ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് കൂടുതല്‍ പേരുകള്‍ വെട്ടിമാറ്റുന്നു.
പുന്നപ്ര വയലാര്‍ രക്തസാക്ഷികളുള്‍പ്പടെയുള്ളവരുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഒരുങ്ങുന്നത്. വാഗണ്‍ ട്രാജഡി ഇരകളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ കുറിച്ചുള്ള വിശദാംശങ്ങളുള്ള അഞ്ചാം വാല്യം ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ വെട്ടിമാറ്റലുകള്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസറ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.
പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായ 46 പേരുടെയും, കാവുമ്പായി സമരവുമായി ബന്ധപ്പെട്ട കുമാരന്‍ പുള്ളുവന്‍, കുഞ്ഞിരാമന്‍ പുളുക്കല്‍, കരിവെള്ളൂരില്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ട 16കാരന്‍ കീനേരി കുഞ്ഞമ്പു എന്നിവരുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്നത്.
ഐ.സി.എച്ച്.ആര്‍ അംഗമായ സി.ഐ ഐസക് നാല് വര്‍ഷം മുമ്പ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ഇവര്‍ നയിച്ച സമരങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ലെന്നാണ് സി.ഐ ഐസകിന്റെ വാദം. സംഘപരിവാര്‍ സംഘടനയായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഉപാധ്യക്ഷനാണ് സി.ഐ ഐസക്.
1857 മുതല്‍ 1947 വരെ സ്വാതന്ത്ര്യസമരത്തില്‍ പ്രധാന പങ്ക് വഹിച്ചവരുടെ നിഘണ്ടുവാണ് സാംസ്‌കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നത്. മലബാര്‍ കലാപത്തിലെ പോരാളികളുടെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടേതടക്കം ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങളടങ്ങിയ ഭാഗം മന്ത്രാലയം വെബ് സൈറ്റില്‍നിന്ന് നീക്കിയത്.
ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പുറത്തിറക്കിയത്.
2018ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലബാര്‍ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു വിധ ബന്ധവുമില്ലെന്നും സംഘപരിവാര്‍ നേതാക്കളടക്കം വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടത്തുന്ന സമയത്ത് തന്നെയായിരുന്നു പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ വാരിയന്‍കുന്നത്തിന്റെ പേരും ഉള്‍പ്പെട്ടത്.
എന്നാല്‍ ഇതിന് പിന്നാലെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
മലബാര്‍ കലാപത്തില്‍ ഏര്‍പ്പെട്ടവര്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണെന്നും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നുമെന്നുമായിരുന്നു ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല പ്രതികരിച്ചത്.
അതിനിടെ സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവിലെ അഞ്ചാം വാല്യം പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് സി.പി.ഐ എം.പി ബിനോയ് വിശ്വം കത്ത് നല്‍കിയിട്ടുണ്ട്.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരേയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികളെ ഒഴിവാക്കിയത് ഇന്ത്യന്‍ ചരിത്രത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
‘ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് 2016 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ സ്വാതന്ത്ര്യസമരപോരാളികളെ വര്‍ഗീയവാദികളും ക്രിമിനലുകളുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയാണ്’, എന്നാണ് ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടിയത്
നേരത്തെ കേരളത്തിലെ എം.പിമാരുടെ യോഗത്തില്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക