സ്റ്റോക്ക്‌ഹോം: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വരള്‍ച്ചയില്‍ അടിപതറുകയാണ് യൂറോപ്പിലെ കാര്‍ഷികരംഗം. ഉല്‍പാദനരംഗത്തില്‍ വന്നിട്ടുള്ള കനത്ത ഇടിവിനൊപ്പം വ്യാപകമായ നാശനഷ്ടവും കര്‍ഷകരെ പിടിച്ചുലച്ചിരിക്കുകയാണ്.
കന്നുകാലികളെ സംരക്ഷിക്കുന്നതിലും വളര്‍ത്തുന്നതിലുമാണ് കര്‍ഷകര്‍ പ്രധാനമായും വെല്ലുവിളി നേരിടുന്നത്. വരള്‍ച്ച മൂലം വൈക്കോലിലുണ്ടായ കുറവും കാലിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ദ്ധനവുമാണ് കര്‍ഷകര്‍ക്ക് വിനയായിരിക്കുന്നത്.
ഉത്തര യൂറോപ്പ് ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന വരള്‍ച്ച ശൈത്യകാലം ആകുമ്പോഴേക്കും കൂടുതല്‍ രൂക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്. ആ സമയത്ത് കന്നുകാലികള്‍ക്ക് ആവശ്യമായ ഭക്ഷണം കണ്ടെത്തുകയെന്നത് ഏറെ പ്രയാസകരമാകുമെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.
കശാപ്പുശാലകളിലേക്ക് എത്തുന്ന കന്നുകാലികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് യൂറോപ്പില്‍ ഉണ്ടായിരിക്കുന്നത്. ആവശ്യമായ കന്നുകാലി തീറ്റ നല്‍കാനാകാത്തത് കൊണ്ടാണ് പലരും കന്നുകാലികളെ കശാപ്പുശാലകള്‍ക്ക് വില്‍ക്കുന്നത്.
പടര്‍ന്നുപിടിച്ച കാട്ടുതീ മൂലം സ്വീഡനില്‍ വിളവെടുപ്പില്‍ 30% കുറവാണ് നേരിട്ടത്. ജര്‍മനിയിലും കാര്‍ഷികോല്‍പ്പാദനരംഗത്ത് 40% കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നെതര്‍ലന്‍ഡ്‌സിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വരള്‍ച്ച വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ വരും നാളുകളില്‍ കാര്‍ഷികരംഗം കൂടുതല്‍ ദുരിതത്തിലാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.