ന്യൂദല്‍ഹി: മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് ജസ്റ്റിസ് കെ.ജി ബാലകൃഷണനെ പുറത്താക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. സര്‍ക്കാര്‍ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു.[]
കെ.ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ചൂണ്ടികാട്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
കെ.ജി ബാലകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്നാണ് പ്രശാന്ത് ഭൂഷണ്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്.
ഈ ഹരജിയിന്‍മേല്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കൂടാതെ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ കേന്ദ്രമന്ത്രിസഭയുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണമാകാം എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനം വൈകിയതിനെതിരെ പ്രശാന്ത് ഭൂഷണ്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ ഇപ്പോഴത്തെ തീരുമാനം.