണ്ട ചുങ്കം കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ട്. ഇത് ഓരോ മാസവും ഖജനാവിലുള്ള ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നെടുത്ത് സര്‍ക്കാര്‍ തന്നെ കമ്പനിക്കാര്‍ക്ക് കൈമാറും!! നമുക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ എല്ലാം നാം പണം കൊടുത്ത് കമ്പനിയില്‍ നിന്ന് കൈപ്പറ്റുകയാണ് എന്ന് ചുരുക്കം.

3
ലംഘിക്കപ്പെടുന്നത് അന്താരാഷ്ട്ര റോഡ് സുരക്ഷാ ചട്ടങ്ങള്‍

ദേശീയപാതാ വികസനം ബി.ഒ.ടി. കമ്പനികളെ ഏല്പിക്കുന്ന സര്‍ക്കാര്‍ അവര്‍ ലംഘിക്കുന്ന അന്താരാഷ്ട്ര റോഡ് സുരക്ഷാ ചട്ടങ്ങള്‍ക്കു നേരെ കണ്ണടക്കുന്നു. അങ്കമാലി-മണ്ണുത്തി പാതയില്‍ 27 ക്രോസ്സിങ്ങുകള്‍ ഉണ്ടെങ്കിലും അത് മുറിച്ചുകടക്കാനുള്ള സുരക്ഷാ നടപടികള്‍ ഒന്നും തന്നെയില്ല. ആളുകള്‍ സ്വയം രക്ഷിച്ചുകൊണ്ട് മറികടക്കണം എന്ന നിലയിലാണ് അവ നിര്‍മ്മിച്ചിരിക്കുന്നത്. 40 കിലോമീറ്ററിനുള്ളില്‍ ആകെയുള്ളത് 50 വഴിവിളക്കുകള്‍ മാത്രമാണ്. നിലവില്‍ ഉണ്ടായിരുന്നവ പാത വികസിപ്പിക്കുന്നതിനായി പിഴുതുമാറ്റുകയും ചെയ്തു. പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടങ്ങിയതിനുശേഷം ഈ 40 കിലോമീറ്ററിനുള്ളില്‍ ഇതിനകം 13 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടമരണങ്ങള്‍ നടക്കുന്ന ഭാഗമായി ഈ മേഖല മാറിയിട്ടുണ്ട്. മഴക്കാലമായാല്‍ മരണ സംഖ്യ ഇരട്ടിക്കുമെന്നാണ് റോഡിന്റെ കിടപ്പ് പറയുന്നത്. ദേശീയപാത രണ്ടു തട്ടായാണ് കിടക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല. മഴ കനത്താല്‍ രണ്ടുമൂന്നടി ഉയരത്തില്‍ വെള്ളം കെട്ടിക്കിടക്കും. ഇത് വാഹനങ്ങളുടെ നിയന്ത്രണം തെറ്റിക്കും.

4
ബി.ഒ.ടി. കമ്പനിയുടെ റോഡ് ഡിസൈന്‍

2006 വരെ റോഡ് നിര്‍മ്മിക്കാനും വികസിപ്പിക്കാനുമുള്ള ഡിസൈന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമുള്ള ഏജന്‍സികളെയാണ് ഏല്പിച്ചിരുന്നത്. ജനങ്ങളുടെ സുഗമമായ സഞ്ചാരം, ജനവാസകേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കല്‍ എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്കിയിരുന്നു. ഒരു ജനസമൂഹത്തിന്റെ ജീവിത പരിസരത്തെ സമഗ്രമായി കണ്ടുകൊണ്ടുവേണം ഡിസൈന്‍ എന്ന് പ്രത്യേക നിഷ്‌കര്‍ഷയും ഉണ്ടായിരുന്നു. 2006ല്‍ രംഗത്തെത്തിയ ഉആഎഛ (Design-Build-Finance- Operate) വ്യവസ്ഥയോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഡിസൈന്‍ കൂടി ബി.ഒ.ടി. കമ്പനികളെ ഏല്പിക്കാന്‍ തുടങ്ങി. പരമാവധി ലാഭം ഉണ്ടാക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ അവലംബിക്കാമോ അതെല്ലാം ഡിസൈനിന്റെ ഭാഗമായി മാറി. പാതയോരത്തെ വീടുകള്‍, സ്ഥാപനങ്ങള്‍, മറ്റുപാതകളില്‍ നിന്നുള്ള പ്രവേശനങ്ങള്‍ എന്നിവ ഒഴിവാക്കപ്പെട്ടു. പാതയോരത്തെ കേന്ദ്രീകരിച്ചുള്ള ചിതറിക്കിടക്കുന്ന കച്ചവടകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി ഒഴിച്ചുമാറ്റപ്പെട്ടു. സമാന്തര പാതകളെല്ലാം അടച്ചുകെട്ടി. ടോള്‍പ്ലാസയുടെ സ്ഥാനം നിര്‍ണ്ണയിക്കുന്നതിലും ഈ കച്ചവടലാക്കുണ്ട്. തൃശ്ശൂരില്‍ നിന്നും പാലക്കാട്ടു നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യാന്‍ യോഗ്യമായ മറ്റ് റോഡുകള്‍ ഇല്ലാത്തിടത്താണ് പ്ലാസ ഡിസൈന്‍ ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടില്‍നിന്ന് വാളയാര്‍ ചുരം കടന്നെത്തുന്ന വാഹനങ്ങള്‍ക്ക് പ്ലാസ കടക്കാതെ തെക്കന്‍ കേരളത്തിലേക്ക് പ്രവേശിക്കാന്‍ മറ്റൊരു വഴിയുമില്ല.

