ന്യൂദൽഹി: ദേശീയ പരീക്ഷ ബോർഡ് നീറ്റ് പി.ജി പരീക്ഷ പുനർക്രമീകരിക്കാൻ ഒരുങ്ങുന്നു. പുതിയ തീയ്യതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
അതോടൊപ്പം നീറ്റ് വിവാദത്തെ തുടർന്ന് മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ എൻ.ടി.എ പുറത്ത് വിട്ടു. സംയുക്ത സി.എസ്. ഐ. ആർ യു.ജി.സി-നെറ്റ് ജൂലൈ 25 മുതൽ 27 വരെ നടത്തും, മാറ്റിവച്ച യു.ജി.സി നെറ്റ് ഓഗസ്റ്റ് 21നും സെപ്റ്റംബർ 8നും ഇടയിൽ നടക്കും.
ഈ പരീക്ഷകൾ പരമ്പരാഗത പേന-പേപ്പർ രീതിക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് മോഡിൽ നടത്തും എന്നതാണ് ഈ വർഷത്തെ ഒരു പ്രധാന മാറ്റം.
കൂടാതെ എൻ.ടി.എ നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് 2024 ജൂലൈ പത്തിന് നടക്കും.
നീറ്റ് യു.ജി പരീക്ഷയിലെ പാളിച്ചയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. നീറ്റ് യു.ജി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ ഗ്രേസ് മാര്‍ക്ക് നൽകിയത് സംബന്ധിച്ചും വിവാദം ഉണ്ടായി.
ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ നിരവധി പേർക്കാണ് ഒന്നാംറാങ്ക് ലഭിച്ചത്. ഇത്രയേറെപ്പേര്‍ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാനയിലെ ഒരു സെന്ററിൽ നിന്നുമാത്രം ആറുപേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു. 2020-ല്‍ രണ്ടുപേര്‍ക്കും 2021-ല്‍ മൂന്നുപേര്‍ക്കും 2023-ല്‍ രണ്ടുപേര്‍ക്കുമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്.
ക്രമക്കേടിന് ഉത്തരവാദി എന്‍.ടി.എ എന്നാണ് മന്ത്രാലയം പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരീക്ഷ നടത്തിയെതെന്നും ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രീതി പതിവില്ലാത്തതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം കൂട്ടിച്ചേർത്തു.
Content Highlight: centrel changed neet exam in to online mode