| Wednesday, 9th October 2019, 8:45 pm

സുധാകരന്റെ 'പൂതന' പരാമര്‍ശത്തിന് ടിക്കാറാം മീണയുടെ 'ക്ലീന്‍ ചിറ്റ്'; സ്വയം പൂതനയാണെന്നു വ്യാഖ്യാനിച്ച് തന്നെ അപമാനിക്കുകയാണെന്നു മന്ത്രിയുടെ ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അരൂര്‍ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ‘പൂതന’ പരാമര്‍ശം നടത്തിയ മന്ത്രി ജി. സുധാകരന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ‘ക്ലീന്‍ ചിറ്റ്’. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം വസ്തുതാപരമായ റിപ്പോര്‍ട്ട് നല്‍കണമെന്നു മീണ ആലപ്പുഴ കളക്ടറോടു നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഭാഗത്തു തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയത്.

കളക്ടര്‍, എസ്.പി എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചെന്നും മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും മീണ വ്യക്തമാക്കി. യു.ഡി.എഫിന്റെയും ഷാനിമോളുടെയും പരാതികള്‍ക്കെതിരെ സുധാകരന്‍ കളക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതും മീണ പരിശോധിച്ചു.

ഷാനിമോളെയോ സ്ത്രീത്വത്തെയോ അപമാനിക്കുന്ന ഒന്നും പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പരാതിയിലുണ്ടായിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാനിമോളുടെ പേരോ അവര്‍ ഷാനിമോള്‍ ഉസ്മാന്‍ പൂതനയാണെന്നോ യു.ഡി.എഫ് സ്ഥാനാര്‍ഥി പൂതനയാണെന്നോ പറഞ്ഞിട്ടില്ലെന്നും പൂതനമാര്‍ക്കു ജയിക്കാനുള്ളതല്ല അരൂര്‍ മണ്ഡലം എന്നു പറഞ്ഞതിലൂടെ ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.

സ്വയം പൂതനയാണെന്നു വ്യാഖ്യാനിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും അനുയായികളും സത്യവിരുദ്ധമായ പ്രചാരണം നടത്തി തന്നെ അപമാനിക്കുകയാണെന്നും മന്ത്രി പരാതിയില്‍ ആരോപിക്കുന്നു.

‘പൂതന’ പ്രയോഗം സാഹിത്യാത്മക പരാമര്‍ശമാണെന്നു മന്ത്രി ഇ.പി ജയരാജന്‍ നേരത്തേ ന്യായീകരിച്ചിരുന്നു. പുരാണങ്ങളിലുള്ളതു സുധാകരന്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് ജി. സുധാകരന്‍ പറഞ്ഞത്.

തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ‘കഴിഞ്ഞ തവണ 38,000 വോട്ടിന് തോറ്റപ്പോഴും സി.ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ള പ്രചാരണം നടത്തുകയാണ്.

അരൂരില്‍ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോള്‍ ഉസ്മാന്‍ എങ്ങനെയാണ് വികസനം കൊണ്ടു വരിക.വീണ്ടും അരൂരില്‍ ഒരു ഇടതു എം.എല്‍.എ യാണ് വേണ്ടത്.’- സുധാകരന്‍ പറഞ്ഞു. സുധാകരന്റെ പ്രസ്താവന സി.പി.ഐ.എം തള്ളിയിരുന്നു.

We use cookies to give you the best possible experience. Learn more