| Thursday, 9th May 2019, 1:41 pm

'കേരളത്തോട് വിവേചനം കാണിക്കില്ല'; ദേശീയപാത മുന്‍ഗണന പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി ഗഡ്ഗരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയപാത വികസനത്തിന്റെ ഒന്നാം മുന്‍ഗണനാപ്പട്ടികയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി.

കേരളത്തോട് വിവേചനം കാണിക്കില്ലെന്നും കേരളത്തില്‍ കേരളത്തില്‍ ഭൂമി ഏറ്റെടുക്കലാണ് വിഷയമെന്നും ഗഡ്ഗരി പറഞ്ഞു.

ദേശീയപാത വികസനത്തില്‍ കേരളത്തിന് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പറഞ്ഞു. കേരളത്തിന് ഭയപ്പെടേണ്ട സാഹര്യം ഇല്ലെന്നും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുതി ദേശീയപാത വികസനം നടത്തുമെന്നും കണ്ണന്താനം പറഞ്ഞു.

കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെയുള്ള ദേശീയപാതയുടെ വികസനം ഒന്നാം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണന്താനം ഗഡ്ഗരിക്ക് കത്തയച്ചിരുന്നു.

സംസ്ഥാന വികസനത്തിന്റെ ചിറക് അരിയാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ ദേശീയപാത വികസനം തടസപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയപാതാവികസനം തടസ്സപ്പെടുത്തുന്ന തരത്തില്‍ സ്ഥലമെടുപ്പ് നടപടി നിര്‍ത്തിവയ്ക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി സുധാകരന്‍ നിതിന്‍ ഗഡ്കരിക്കും ദേശീയപാതാ അതോറിറ്റി തലവനും കത്തയച്ചിരുന്നു.

സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിച്ചതിനൊപ്പം തല്‍സ്ഥിതി തുടരണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കേരള വികസനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് കേന്ദ്രതീരുമാനം. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ വികസനം രണ്ടാം മുന്‍ഗണനാപ്പട്ടികയിലേക്ക് മാറ്റിയതിനാല്‍ രണ്ടുവര്‍ഷത്തേക്ക് തുടര്‍നടപടികളുണ്ടാവില്ല. മുടങ്ങിക്കിടന്ന ദേശീയപാതാവികസനം 2021ല്‍ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളെല്ലാം വേഗത്തില്‍ ചെയ്യുന്നുണ്ട്. ഇതെല്ലാം അട്ടിമറിക്കുന്ന കേന്ദ്രതീരുമാനം സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

വടക്കന്‍ ജില്ലകളില്‍ 80 ശതമാനവും തെക്കന്‍മേഖലയില്‍ 60 ശതമാനവും സ്ഥലമെടുപ്പ് പൂര്‍ത്തിയായി. പദ്ധതി വൈകിയാല്‍ ഭൂമിവില ഇനിയും വര്‍ധിക്കുന്നത് അധികബാധ്യത വരുത്തും. ഈസാഹചര്യത്തില്‍ കേന്ദ്രതീരുമാനം തിരുത്താന്‍ തയ്യാറാകണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ ദേശീയപാത വികസനത്തിന്റെ ഒന്നാം മുന്‍ഗണനാപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മെയ് ഒന്നിനാണ് സൂചന ലഭിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more