| Tuesday, 5th March 2024, 10:00 pm

'പത്തരമാറ്റ് ഒറിജിനലായ ഞാന്‍ തന്നെ പണിപ്പെട്ടാണ് ലോഗിന്‍ ചെയ്തത്'; സുക്കര്‍ബര്‍ഗിനെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെറ്റ പ്ലാറ്റ്‌ഫോമുകള്‍ തകരാറിലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളാല്‍ ആഘോഷം. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയതോടെ മെറ്റ സി.ഇ.ഒ സുക്കര്‍ബര്‍ഗിനെ ട്രോള്‍ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ആഘോഷിക്കുകയാണ്. സി.ഇ.ഒയുടെ അവസ്ഥയെ ഉപയോക്താക്കള്‍ നര്‍മപരമായി കൈകാര്യം ചെയ്യുകയും അതേസമയം ഒരു മണിക്കൂറിന് ശേഷം തിരിച്ചെത്തിയ ഇരു പ്ലാറ്റ്ഫോമുകളെയും കൈനീട്ടി സ്വീകരിക്കുകയും ചെയ്തു.

‘ഒരൊറ്റ ഫ്യൂസ് പോക്കില്‍ ലക്ഷക്കണക്കിന് വ്യാജ ഐഡികള്‍ ലോഗിന്‍ ചെയ്യാന്‍ പറ്റാതെ കുടുങ്ങി കിടക്കാനാണ് സാധ്യത. പത്തര മാറ്റ് ഒറിജിനലായ ഞാന്‍ തന്നെ ഒരുപാട് പണിപ്പെട്ടാണ് ഒരുവിധം ലോഗിന്‍ ചെയ്തു കയറിയത്. അകാല മരണം വരിച്ച വ്യാജന്മാര്‍ക്ക് നിത്യ ശാന്തി നേരുന്നു,’ എന്ന് സുക്കര്‍ബര്‍ഗ് പറയുന്നതിന് സമാനമായി നസറുദീന്‍ മണ്ണാര്‍ക്കാട് ഫേസ്ബുക്കില്‍ കുറിച്ചു.

‘സൂക്കറേ…കോടിക്കണക്കിന് ഇന്‍സ്റ്റഗ്രാം-ഫേസ്ബുക്ക് ആപ്പ് റിമൂവലുകള്‍, കോടിക്കണക്കിന് റീ-ഇന്‍സ്റ്റാലിങ്ങുകള്‍, പോക്കറ്റിലേക്ക് കോടിക്കണക്കിന് ഡോളര്‍, എന്തോന്നഡേയ് ഇതൊക്കെ,’ എന്ന് ഒരു ഉപയോക്താവ് മെറ്റ സി.ഇ.ഒയോട് ചോദിച്ചു.

ആളെ വട്ടം കറക്കിയിട്ട് അവിടെ ഇരുന്ന് ചിരിക്കുന്നോയെന്നും സുക്കര്‍ബര്‍ഗിനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അംബാനിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കാര്യമായി എന്തോ കഴിച്ചിട്ടുണ്ടെന്നും അതിന്റെ എഫക്റ്റില്‍ ഏതൊക്കെയോ വയറുകള്‍ വലിച്ചു ഊരിക്കാണുമെന്നും സോഷ്യല്‍ മീഡിയ പരിഹസിച്ചു.

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തകരാറിലായതോടെ എക്സിലെ ട്രെന്റിങ്ങും ഉയര്‍ന്നു. #facebook, #facebookdown തുടങ്ങിയ ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെന്‍ഡിങ് ആകുന്നുണ്ട്.

കൂടാതെ ഉപയോക്താക്കള്‍ മുഴുവനായും എക്സിലേക്ക് എത്തിയതിന്റെ കാരണം തങ്ങള്‍ക്കറിയാമെന്ന് ഇലോണ്‍ മസ്‌ക് പ്രതികരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ മുറിച്ചുമാറ്റിയത് ആഗോള ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലകളില്‍ തടസം സൃഷ്ട്ടിക്കുമെന്ന് ഹോങ് കോങ് ടെലികോംസ് കമ്പനി എച്ച്.ജി.സി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചിരുന്നു. മെറ്റ ഫ്‌ലാറ്റ്‌ഫോമുകളുടെ തകരാറിന് കാരണം ഇതാണോ എന്നതില്‍ വ്യക്തതയില്ല

കടലിനടിയിലെ നാല് കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവയ്ക്കിടയിലെ നാലിലൊന്ന് ട്രാഫിക്കുകളെയും ബാധിച്ചുവെന്ന് കമ്പനി അറിയിക്കുന്നു.

ആഘാതം കുറക്കുന്നതിനായി ട്രാഫിക് റി-റൂട്ട് ചെയ്യുകയാണെന്ന് കമ്പനി അറിയിച്ചു. ആരാണ് കേബിളുകള്‍ മുറിച്ചുമാറ്റിയതിന് പിന്നിലെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഹൂത്തികളാണ് കേബിളുകള്‍ തകര്‍ത്തതിന് പിന്നിലെന്ന് ഇസ്രഈല്‍ വാര്‍ത്താ മാധ്യമമായ ഗ്ലോബ്‌സ് ആരോപിച്ചു. അതേസമയം ഹൂത്തികളുടെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂത്തി ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

Content Highlight: CEO Zuckerberg reacts after the failure of Meta Platforms

We use cookies to give you the best possible experience. Learn more