4
പാതകളില്‍ തുടങ്ങാന്‍ പാലങ്ങളില്‍ നിര്‍ത്തുന്നു

ചേറ്റുവ-കോട്ടപ്പുറം പാലങ്ങളിലെ ടോള്‍പിരിവ് നിര്‍ത്തി. 1986 സെപ്തംബര്‍ 13നായിരുന്നു ചേറ്റുവ പാലത്തിന്റെ ഉദ്ഘാടനം. 1987 ഏപ്രില്‍ മുതല്‍ സ്വകാര്യവ്യക്തികള്‍ക്ക് ടെണ്ടര്‍ നല്കി ചുങ്കം പിരിക്കുന്ന ഏര്‍പ്പാടും നിലവില്‍ വന്നു. പാലത്തിന്റെ നിര്‍മ്മാണത്തിന് ഒരു കോടി 59 ലക്ഷം രൂപയുടെ ടെണ്ടറായിരുന്നു ആദ്യം നല്കിയതെങ്കില്‍ ഉദ്ഘാടനച്ചെലവടക്കം കണക്കാക്കിയത് 4,01,17,000 രൂപയാണ്. 15 വര്‍ഷക്കാലമാണ് ടോള്‍ പിരിക്കുക എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 26 വര്‍ഷമാണ് കരാറുകാര്‍ പിരിവ് നടത്തിയത്. ദേശീയപാത 17ല്‍ ഓരോ സെക്കന്റിലും ഒന്നിലധികം വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. അതിന്റെ നാലിലൊന്ന് കണക്കാക്കിയാല്‍പോലും ചേറ്റുവ ടോളില്‍ നിന്ന് പ്രതിവര്‍ഷം 7 കോടി രൂപയെങ്കിലും പിരിച്ചെടുത്തിരിക്കും എന്ന് ഉറപ്പാണ്. ആ കണക്ക് വച്ച് മാത്രം നോക്കിയാല്‍ ഏകദേശം 182 കോടി രൂപയെങ്കിലും ഇക്കാലയളവുകൊണ്ട് സ്വകാര്യകരാറുകാര്‍ പിരിച്ചെടുത്തിരിക്കണം. എന്നാല്‍ വ്യക്തമായകണക്കുകള്‍ ഒന്നും തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്നില്ല. ആഴ്ചതോറും 3 ലക്ഷം രൂപയില്‍ കൂടുതല്‍ അടച്ച് കരാറുകാര്‍ പിരിവ് ഏറ്റെടുത്ത ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒത്തുകളിയും സര്‍ക്കാര്‍ നയവുമെല്ലാം ഇതിന്  കാരണമായിട്ടുണ്ട്. പ്രധാന രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഇതിന് കൂട്ടുനിന്നിട്ടുണ്ട്. അഞ്ചുകൊല്ലം മുമ്പ് ചേറ്റുവയിലെ ടോള്‍പിരിവ് നിര്‍ത്താനാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം നടന്നിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ജില്ലാകളക്റ്ററുടെ അദ്ധ്യക്ഷതയില്‍ കൂടിയ സര്‍വ്വകക്ഷിയോഗം ടോള്‍പിരിവ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്കിയിരുന്നതാണ്. ടോള്‍പിരിവ് തുടരുന്നത് തീര്‍ത്തും അന്യായവും അനാവശ്യവും ആണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ശുപാര്‍ശ. ആ യോഗത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ. കെ.വി. അബ്ദുള്‍ഖാദറും നാട്ടിക എം.എല്‍.എ. ടി.എന്‍. പ്രതാപനും പങ്കെടുത്തിരുന്നു. എന്നാല്‍ മൂന്നര വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണവും തുടര്‍ന്നുവന്ന യു.ഡി.എഫ് ഭരണവും ഈ ശുപാര്‍ശ അവഗണിച്ചു. കരാറുകാര്‍ക്ക് കൂട്ടുനിന്നതു വഴി കോടിക്കണക്കിന് രൂപ ഇവരുടെയെല്ലാം പോക്കറ്റുകളിലേക്ക് മറിഞ്ഞുകാണണം.

