കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ല; വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ടിക്കാറാം മീണ
D' Election 2019
കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ല; വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ടിക്കാറാം മീണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2019, 12:59 pm

തിരുവനന്തപുരം: കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇതു കുട്ടിക്കളിയല്ലെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ഞാനൊരു പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നയാളല്ല. എല്‍.ഡി.എഫ് നേതാക്കള്‍ക്ക് അതു നന്നായറിയാം. ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാണു നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നത്. നിയമനടപടിയുണ്ടായാല്‍ അതിനെ നേരിടും.’- സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

കേരളത്തിലെ ജനാധിപത്യ പ്രക്രിയ ശുദ്ധീകരിക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഏത് പാര്‍ട്ടി കള്ളവോട്ട് ചെയ്താലും നിയമം ഒരേ പോലെ നടപ്പിലാക്കും. തെറ്റു ചെയ്തവര്‍ ഏത് പാര്‍ട്ടിക്കാരാണെന്ന് ഞങ്ങള്‍ക്ക് നോക്കേണ്ട കാര്യമില്ല. നിയമം ശക്തമായി തന്നെ മുന്നോട്ടു പോകുമെന്നും മീണ പറഞ്ഞിരുന്നു.

നേരത്തെ സി.പി.ഐ.എമ്മിന്റെ പഞ്ചായത്തംഗം അടക്കം മൂന്ന് പേര്‍ പിലാത്തറയിലും കാസര്‍ഗോഡ് പുതിയങ്ങാടിയില്‍ മൂന്നു മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിലാത്തറയിലെ സംഭവത്തില്‍ ആരോപണ വിധേയരില്‍ നിന്ന് മൊഴിയെടുത്തില്ലെന്ന് ആരോപിച്ച് ടിക്കാറാം മീണയ്ക്കെകിരെ നിയമനടപടികളിലേക്ക് നീങ്ങാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയരുടെ മൊഴി തന്റെ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ കാട്ടിത്തരാന്‍ തയ്യാറാണെന്നും ടിക്കാറാം മീണ പ്രതികരിച്ചു.

നേരത്തെ ശബരിമല പ്രചരണ വിഷയമാക്കാനുള്ള ബി.ജെ.പി നിലപാടിനെതിരെയും ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെയും ടിക്കാറാം മീണ രംഗത്തെത്തിയിരുന്നു.