| Monday, 15th April 2019, 3:16 pm

യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്; ആദിത്യനാഥിന്‍റെ വിലക്ക് ലീഗിനെതിരെയുള്ള വൈറസ് പരാമര്‍ശത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ആദിത്യനാഥിന് മൂന്ന് ദിവസത്തേക്കും മായാവതിക്ക് രണ്ടു ദിവസത്തേക്കുമാണ് വിലക്ക്. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും ഇവര്‍ക്ക് വിട്ടു നില്‍ക്കേണ്ടി വരും. നാളെ മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.

മുസ്‌ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശത്തിനാണ് ആദിത്യനാഥിനെതിരെ കമ്മീഷന്‍ നടപടി കൈക്കൊണ്ടത്. ‘കേരളത്തിലെ ഒരു സീറ്റില്‍ രാഹുല്‍ഗാന്ധി നടത്തിയ നോമിനേഷന്‍ റാലി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോണ്‍ഗ്രസ് കൊടികള്‍ക്ക് പകരം പച്ചക്കൊടികള്‍ മാത്രമാണ് അവിടെ നിങ്ങള്‍ക്ക് കാണാനായത്. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണ്’- എന്നായിരുന്നു നടപടിക്ക് കാരണമായ ആദിത്യനാഥിന്റെ പരാമര്‍ശം.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും യോഗി ആരോപിച്ചിരുന്നു. ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇന്ത്യന്‍ സെെന്യത്തെ മോദിയുടെ സെെന്യം എന്ന് വിശേഷിപ്പിച്ചതും യോഗിയെ വിവാദത്തിലാക്കിയിരുന്നു.

വൈറസ് പരാമര്‍ശത്തില്‍ യോഗിയ്ക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ ലീഗ് നേരത്തെ പരാതി നല്‍കിയിരുന്നു. ലീഗിനെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്ന നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുക, ഐപിസി 153 എ (മതസ്പര്‍ധ വളര്‍ത്തല്‍) വകുപ്പ് അനുസരിച്ച് കേസെടുക്കുക, പാക്കിസ്ഥാന്‍ ദേശീയപതാകയുമായി ചേര്‍ത്ത് ലീഗ് പതാകയെ ആക്ഷേപിക്കുന്നത് തടയുക, തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നടപടിയെടുക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.

കോണ്‍ഗ്രസിന് വോട്ടു ചെയ്ത് വോട്ടുകള്‍ വിഘടിപ്പിക്കാതെ ബി.എസ്.പി-എസ്.പി സഖ്യത്തിന് വോട്ടു നല്‍കാന്‍ സംസ്ഥാനത്തെ മുസ്‌ലിം വോട്ടര്‍മാരോട് ആവശ്യപ്പെട്ടതിനാണ് മായാവതിക്കെതിരെ കമ്മീഷന്‍ നടപടിയെടുത്തത്.

യോഗി ആദിത്യനാഥിനെതിരേയും മായാവതിക്കെതിരേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു നടപടിയാണ് കൈക്കൊണ്ടത് എന്ന് സുപ്രീം കോടതി ഇന്ന് കമ്മീഷനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടോ എന്ന കാര്യം സുപ്രീം കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ നാളെ കോടതിയില്‍ ഹാജരായി മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ സ്വീകരിക്കാന്‍ കഴിയുന്ന നടപടി വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ ഉപദേശക സ്വഭാവത്തില്‍ ഉള്ള നോട്ടീസ് അയക്കാന്‍ മാത്രം ആണ് അധികാരമെന്നും, തുടര്‍ച്ച ആയി പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ മാത്രം ആണ് പരാതി ഫയല്‍ ചെയ്യാന്‍ കഴിയുക എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നു.

മതം, ജാതി എന്നിവയുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് എതിരെ നടപടി വൈകരുത് എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചപ്പോഴായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ മാതൃക പെരുമാറ്റ ചട്ടത്തിന്റെ അപര്യാപ്ത ചൂണ്ടിക്കാട്ടിയത്.

We use cookies to give you the best possible experience. Learn more