'ഒരു കാരണവശാലും അതിര്‍ത്തി അടയ്ക്കരുത് '; കര്‍ണാടകയ്ക്ക് കേന്ദ്രത്തിന്റെ താക്കീത്; നടപടി കേരളത്തിന്റെ പരാതിയില്‍
India
'ഒരു കാരണവശാലും അതിര്‍ത്തി അടയ്ക്കരുത് '; കര്‍ണാടകയ്ക്ക് കേന്ദ്രത്തിന്റെ താക്കീത്; നടപടി കേരളത്തിന്റെ പരാതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th March 2020, 9:53 am

കാസര്‍ഗോഡ്: കേരള-കര്‍ണാടക അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. ഒരു കാരണവശാലും സംസ്ഥാനങ്ങള്‍ അതിര്‍ത്തി അടക്കരുതെന്നും എത്രയും പെട്ടെന്ന് വിഷയത്തില്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കര്‍ണാടകയോട് ആവശ്യപ്പെട്ടു.

വിഷയത്തില്‍ ചര്‍ച്ച നടത്തണമെങ്കില്‍ ആവാം. പക്ഷേ ചികിത്സയ്ക്കും ചരക്കുവാഹനങ്ങളുടെ സുഗമമായ പോക്കിനും തടസ്സം സൃഷ്ടിക്കാന്‍ പടാില്ല.

സംസ്ഥാനങ്ങള്‍ അതിര്‍ത്തി അടക്കാന്‍ പാടില്ല. ചരക്കുനീക്കം തടസ്സപ്പെടുത്തുന്ന നടപടികളില്‍ നിന്ന് കര്‍ണാടക പിന്‍മാറണമെന്നും കേന്ദ്രം പറഞ്ഞു. നടപടി ഉറപ്പാക്കാന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ചുമതലപ്പെടുത്തുകയും ചെയ്തു.

കര്‍ണാടകത്തിനെതിരെ കേരളം നല്‍കിയ പരാതിയിലാണ് നടപടി.

കര്‍ണാടക അന്തര്‍സംസ്ഥാന നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആയിരുന്നു കേരളം സമീപിച്ചത്.

കര്‍ണാടകം, കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചിടുകയാണെന്നും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുകയാണെന്നും കേരളം ചൂണ്ടിക്കാണിച്ചു.

ലോറിയുമായെത്തിയവരെ 24 മണിക്കൂറായി തടഞ്ഞുവെച്ചിരിക്കുകയാണ്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന് ലോറി തൊഴിലാളികള്‍ പറയുന്നു. കേരളത്തിലേക്കുള്ള പച്ചക്കറിയുമായി 80 ലോറികളാണ് അവിടെ കുടുങ്ങിയിരിക്കുന്നത്.

മാക്കൂട്ടം ചുരം വഴി കേരളത്തിലേക്കുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായിം നിലച്ച മട്ടാണ്. ഇതോടെ കണ്ണൂര്‍ ജില്ലയിലേക്കുള്ള ചരക്ക് നീക്കം നിലച്ചിരുന്നു.

മാക്കൂട്ടം ചുരം റോഡ് മണ്ണിട്ടാണ് കര്‍ണാടകം അടച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമായാണ് കേരളവുമായുള്ള അതിര്‍ത്തികള്‍ കര്‍ണാടകം മണ്ണിട്ട് അടച്ചത്.

കാസര്‍കോടും കൂട്ടുപുഴയില്‍ കേരളാ അതിര്‍ത്തിയിലേക്ക് കടന്നുകൊണ്ടുമാണ് കര്‍ണാടക മണ്ണിട്ടിട്ടുള്ളത്. കര്‍ണ്ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചതായും മണ്ണ് മാറ്റാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ അതിര്‍ത്തികള്‍ അടച്ചുകൊണ്ടുള്ള മണ്ണ് നീക്കം ചെയ്യില്ലെന്ന നിലപാടിലായിരുന്നു കര്‍ണാടക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