വയനാട് ദുരന്തത്തില്‍ കേരളസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേന്ദ്രം ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു; ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട്
India
വയനാട് ദുരന്തത്തില്‍ കേരളസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേന്ദ്രം ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു; ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 2:55 pm

ന്യൂദല്‍ഹി: 300ല്‍ അധികം പേര്‍ മരണപ്പെടുകയും 200ലേറെപ്പെരെ കാണാതാവുകയും ചെയ്ത വയനാട് ദുരന്തത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശാസ്ത്രജ്ഞരെ ചുമതലപ്പെടുത്തിയതായി ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട്.

പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ എഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിരവധി ശാസ്ത്രജ്ഞരെ സമീപിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത്തരത്തില്‍ വിമര്‍ശനാന്മക ലേഖനങ്ങള്‍ എഴുതി നല്‍കാന്‍ ആവശ്യമായ പഴയ പത്രവാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പി.ഐ.ബി ശാസ്ത്രജ്ഞര്‍ക്ക് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പി.ഐ.ബി യുടെ ഈ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്നാണ് സൂചന.

കഴിഞ്ഞ ദിവസം വയനാട് ദുരന്തത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കേന്ദ പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചതിന് പിന്നാലെയാണ് ന്യൂസ് മിനുട്ടിന്റെ റിപ്പോര്‍ട്ട്.

വയനാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടത്തിയ അനധികൃത ഖനനവും കൈയേറ്റവുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ദുരന്തമുണ്ടായതിന് പിന്നാലെ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു.

വയനാട് ഉരുള്‍പ്പൊട്ടലിന് മുന്‍പ് കേരളത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നായിരുന്നു അമിത് ഷായുടെ ആരോപണം. മുന്നറിയിപ്പ് ഉണ്ടായിട്ടും എന്തുകൊണ്ട് ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചില്ലെന്നും ഷാ ചോദിച്ചിരുന്നു.

എന്നാല്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായ അന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരു തവണ പോലും റെഡ് അലര്‍ട്ട് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോട് പ്രതികരിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയതിനെക്കാള്‍ എത്രയോ അധികം മഴയാണ് ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് വയനാട്ടില്‍ പെയ്തതെന്നും ഓറഞ്ച് അലേര്‍ട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും

അപകടം ഉണ്ടായ ദിവസം ആറ് മണിക്ക് മാത്രമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Content Highlight: Centrel Govt Approach Scintists to Criticise Kerala Government on Wayanad Landslide