മുന്നാക്ക സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസാക്കി
national news
മുന്നാക്ക സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th January 2019, 10:39 pm

ന്യൂദല്‍ഹി: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണമനുവദിക്കുന്ന ബില്‍ രാജ്യസഭ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളിയ ശേഷം നടന്ന വോട്ടെടുപ്പില്‍ 172 അംഗങ്ങളില്‍ 165 പേര്‍ അനുകൂലമായി വോട്ട് ചെയ്തു. മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബടക്കം ഏഴു പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്‍ ഇന്നലെ ലോക്‌സഭ പാസാക്കിയിരുന്നു.

ബില്ലിനെ ലോക്‌സഭയില്‍ അംഗീകരിച്ച കോണ്‍ഗ്രസ് രാജ്യസഭയില്‍ ചര്‍ച്ചയ്ക്കിടെ ശക്തമായ വിമര്‍ശനമുന്നയിച്ചു. ബില്ലിനെ അനുകൂലിക്കുന്നുണ്ടെങ്കിലും കൊണ്ടുവന്ന രീതിയോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. വളരെ പ്രധാനപ്പെട്ട ബില്ലായിരുന്നുവെന്നും സെലക്ട് കമ്മിറ്റിയ്ക്ക് വിടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമ നടപ്പിലായാല്‍ കേന്ദ്ര-സംസ്ഥാന തൊഴില്‍ മേഖലകളില്‍ നടപ്പിലാവുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബില്ലിനെ സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ സംവരണം സ്വകാര്യ മേഖലയിലേക്ക് കൂടി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. സി.പി.ഐ.എമ്മും
സ്വകാര്യ മേഖലയിലും സംവരണമെന്ന് ആവശ്യപ്പെട്ടു.

190 മില്ല്യണ്‍ മുന്നോക്കക്കാര്‍ക്കാണ് ഈ 10 ശതമാനത്തിന്റെ ആനുകൂല്യം ലഭിക്കുക. തെരഞ്ഞെടുപ്പടുത്ത വേളയില്‍ സംവരണം ആവശ്യപ്പെടുന്ന പട്ടീദര്‍, ജാട്ടുകള്‍, ഗുജ്ജറുകള്‍, മറാത്ത വിഭാഗക്കാര്‍ എന്നിവരുള്‍പ്പെടുന്ന ഉന്നതജാതി സമുദായങ്ങളെ സംതൃപ്തിപ്പെടുത്താനാണ് ബി.ജെ.പി നിയമനിര്‍മ്മാണം കൊണ്ടു വന്നതെന്ന് വിമര്‍ശനം ഉണ്ടായിരുന്നു.