ദേശീയപാത 17 നവീകരിച്ച് 45 മീറ്ററില്‍ നാലുവരിപ്പാതയാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കുടിയിറക്ക്-സ്വകാര്യവത്കരണ വിരുദ്ധ സമിതി നേതൃത്വത്തില്‍ നടന്ന സമരപരമ്പരകളോടെ കുടിയൊഴിക്കലും റോഡ് സ്വകാര്യവത്കരണവും ചുങ്കപ്പിരിവുമെല്ലാം വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. 2011 ജൂണ്‍ മാസത്തില്‍ ദേശീയപാത 47ല്‍ പാലിയേക്കരയില്‍ സ്വകാര്യകമ്പനിയുടെ ടോള്‍പ്ലാസക്കെതിരെ സംയുക്ത സമരസമിതി നേതൃത്വത്തില്‍ സമരം മൂര്‍ച്ഛിച്ചതോടെ ചേറ്റുവയും കോട്ടപ്പുറവുമെല്ലാം സജീവ ചര്‍ച്ചാവിഷയങ്ങളായി. ചേറ്റുവയില്‍ സമരരംഗത്ത് നിലയുറപ്പിച്ചിരുന്ന പി.ഡി.പി അനിശ്ചിതകാല നിരാഹാരമടക്കമുള്ള പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോയി. നിരവധി സംഘടനകള്‍ ഈ സമരത്തോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തു വന്നു.  ഈ ഘട്ടത്തിലെല്ലാം നിശബ്ദത പാലിച്ച ഡി.വൈ.എഫ്.ഐ., യൂത്ത് കോണ്‍ഗ്രസ്സ് സംഘടനകള്‍ ഭരണതലത്തില്‍ ടോള്‍പിരിവ് നിര്‍ത്തലാക്കും എന്ന സൂചന ലഭിച്ചതോടെ പൊടുന്നനെ പ്രഹസന സമരങ്ങള്‍ നടത്തി. എന്തായാലും കരാറുകാരും ഉദ്യോഗസ്ഥരും മുഖ്യധാരാ രാഷ്ട്രീയകക്ഷികളുമെല്ലാംചേര്‍ന്ന് കാല്‍നൂറ്റാണ്ടിലേറെക്കാലം ജനങ്ങളോടു ചെയ്ത അനീതിക്കും ചുങ്കക്കൊള്ളക്കും അറുതി വരുന്നത് ഗുണകരം തന്നെ. പൊന്നാനിയിലെ ടോള്‍ ബൂത്ത് മുന്‍പേ തന്നെ നിര്‍ത്തലാക്കുകയും ചേറ്റുവയിലേയും കോട്ടപ്പുറത്തേയും ടോള്‍ബൂത്തുകള്‍ മാര്‍ച്ച്മാസത്തോടെ ഇല്ലാതാവുകയും ചെയ്തതോടെ നിലവില്‍ ദേശീയപാത 17ലൂടെ ടോള്‍ നല്കാതെ സഞ്ചരിക്കാം എന്ന് വരുന്നു. എന്നാല്‍ 1560 കിലോമീറ്റര്‍ ദേശീയപാതകളും ആദ്യഘട്ടമെന്ന നിലയില്‍ 1300 കിലോമീറ്റര്‍ സംസ്ഥാന-ജില്ലാ-ജണഉ റോഡുകളും ബി.ഒ.ടി അടിസ്ഥാനത്തില്‍ നവീകരിച്ച് ചുങ്കം പിരിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാലങ്ങളില്‍ ഒഴിവായ ബൂത്തിനെച്ചൊല്ലി അമിതമായി ആഹ്ലാദിക്കാന്‍ വകയില്ലാത്ത വിധം പാതകളിലെല്ലാം ടോള്‍ ബൂത്തുകള്‍ വരാനിരിക്കുന്ന സാഹചര്യമാണുള്ളത്. ജനദ്രോഹകരമായ ഈ സര്‍ക്കാര്‍നയത്തെ ചെറുത്തുതോല്പിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോട് ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്സ് തുടങ്ങിയ സംഘടനകള്‍ക്കുള്ള നിലപാട് വ്യക്തമാക്കിയാല്‍ കൊള്ളാം.

We use cookies to give you the best possible experience. Learn more